Connect with us

Kerala

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്: ശബരിനാഥിന് 20 വര്‍ഷം തടവും 8.28 കോടി രൂപ പിഴയും ശിക്ഷ

Published

|

Last Updated

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരിനാഥിന് 20 വര്‍ഷം തടവും 8.28 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടു കേസുകളിലാണ് ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടിവരും. രണ്ടു കേസുകളിലേയും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.

ശബരിനാഥിനെതിരെ ഒമ്പത് കുറ്റപത്രങ്ങളിലായി 33 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ഏഴരക്കോടിയുടെ രണ്ട് തട്ടിപ്പുകേസുകളില്‍ ശബരിനാഥ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഈ കേസുകളിലാണ് ശിക്ഷ വിധിച്ചത്. ശബരിനാഥ് അടക്കം 20 പേര്‍ പ്രതികളായ രണ്ടുകേസുകളിലും ഒമ്പത് പേര്‍ സ്ത്രീകളാണ്.

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരീനാഥ് രണ്ടുവര്‍ഷം ഒളിവില്‍കഴിഞ്ഞു. പിന്നീട് 2014 ല്‍ തിരുവനന്തപുരം ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇരുന്നൂറു കോടി രൂപയാണ് ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്റെ ഉടമയായ ശബരീനാഥ് തട്ടിയെടുത്ത്. ചലച്ചിത്രതാരങ്ങള്‍, ബിസിനസുകാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലൂടെ പണം നഷ്ടമായത്.

Latest