Connect with us

Kerala

സ്പീക്കര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് സഭ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു.

സ്വാശ്രയ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും സ്വശ്രയ മുതലാളിത്തത്തിന്റെ നേതൃത്വം സിപിഎം ഏറ്റെടുത്തെന്നും സണ്ണി ജോസഫ് ആരോപിച്ചു. യൂത്ത്‌കോണ്‍ഗ്രസ് സമരത്തിന് ആളെ വാടകക്കെടുത്തെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സെപ്റ്റംബര്‍ 30ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശമുണ്ടായതിനാലാണ് മാനേജ്‌മെന്റുകളുമായി കരാറിലേര്‍പ്പെട്ടതെന്ന് നോട്ടീസിന് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതാണ്. കരാറിന് സുപ്രീംകോടതിയുടെ അംഗീകാരവുമുണ്ട്. പിന്നെ എന്തിനാണ് പ്രതിപക്ഷം നിരാഹാരം നടത്തുന്നതെന്നും മന്ത്രി ചോദിച്ചു.

കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയിലെത്തിയത്. ചോദ്യോത്തര വേളയുമായി പ്രതിപക്ഷം സഹകരിച്ചില്ല. ബാനറും പ്ലെക്കാര്‍ഡുകളും ഉയര്‍ത്തി സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു.

അതേസമയം സഭാകവാടത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിരാഹാര സമരം തുടരുകയാണ്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. സമരം ശക്തമാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വൈകീട്ട് യുഡിഎഫ് യോഗം ചേരും.