ചേരിചേരാ ഉച്ചകോടിയും ചേരി തിരിയുന്ന ഇന്ത്യയും

മുമ്പ് നടന്ന ചേരിചേരാ ഉച്ചകോടികളിലെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ചുകൊണ്ടാണ് ഈ ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതെന്ന് ഓര്‍മിക്കണം. പുതിയ ലോക സാഹചര്യത്തില്‍ ഇന്ത്യക്ക് വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. മൂന്നാം ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ നിന്നുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിനെതിരെയും, അവികസിത- പിന്നാക്ക രാഷ്ട്രങ്ങളുടെ വക്താവായി മുന്നോട്ട് പോകാനും, ലോക രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയുടെ വികസനത്തിനായി നേടിയെടുക്കാനുമുള്ള അവസരമാണ് മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. ഇന്ത്യ ചേരിചേരാ നയത്തില്‍ നിന്ന് വിടപറയാന്‍ തുടങ്ങിയിരിക്കുകയാണെന്നും പകരം അമേരിക്കന്‍ ചേരിയില്‍ നിലകൊള്ളാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും തെളിയിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ചേരിചേരാ ഉച്ചകോടിയില്‍ നിന്നുള്ള പിന്‍മാറ്റം.
Posted on: September 29, 2016 6:00 am | Last updated: September 28, 2016 at 11:51 pm
SHARE
7888085252_d11cf630a5
ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, ഘാനാ നേതാവ് ക്വാമി എന്‍ ക്രൂമ, ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍നാസര്‍, ഇന്തോനേഷ്യന്‍ നേതാവ് സുക്കാര്‍ണോ, യുഗോസ്ലാവിയന്‍ നേതാവ് മാര്‍ഷല്‍ ടിറ്റോ എന്നിവര്‍

ചേരിചേരാ പ്രസ്ഥാനം (നോണ്‍ അലൈന്‍മെന്റ് മൂവ്‌മെന്റ്-നാം) 1950-60 കളിലെ സൃഷ്ടിയാണ്. രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരം ഒരു വേദിക്ക് രൂപം കൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത്. അക്കാലത്ത് അമേരിക്കന്‍ ചേരിയും സോവിയറ്റ് ചേരിയും ലോകത്തെ രണ്ടായി വിഭജിക്കുകയും ശീതയുദ്ധം കൊടുമ്പിരി കൊള്ളുകയും ചെയ്തു. വിജയകരമായ ചൈനീസ് വിപ്ലവവും കൊറിയന്‍ പ്രശ്‌നങ്ങളുമെല്ലാം ചേരി ചേരാ മൂവ്‌മെന്റിന്റെ രൂപവത്കരണത്തിന് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
1953 ല്‍ ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ പ്രതിനിധി കെ കൃഷ്ണമേനോനാണ് ചേരിചേരാ പ്രസ്ഥാനം(nonaligment movement) എന്നപദം ആദ്യമായി പ്രചാരത്തില്‍ കൊണ്ടുവന്നത്. 1955ല്‍ സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ പഞ്ചശീല തത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ അടിത്തറക്ക് രൂപം നല്‍കുന്നത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടിക്ക് 1961ല്‍ യുഗോസ്ലാവിയയിലെ ബല്‍ഗ്രഡ് വേദിയാകുകയും ചെയ്തു.
സങ്കീര്‍ണമായ ശീതയുദ്ധ കാലത്ത് പുതിയൊരുലോകം വിഭാവനം ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍നാസര്‍, യുഗോസ്ലാവിയന്‍ നേതാവ് മാര്‍ഷല്‍ ടിറ്റോ, ഇന്തോനേഷ്യയുടെ നേതാവ് സുക്കാര്‍ണോ, ഘാനയുടെ നേതാവ് ക്വാമി എന്‍ ക്രൂമ എന്നിവരുടെ നേതൃത്വത്തില്‍ ചേരിചേരാ മൂവ്‌മെന്റ് ഉടലെടുത്തത്. 1961ല്‍ ബെല്‍ഗ്രേഡ് ഉച്ചകോടിയില്‍ വെച്ച് നാമിന് രൂപം കൊടുക്കുമ്പോള്‍ അതിലുണ്ടായിരുന്നത് 29 രാഷ്ടങ്ങള്‍ മാത്രം. എന്നാല്‍ ഇന്ന്് ചേരിചേരാ മൂവ്‌മെന്റിലെ രാജ്യങ്ങളുടെ അംഗസംഖ്യ 120 ആയി ഉയര്‍ന്നിരിക്കുകയാണ്. ചേരിചേരാ മൂവ്‌മെന്റിന് വന്‍ അംഗീകാരം ലഭിച്ച ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം രാജ്യങ്ങളും അംഗങ്ങളായ ഒരു പ്രസ്ഥാനമാണിപ്പോള്‍ ഇത്. ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ അംഗത്വത്തിന്റെ കാര്യത്തില്‍ രണ്ടാമത്തെ വലിയ അന്തര്‍ ദേശീയ സംഘടനയും. ഐക്യരാഷ്ട്രസഭയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ഈ കൂട്ടായ്മ ലോക ജനസംഖ്യയുടെ 55 ശതമാനവും ഉള്‍ക്കൊള്ളുന്നതാണ്.
ചേരിചേരാ കൂട്ടായ്മക്ക് ലോക രാഷ്ട്രീയത്തില്‍ സുപ്രധാനമായ സ്ഥാനം അതിന്റെ ആരംഭകാലം മുതല്‍ ലഭിച്ചിരുന്നു. അമേരിക്കന്‍-സോവിയറ്റ് എന്നീ ചേരികളില്‍ നിന്ന് മാറി നില്‍ക്കാനും ആത്മാഭിമാനവും വ്യക്തിത്വവും നിലനിര്‍ത്തി മുന്നോട്ടു പോകാനും രാഷ്ട്രങ്ങള്‍ക്ക് അത് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട്. ലോക രാഷ്ട്രീയത്തില്‍ മൂന്നാം സഭയായി അംഗീകരിക്കപ്പെടുകയും ചെയ്തു. ശാക്തിക ചേരികളുടെ ചട്ടുകമായി മാറാതെ സ്വതന്ത്രമായി വളരാന്‍ രാഷ്ട്രങ്ങള്‍ക്ക് കഴിയുമെന്നും ഈ കൂട്ടായ്മ തെളിയിച്ചു കഴിഞ്ഞു.
സോവിയറ്റ് നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിക്കും അമേരിക്കന്‍ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിക്കും പുതിയ ഒരു മൂന്നാം ബദല്‍ എന്ന നിലയിലാണ് ചേരിചേരാ പ്രസ്ഥാനം നിലവില്‍ വന്നത്. എന്നാല്‍ സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടുകൂടി ആ ചേരിതന്നെ ഫലത്തില്‍ ഇല്ലാതായിരിക്കുന്നു. അമേരിക്കന്‍ ചേരി കൂടുതല്‍ ശക്തിപ്പെടുകയും, അമേരിക്കന്‍ സാമ്രാജ്യത്വം വിവിധ രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്ന സ്ഥിതിയും വളര്‍ന്നു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മൂന്നാം ലോകരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നിലനില്‍പ്പിനായുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതായും വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച നടന്ന ചേരിചേരാ മൂവ്‌മെന്റിന്റെ 17ാം ഉച്ചകോടിയുടെ പ്രസക്തിയെപ്പറ്റി വിശകലനം ചെയ്യേണ്ടത്.
വെനിസ്വാലയിലെ മാര്‍ഗറിറ്റാ ദ്വീപിലാണ് ഉച്ചകോടി നടന്നത്. സമകാലിക ലോകം അഭിമുഖീകരിക്കുന്ന ഭീകരവാദത്തിനെതിരായ പോരാട്ടം, ഉത്തരാഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം, വെനിസ്വാലയിലെ ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതത്തിനുള്ള അവകാശം എന്നിവ ഉയര്‍ത്തികാണിക്കുന്ന പ്രസ്താവന അംഗീകരിച്ചു കൊണ്ടാണ് ഉച്ചകോടി സമാപിച്ചത്. ലോകശക്തികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നടത്തുന്ന ഇടപെടലുകളെയും സിറിയ, ഫലസ്തീന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നടക്കുന്ന കടുത്ത ഹിംസകളെയും സമ്മേളനം അപലപിച്ചു. ലോക സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് മാര്‍ഗറിറ്റ ദ്വീപില്‍ നിന്ന് ചേരിചേരാ പ്രസ്ഥാനം ഉയര്‍ത്തിയത്. ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിന് മുമ്പ് സമാപിച്ച സമ്മേളനം കാലഘട്ടത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ആഗോള സംഘടനയില്‍ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളെ സംബന്ധിച്ചും കാഴ്ചപ്പാട് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചര്‍ച്ച ചെയ്യുകയുണ്ടായി. 21ാം നൂറ്റാണ്ടിന്റെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുംവിധം യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി നടക്കുന്ന ഇന്റര്‍-ഗവണ്‍മെന്റല്‍ ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉച്ചകോടി സജീവചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്തു.
ഇന്ത്യയില്‍ ചേരിചേരാ നയം സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ നാം പിന്തുടരുന്നതാണ്. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പഞ്ചശീല തത്വങ്ങളുടെ പ്രഖ്യാപനത്തിലും ചേരിചേരാ രാഷ്ട്രങ്ങളുടെ രൂപവത്കരണത്തിലുമെല്ലാം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ണായക പങ്ക് വഹിച്ചത്. ഈ നയത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ബി ജെ പി നേതാവും പ്രധാനമന്ത്രിയുമായ വാജ്പയിയുടെ കാലത്ത് പോലും ഉണ്ടായിട്ടില്ല. ചേരിചേരാ നയത്തിലും രാജ്യത്തിന്റെ വിദേശ നയത്തിലുമൊന്നും മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്സിതര സര്‍ക്കാറുകളൊന്നും മുമ്പ് തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ പ്രസിദ്ധമായ ചേരിചേരാ നയത്തിലും വിദേശ നയത്തിലും മൗലികമാറ്റം വരുത്തിയിരിക്കുകയാണ് പുതിയ മോദി സര്‍ക്കാര്‍. ഈ നയംമാറ്റത്തിന്റെ ഭാഗമായി തന്നെയായിരിക്കണം നാമിന്റെ 17ാം ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നുള്ള നരേന്ദ്ര മോദിയുടെ തീരുമാനവും.
ഇതിനുമുമ്പ് നടത്തിയിട്ടുള്ള നാം ഉച്ചകോടികളിലെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1979ല്‍ നടന്ന ഉച്ചകോടിയില്‍ മാത്രമാണ് അന്നത്തെ കാവല്‍ പ്രധാനമന്ത്രിയായിരുന്ന ചരണ്‍ സിംഗ് പങ്കെടുക്കാതിരുന്നിട്ടുള്ളത്. എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ചുകൊണ്ടാണ് ഈ ചേരിചേരാ ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതെന്ന് ഓര്‍മിക്കണം.
മോദിക്കു പകരം ഉച്ചകോടിയില്‍ പങ്കെടുത്ത ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മാധ്യമങ്ങളില്‍നിന്നും നേരിട്ട ചോദ്യങ്ങളില്‍ പലതും മോദിയുടെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു. ഇത് പ്രധാനമന്ത്രിമാരുടെ സമ്മേളനം അല്ലെന്നും രാഷ്ട്രങ്ങളുടെ സമ്മേളനമാണ് എന്നുമൊക്കെ പറഞ്ഞ് അന്‍സാരി രക്ഷപ്പെട്ടെങ്കിലും ചേരിചേരാ പ്രസ്ഥാനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ല എന്നതാണ് മോദി സര്‍ക്കാറിന്റെ നയമെന്നത് വ്യക്തമാവുകയുണ്ടായി.
സാമ്രാജ്യത്വത്തിനും കോളനിവത്കരണത്തിനുമെതിരെ 55 വര്‍ഷം മുമ്പ് സ്ഥാപിതമായ ചേരിചേരാ പ്രസ്ഥാനത്തിലെ 120 അംഗരാജ്യങ്ങളും 17 നിരീക്ഷക പദവിയുള്ള രാജ്യങ്ങളും 10 നിരീക്ഷക സംഘടനകളും വെനിസ്വാല ഉച്ചകോടിയില്‍ സജീവമായി പങ്കടുത്തിരുന്നു.
പ്രധാനപ്പെട്ട ചില നേതാക്കളുടെ അസാന്നിധ്യം ഈ ഉച്ചകോടിയുടെ പ്രാധാന്യം കുറക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന പോലുള്ള നേതാക്കളും ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ചെയ്തത്.
ഉച്ചകോടിയില്‍ വെച്ച് നിലവിലുള്ള നാം അധ്യക്ഷന്‍ ഇറാനിയന്‍ പ്രസിഡന്റ് റൂഹാനിയില്‍ നിന്ന് അധ്യക്ഷപദം വെനിസ്വെല പ്രസിഡന്റ് നിക്കോളാസ് മദുറോ ഏറ്റെടുത്തു. അങ്ങനെ മൂന്ന് വര്‍ഷത്തേക്ക് ചേരിചേരാ കൂട്ടായ്മ നയിക്കാനള്ള ചുമതല വെനിസ്വാലന്‍ പ്രസിഡന്റിന് സ്വന്തമാകുകയും ചെയ്തു.
ലോക സാമ്രാജ്യത്വം ഈ ഉച്ചകോടിക്കെതിരെ ശക്തമായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉച്ചകോടിക്കായി വെനിസ്വാലയില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങള്‍ പുറപ്പെടുവിച്ചത്. ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഉച്ചകോടി വെനിസ്വാലയില്‍ ഭംഗിയായി സമാപിച്ചതും.
ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എക്കാലവും നിലനിന്നിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ അസാന്നിധ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലോകത്ത് വലിയ മാറ്റങ്ങള്‍ വരുകയാണ്. പുതിയ ലോക സാഹചര്യത്തില്‍ ഇന്ത്യക്ക് വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. മൂന്നാം ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ നിന്നുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിനെതിരെയും, അവികസിത- പിന്നാക്ക രാഷ്ട്രങ്ങളുടെ വക്താവായി മുന്നോട്ട് പോകാനും, ലോക രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയുടെ വികസനത്തിനായി നേടിയെടുക്കാനുമുള്ള അവസരമാണ് മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. കോളനി വാഴ്ചയില്‍ നിന്ന് മോചിതരായ നവ സ്വാതന്ത്ര്യ രാഷ്ട്രങ്ങളുടെ നേതൃസ്ഥാനവും പിന്തുണയുമാണ് യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ അസാന്നിധ്യം മൂലം ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
ചേരിചേരാ ഉച്ചകോടിയില്‍ യു എസിനെതിരെ ആഞ്ഞടിച്ച് വെനസ്വാലയും ക്യൂബയും രംഗത്ത് വന്നത് ശ്രദ്ധേയമായി. തങ്ങളുടെ രാജ്യത്തിനെതിരെ സാമ്പത്തികയുദ്ധം പ്രഖ്യാപിച്ച് തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് യു എസിന്റെ ശ്രമമെന്ന് വെനിസ്വാല പ്രസിഡന്റ് നിക്കോളാസ് മദുറോ ആരോപിച്ചു. വെനിസ്വാലയുടെ സുഹൃത്തുക്കളായ ക്യൂബയും അമേരിക്കക്കെതിരെ ഇതേ ആരോപണം ഉന്നയിച്ചു. അമേരിക്കയുമായി നല്ല ബന്ധം നിലനില്‍ക്കെ തന്നെയാണ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വെനിസ്വാല പ്രസിഡന്റിന്റെ വാദങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇന്ത്യ ചേരിചേരാ നയത്തില്‍ നിന്ന് വിടപറയാന്‍ തുടങ്ങിയിരിക്കുകയാണെന്നും പകരം അമേരിക്കന്‍ ചേരിയില്‍ നിലകൊള്ളാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും തെളിയിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ചേരിചേരാ ഉച്ചകോടിയില്‍ നിന്നുള്ള പിന്‍മാറ്റം. എന്തായാലും ഇന്ത്യ- അമേരിക്കന്‍ ആണവ കരാറും, അതിനുശേഷം പുതുതായി ഒപ്പ് വെച്ചിട്ടുള്ള ലോജിസ്റ്റിക്ക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം എഗ്രിമെന്റ് (എല്‍ ഇ എം ഐ) എന്ന പേരിലുള്ള സൈനികമാറ്റ കരാറും എല്ലാം അമേരിക്കന്‍ ചേരിയിലാണ് ഇന്ത്യയെന്ന് വ്യക്തമായി വിളിച്ചറിയിക്കുന്നതു തന്നെയാണ്.
ചേരിചേരാ കൂട്ടായ്മ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്ന് വിളിച്ചറിയിക്കുന്നതു കൂടിയായിരുന്നു ഈ ഉച്ചകോടി. ശീതയുദ്ധാനന്തരം ലോകക്രമത്തില്‍ ചേരിചേരായ്മക്കുള്ള പ്രസക്തി നാള്‍ക്ക് നാള്‍ തോറും ചോദ്യം ചെയ്യപ്പെടേണ്ട സാഹചര്യവും ഒരുവശത്ത് വളര്‍ന്നു വരുന്നുണ്ട്.
വെനിസ്വെലയില്‍ നടന്ന ഈ ഉച്ചകോടി അതിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബലമായ ഒന്നായിരുന്നെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ഡസന്‍ രാഷ്ട്ര നേതാക്കള്‍ മാത്രമാണ് ഇതില്‍ സംബന്ധിച്ചതെന്നും ഇത് ഉച്ചകോടിയുടെ പ്രാധാന്യം കുറക്കുന്നതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ടു തന്നെയായിരിക്കും അടുത്ത് നടന്ന ആസിയാന്‍ ജി20 ഉച്ചകോടിക്ക് ലഭിച്ച പ്രാധാന്യം പോലും നിരീക്ഷര്‍ ഈ സമ്മേളനത്തിന് നല്‍കാതിരുന്നത്.
ഏതെങ്കിലും ശാക്തിക ചേരികളുടെ ചട്ടുകമായി മാറാതെ സ്വതന്ത്രമായി വളരാനും പുരോഗമിക്കാനുമുള്ള രാഷ്ട്രങ്ങളുടെയും ജനതകളുടെയും അഭിവാഞ്ജയെ ആര്‍ക്കും തടുത്തു നിര്‍ത്താന്‍ കഴിയുകയില്ല. ചേരിചേരാ രാജ്യങ്ങളുടെ ഈ കൂട്ടായ്മ ഇത്തരം രാഷ്ട്രങ്ങള്‍ക്ക് ഇനിയും മാര്‍ഗദീപമായിരിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഇന്ത്യയുടെ പ്രഖ്യാപിത വിദേശ നയം ചേരിചേരായ്മയുടേതാണ്. ഈ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. നിര്‍ഭാഗ്യവശാല്‍ ഈ നയത്തില്‍ കാതലായ മാറ്റങ്ങള്‍ പുതിയ മോദി സര്‍ക്കാര്‍ പ്രവൃത്തിയില്‍കൂടി ഇതിനകം കൊണ്ടുവന്നിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് അങ്ങേയറ്റം എതിരായിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാറിന്റെ തെറ്റായ ഈ വിദേശനയം തിരുത്താനും രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തയ്യാറാകണം.

(സി എം പി പോളിറ്റ്ബ്യൂറോ അംഗമാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here