Connect with us

Kerala

കാലിക്കറ്റില്‍ അസൗകര്യം കാരണം പരീക്ഷ മുടങ്ങി; മാറ്റിവെച്ച പരീക്ഷ അടുത്ത മാസം നാലിന്

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസത്തിന് കീഴിലുള്ള ബാച്ച്‌ലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈനിംഗ് (ബി ഐഡി) പരീക്ഷാ കേന്ദ്രത്തിലെ സൗകര്യക്കുറവിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങി. ഇന്നലെ ഉച്ചക്ക് ഒന്നര മുതല്‍ നാലര വരെ നടത്താന്‍ നിശ്ചയിച്ച മൂന്നാം സെമസ്റ്ററിലെ ഗ്രാഫിക്‌സ് പരീക്ഷയാണ് മുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജ്കുട്ടി എന്നിവരെ നേരില്‍ക്കണ്ട് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പരീക്ഷ ഒക്ടോബര്‍ നാലിന് നടത്താമെന്ന് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. ഒക്‌ടോബര്‍ നാല്, അഞ്ച് തീയതികളിലെ പരീക്ഷ സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജിലും സെപ്തംബര്‍ 30, ഒക്‌ടോബര്‍ മൂന്ന് , ഏഴ് തീയതികളിലെ പരീക്ഷകള്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് ഹൗസിലും നടത്താനാണ് തീരുമാനം.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ മൂന്ന് പ്രോഗ്രാം സെന്ററുകളില്‍ നിന്നായി നൂറില്‍ പരം വിദ്യാര്‍ഥികളാണ് കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലുള്ള സെനറ്റ് ഹാളില്‍ ഇന്നലെ പരീക്ഷക്കെത്തിയത്. എന്നാല്‍ പരീക്ഷ എഴുതാനുള്ള സൗകര്യം സെനറ്റ് ഹാളില്‍ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ എക്‌സാമിനറെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ടാഗോര്‍ നികേതനിലെ സെമിനാര്‍ ഹാളില്‍ സൗകര്യമുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ അവിടേക്ക് പറഞ്ഞയച്ചു.
ഈ സമയം ടാഗോര്‍ നികേതനിലെ സെമിനാര്‍ ഹാളില്‍ മറ്റൊരു പരിപാടി നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെയും പരീക്ഷ എഴുതാനായില്ല. പരീക്ഷ എഴുതേണ്ട സമയം അപ്പോഴേക്കും അര മണിക്കൂര്‍ പിന്നിട്ടിരുന്നു. വിവരമറിഞ്ഞെത്തിയ പി വി സിക്കും കണ്‍ട്രോളര്‍ക്കും മുന്നില്‍ വിദ്യാര്‍ഥികള്‍ സംഭവം പരാതിയായി ഉന്നയിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.