Connect with us

Gulf

മിഠായിയില്‍ മയക്കുമരുന്ന് പോലീസ് നിഷേധിച്ചു

Published

|

Last Updated

ദുബൈ: മിഠായിയില്‍ മയക്കുമരുന്നിന്റെ അംശമുണ്ടെന്നത് ദുബൈ പോലീസ് നിഷേധിച്ചു. സാമൂഹിക മാധ്യമമായ വാട്‌സ്ആപിലാണ് സ്‌ട്രോബറി ക്വിക്ക് എന്ന മിഠായിയില്‍ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന പേരില്‍ പ്രചാരിപ്പിക്കപ്പെട്ടത്.
മിഠായിയില്‍ മയക്കുമരുന്ന് ഉണ്ടെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് ദുബൈ പോലീസ് മയക്കുമരുന്നു വിരുദ്ധ വിഭാഗം ഡയറക്ടര്‍ കേണല്‍ ഈദ് മുഹമ്മദ് താനി ഹാരിബ് വ്യക്തമാക്കി.
ഇക്കാര്യവുമായി ബന്ധപ്പെട്ട് ദുബൈയിലെ സ്‌കൂളുകളില്‍ നിന്ന് ഇതുവരെയും ഒരു പരാതിയും ലഭിച്ചിട്ടില്ല. എല്ലാ വര്‍ഷവും വിദ്യാലയങ്ങള്‍ തുറക്കുന്ന അവസരത്തില്‍ ഇത്തരത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന കിംവദന്തികള്‍ പതിവാണ്. ഇത്തരം സന്ദേശങ്ങളാല്‍ ഭയചകിതരാവുന്ന രക്ഷിതാക്കള്‍ തന്നെയാണ് ഇവ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടട്ടെയെന്ന ഉദ്ദേശത്തോടെ പങ്കുവെക്കുന്നത്. മിക്കപ്പോഴും ഇവയുടെ നിജസ്ഥിതിയെക്കുറിച്ച് യാതൊരു പരിശോധനയും നടക്കുന്നില്ല. ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ രക്ഷിതാക്കള്‍ അതിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കണം. അതിന് ശേഷമേ അവ ഷെയര്‍ ചെയ്യാവൂ.
വിദ്യാലയങ്ങളിലേക്ക് വിളിക്കുകയോ, മയക്കുമരുന്നു വിരുദ്ധ വിഭാഗത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 800400400ല്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
മിറാകുലിന്‍ എന്ന മിശ്രിതമാണ് ഇത്തരം മിഠായികളില്‍ ഉപയോഗിക്കുന്നതെന്ന് മുതിര്‍ന്ന ഫോറന്‍സിക് ടോക്‌സികോളജിസ്റ്റും ദുബൈ പോലീസ് ഫോറന്‍സിക്‌സ് സയന്‍സ് ആന്റ് ക്രിമിനോളജി വിഭാഗം ട്രെയിനിംഗ്, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടറുമായ ഡോ. ഫഊദ് തര്‍ബാഹും അഭിപ്രായപ്പെട്ടു.

 

Latest