ബംഗാളില്‍ നിന്ന് 25 ലക്ഷം കൊള്ളയടിച്ച ബംഗാളികള്‍ പിടിയില്‍

Posted on: September 29, 2016 12:01 am | Last updated: September 29, 2016 at 9:52 am
SHARE

തിരൂര്‍: ബംഗാളില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 25 ലക്ഷം രൂപ കൊള്ളയടിച്ച് കേരളത്തിലേക്ക് രക്ഷപ്പെട്ട നാല് ബംഗാള്‍ സ്വദേശികള്‍ തിരൂരില്‍ പിടിയിലായി. നിര്‍മാണ തൊഴിലാളികളായ പ്രതികള്‍ ജോലി സ്ഥലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. പശ്ചിമ ബംഗാള്‍-24 പഗ്ന്നാസ് ജില്ലക്കാരും ബാസിര്‍ പാട്ട്, ചാത്തജിറാക്ക്പുര്‍ സ്വദേശികളുമായ ലോക്‌നാഥ് ചൗധരി (29 ),റാണ ബിശ്വാസ് (28), മധുസൂദനന്‍ സര്‍ക്കാര്‍ (26), അന്തുമിത്ര (25) എന്നിവരെയാണ് തിരൂര്‍ സി ഐ. എം കെ ഷാജി, സി ഡി. പാര്‍ട്ടി അംഗങ്ങളായ രാജേഷ്, പ്രമോദ് എന്നിവരടങ്ങിയ പോലീസ് സംഘം ഇരിങ്ങാവൂരില്‍ വെച്ച് അറസ്റ്റു ചെയ്ത് പശ്ചിമ ബംഗാള്‍ പോലീസിന് കൈമാറിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കുറിച്ച് മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റ ഐ പി എസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈ എസ് പി. എ ജെ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതികള്‍ക്കായി വലവിരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ ഏഴിന് പരാതിക്കാരനായ ഇമ്രാന്‍ ഗാസിയും സുഹൃത്തും ഡ്രൈവറും കല്‍ക്കത്തയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രാ മധ്യേ സഞ്ചരിച്ച മാരുതി എര്‍ട്ടിഗ കാര്‍ തടഞ്ഞുനിര്‍ത്തി പരാതിക്കാരനെ അക്രമിച്ച് കാറില്‍ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പ്രതികള്‍ കവര്‍ച്ച ചെയ്‌തെന്നാണ്‌കേസ്. സംഭവത്തിന് ശേഷം നാട്ടില്‍ നിന്നും രക്ഷപ്പെട്ട പ്രതികള്‍ ഇരിങ്ങാവൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു. മുമ്പും ജോലി സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന ക്രിമിനലുകളെ തിരൂര്‍ പോലീസ് പിടികൂടിയിരുന്നു. പ്രതികളെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here