കല്ലാച്ചിയില്‍ സംഘര്‍ഷം പടരുന്നു; വാഹനങ്ങള്‍ തകര്‍ത്തു, നിരവധി പേര്‍ക്ക് പരുക്ക്

Posted on: September 29, 2016 9:58 am | Last updated: September 29, 2016 at 9:58 am
SHARE

nadapuramനാദാപുരം: കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രകടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മേഖലയില്‍ വ്യാപക സംഘര്‍ഷം. തെരുവന്‍പറമ്പില്‍ ബൈക്ക് യാത്രികനെ തടയാന്‍ ശ്രമിച്ചവരെ നേരിടാനെത്തിയ പോലീസിന് നേരെ ഒരു സംഘം കല്ലേറ് നടത്തി. അക്രമത്തിനൊരുങ്ങിയ സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഒരു സംഘം ബൈക്ക് യാത്രക്കാരനെ അക്രമിക്കാന്‍ ശ്രമിച്ചത്. സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന പോലീസ് ഇവരെ വിരട്ടി ഓടിക്കുകയുണ്ടായി. ഇതിനിടെയാണ് പോലീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായത്.
രാവിലെ 10 മണിയോടെ കല്ലാച്ചി പെരുവങ്കരയില്‍ റോഡരികില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ബോംബ് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ് ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡ് ബോംബ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി.
അതിനിടെ, വിഷ്ണുമംഗലം പാലത്തോട് ചേര്‍ന്ന പെട്ടിക്കട ബുധനാഴ്ച പുലര്‍ച്ചെ രണ്ടേ മുക്കാലോടെ തീ വെച്ച് നശിപ്പിച്ചു. പെഞ്ചാന്തോളില്‍ ബാലന്റെ ഉടമസ്ഥതയിലുളളതാണ് പെട്ടിക്കട. ഒരാഴ്ച മുമ്പാണ് ഇയാള്‍ ബണ്ടിനോട് ചേര്‍ന്ന റോഡരികില്‍ കട തുടങ്ങിയത്. കട കുത്തി തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട് തീ കൊടുക്കുകയായിരുന്നു. ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.
ബുധനാഴ്ച വൈകുന്നേരം പുളിയാവ് നാഷണല്‍ കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് ജീപ്പില്‍ മടങ്ങി വരികയായിരുന്ന വിദ്യാര്‍ഥികളെ കല്ലുമ്മല്‍ പുളിയാവ് റോഡില്‍ വെച്ച് ഒരു സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുയും ജീപ്പ് തകര്‍ക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എളയടം സ്വദേശി പുത്തലത്ത് തേജസ്(19)അമ്പലകുളങ്ങര സ്വദേശി കുഴിയടിയില്‍ ജിനു(19), കക്കട്ടില്‍ സ്വദേശി ഷിബിന്‍, പയന്തോങ്ങ് സ്വദേശി കുഞ്ഞിപറമ്പത്ത് പ്രവീണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കല്ലാച്ചി പൈപ്പ് ലൈന്‍ റോഡില്‍ വെച്ച് ബൈക്കില്‍ വരികയായിരുന്ന കായക്കൊടി ചങ്ങരംകുളം സ്വദേശി വേണ്ടചാലില്‍ അഖിലേഷി (26)നെ മര്‍ദ്ദിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു. വലത് കൈ ഒടിഞ്ഞ നിലയില്‍ ഇയാളെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തില്‍ വെട്ടേറ്റ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ മകന്‍ നിഹാല്‍ ജിഫ്രീ തങ്ങള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടയില്‍ ചേലക്കാട് കാര്‍ അടിച്ച് തകര്‍ത്ത വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി ഐയും സംഘവും സഞ്ചരിച്ച വാഹനം തടയുകയും കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു. ഇതിനിടയില്‍ സി ഐയുടെ ജീപ്പിന്റെ പിന്‍ ഭാഗത്തെ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ത്തു. കല്ലാച്ചി ടാക്‌സി സ്റ്റാന്റിനടുത്ത പുറമേരി സര്‍വീസ് സഹകരണ ബേങ്കിന്റെ ജനല്‍ ചില്ലുകളും എറിഞ്ഞ് തകര്‍ക്കപ്പെട്ട നിലയിലാണ്.
ചേലക്കാട് ആള്‍ട്ടോ കാറിന്റെയും ജീപ്പിന്റെയും ചില്ലകള്‍ തകര്‍ക്കുകയുണ്ടായി. രാത്രി എട്ട് മണിയോടെ കുടുംബ സമേതം യാത്ര ചെയ്തവരുടെ കാറിന് നേരെയും കല്ലേറുണ്ടായി. കാറിന്റെ പിന്‍ ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. വാണിമേല്‍ പാലത്തിനടുത്ത കത്തര്‍കണ്ടി റിയാസും ഭാര്യയും കല്ലാച്ചി നിന്ന് വീട്ടിലേക്ക് വരുന്നതിനിടയില്‍ തെരുവന്‍പറമ്പ് പൂലാറോത്ത് മുക്കില്‍ വെച്ചാണ് അക്രമിക്കപ്പെട്ടത്. പയന്തോങ്ങ് ചിയ്യൂര്‍ റോഡില്‍ വെച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ മര്‍ദിച്ചു. വരിക്കേളി ഒമ്പത്കണ്ടം സ്വദേശി ചെമ്മത്തില്‍ ഫൈസലിനാണ് ഇന്നലെ രാത്രിയില്‍ മര്‍ദ്ദനമേറ്റത്. പയന്തോങ്ങില്‍ രാത്രി എട്ടരമണിയോടെ ഇന്നോവ കാറും അടിച്ച് തകര്‍ക്കുകയുണ്ടായി.പയന്തോങ്ങ് ചിയ്യൂര്‍ റോഡില്‍ വെച്ച് ബൈക്കില്‍ യാത്ര ചെയ്ത വെളളിയോട് കന്നുകുളം സ്വദേശികളായ കൂട്ടായ്ചാലില്‍ അഷ്‌കര്‍(24), വടക്കയില്‍ അജ്‌നാസ്(19) എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. പരുക്കേറ്റ ഇരുവരും നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി ഒമ്പത് മണിയോടെ ചേലക്കാട് തണ്ണീര്‍ പന്തല്‍ റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അജ്ഞാതര്‍ ബോംബേറിഞ്ഞു പരിഭ്രാന്തി പരത്തി.
മേഖലയില്‍ കണ്ണൂരില്‍ നിന്നുളള 75 കെ എ പി സേനാംഗങ്ങളും, മലപ്പുറം എം എസ് പി ബറ്റാലിയന്‍ അംഗങ്ങളും കോഴിക്കോട് റൂറലിലെ ആറ് പോലീസ് സ്‌റ്റേഷനില്‍ നിന്നായി 250ല്‍ അധികം പോലീസുകാരേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.