ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റിന് ചൈനീസ് സര്‍ക്കാറിന്റെ ആദരം

Posted on: September 29, 2016 10:00 am | Last updated: September 29, 2016 at 10:00 am
SHARE

മലപ്പുറം: യുനെസ്‌കോ കണ്‍ഫൂഷ്യസ് അന്താരാഷ്ട്ര സാക്ഷരതാ അവാര്‍ഡ് ജേതാക്കളായ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റിന് ചൈനീസ് സര്‍ക്കാറിന്റെ ആദരം. ചൈനയിലെ പ്രശസ്ത അധ്യാപകനും തത്വ ചിന്തകനുമായ കണ്‍ഫൂഷ്യസിന്റെ പേരിലുള്ള യുനെസ്‌കോ അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ചൈനീസ് സര്‍ക്കാറാണ്. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറത്തിനു വേണ്ടി ചെയര്‍മാന്‍ പി വി അബ്ദുല്‍വഹാബ് എം പിയും ഡയറക്ടര്‍ വി ഉമ്മര്‍കോയയും പുരസ്‌കാരം ഏറ്റുവാങ്ങി. ചൈന നാഷണല്‍ ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ലി ജിന്‍സാവോ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. യുണെസ്‌കോയുടെ അംഗീകാരം പാരീസിലെ യുണെസ്‌കോ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റ് ഭാരവാഹികള്‍ ഏറ്റുവാങ്ങിയിരുന്നു. മാനവ വിഭവ ശേഷി വിനിയോഗിക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ കാണിക്കുന്ന വൈദഗ്ധ്യമാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ പദ്ധതികള്‍ മലപ്പുറം പോലെ ഉയര്‍ന്ന ജനസംഖ്യയുള്ള ഒരു ജില്ലയില്‍ നടപ്പിലാക്കി വിജയിപ്പിക്കാന്‍ പ്രചോദനം നല്‍കിയതെന്ന് പി വി അബ്ദുല്‍വഹാബ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍പരമായ വൈദഗ്ധ്യം തീരെ ഉപയോഗിക്കാതിരിക്കുന്ന ജില്ലകളിലൊന്നായിരുന്നു മലപ്പുറം. അത് മനസിലാക്കി സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം കൈക്കൊണ്ട നടപടികളാണ് പദ്ധതിയുടെ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂണിറ്റ് ഡയറക്ടര്‍ വി ഉമ്മര്‍കോയ പദ്ധതി വിവരിച്ചു. നൂറിലേറെ പദ്ധതികളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റ് ജില്ലയില്‍ നടപ്പിലാക്കിയത്. മലപ്പുറം ജില്ലയുടെ കടലോര മേഖലയിലെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം.

LEAVE A REPLY

Please enter your comment!
Please enter your name here