Connect with us

Gulf

അബുദാബിയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി കുട്ടികള്‍ക്ക് പരിക്ക്

Published

|

Last Updated

അബുദാബി: തലസ്ഥാന നഗരിയിലെ ഖലീജ് അല്‍ അറബ് റോഡില്‍ നിന്ന് മുസഫ വ്യവസായ നഗരിയിലേക്കും താരിഫിലേക്കുമുള്ള തിരിവില്‍ മൂന്ന് സ്‌കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.

വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. വലിയ ഒരു ബസും മിനി ബസുകളുമാണ് അപകടത്തില്‍പ്പെട്ടത്. മിനി ബസുകളില്‍ ഒന്ന് പൂര്‍ണമായും വലിയ ബസും മറ്റൊരു മിനി ബസും ഭാഗികമായും തകര്‍ന്നു. പരുക്കേറ്റ വിദ്യാര്‍ഥികളെയും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരെയും അബുദാബി പോലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ ഓഫീസ് വാഹനങ്ങളുടെ തിരക്കേറിയ റോഡില്‍ വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

ഖലീജ് അല്‍ അറബ് റോഡിലെ പ്രധാന വ്യതിചലന പോയിന്റില്‍ സ്‌കൂള്‍ ബസുകള്‍ക്കു പിറകെ എത്തിയ ഏതാനും വാഹനങ്ങളും കൂട്ട ഇടിയില്‍ പെട്ടിട്ടുണ്ട്. സ്പീഡ് ട്രാക്കില്‍ നിന്ന് വലിയ ബസ് പെട്ടെന്ന് തിരിഞ്ഞതാണ് അപകട കാരണമെന്ന് കരുതുന്നു. മുസഫ, താരിഫ് ഭാഗത്തേക്കുള്ള റോഡു ഗതാഗതം സ്തംഭിച്ചതോടൊപ്പം ഖലീജ് അല്‍ അറബ് റോഡിലെ യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുന്നു. അപകടം സംബന്ധിച്ച് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. അബുദാബി പോലീസ് സംഭവ സ്ഥലത്ത് ജാഗ്രതാ മുന്‍കരുതല്‍ നടപടികളെടുത്തു.