ശല്യക്കാരായ കുരങ്ങുകള്‍, പിന്നെ നിരാഹാരവും

Posted on: September 29, 2016 5:32 am | Last updated: September 28, 2016 at 11:33 pm
SHARE

നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന കുരങ്ങുകളുടെ കാര്യത്തില്‍ ഇനി ആര്‍ക്കും ആശങ്ക വേണ്ട. വനംമന്ത്രി കെ രാജു വശം ഇതിന് കൃത്യമായ പരിഹാരമുണ്ട്. ശല്ല്യക്കാരായ കുരങ്ങന്‍മാരുടെ ലീഡറെ കണ്ടെത്തുക, അതിനെ പിടിച്ച് കാട്ടില്‍ വിടുക. അപ്പോള്‍ മറ്റുള്ളവരും കൂടെ പോകും. മനസിലുള്ള ഐഡിയ ചോദ്യോത്തര വേളയില്‍ മന്ത്രി രാജു അവതരിപ്പിച്ചു.
ലീഡറെ കണ്ടെത്താന്‍ വല്ല സ്‌കെയിലുമുണ്ടോയെന്ന് സ്പീക്കര്‍ക്ക് സംശയം. സ്‌കെയിലിന്റെ ആവശ്യമില്ലെന്നും വനവാസികള്‍ക്കും വാച്ചര്‍മാര്‍ക്കും ഒറ്റനോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ കഴിയുമെന്നും മന്ത്രിയുടെ മറുപടി. മന്ത്രിയുടെ നിര്‍ദേശം കേട്ട എം സ്വരാജിനും സംശയം. ചുവന്ന മഷി ഉപയോഗിക്കുന്നത് പോലുള്ള നൂതന സമരമാര്‍ഗങ്ങളുടെ കാലത്ത് ശല്ല്യക്കാരായ കുരങ്ങുകള്‍ക്ക് നേരെ പച്ച മഷി ഉപയോഗിക്കുന്നതിന്റെ സാധ്യതയാണ് സ്വരാജ് തേടിയത്. മഷിപ്രയോഗം വനംവകുപ്പ് ഉദ്ദേശിക്കുന്നില്ലെന്നും വന്യമൃഗങ്ങള്‍ക്ക് കാട്ടിനുള്ളില്‍ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. കുരങ്ങുകളെ തടയാന്‍ മഷിപ്രയോഗം പരീക്ഷിക്കണമെന്ന നിര്‍ദേശം ആദ്യം മുന്നോട്ട് വെച്ചത് എസ് രാജേന്ദ്രനായിരുന്നു. സഭയിലെ ശല്ല്യക്കാരെ ഉദ്ദേശിച്ചാണോയെന്ന് മാത്രം മന്ത്രി പറഞ്ഞില്ല. പ്രതിപക്ഷം ബഹളം വെച്ച് ശല്ല്യപ്പെടുത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു ചോദ്യവും ഉത്തരവുമെന്ന് മാത്രം.
ബാനര്‍, പ്ലക്കാര്‍ഡ്, മുദ്രാവാക്യം തുടങ്ങി അവശ്യം വേണ്ട സാമഗ്രികളെല്ലാം കരുതിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ തന്നെ എല്ലാം എടുത്ത് പ്രയോഗിക്കുകയും ചെയ്തു. രമേശ് ചെന്നിത്തലക്ക് മൈക്ക് നിഷേധിക്കുക കൂടി ചെയ്തതോടെ രംഗം നടുത്തളത്തില്‍ സ്പീക്കറുടെ ഡയസിന് മുന്നിലായി. ശൂന്യവേളയില്‍ ലഭിച്ച മൈക്ക് വഴി രമേശ് സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ചു.
കീഴ്‌വഴങ്ങള്‍ക്കളെല്ലാം ലംഘിച്ചാണ് തനിക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചതെന്ന് പരാതിപ്പെട്ടു. പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ആറ് തവണ ചോദ്യോത്തരവേളയില്‍ സംസാരിച്ചിട്ടുണ്ടത്രെ, ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും പറയാത്ത പറയാന്‍ പാടില്ലാത്തതെന്തോ പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്.
യൂത്ത്‌കോണ്‍ഗ്രസുകാരെ പോലീസ് പൊതിരെ തല്ലിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ ഫീസ് വളരെയധികം കൂട്ടിയിട്ടുണ്ട്. സര്‍ക്കാറിന് മേല്‍ ഇത്തരം കുറ്റങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല നയം വ്യക്തമാക്കി. ഷാഫി പറമ്പില്‍, ഹൈബിഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹാരവും കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ ഐക്യദാര്‍ഢ്യ സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സമരക്കാരും സഹപ്രവര്‍ത്തകരും നടുത്തളത്തില്‍ ഇരുന്നതോടെ സ്പീക്കര്‍ മൈക്ക് നിഷേധിച്ചു. അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും നടുത്തളത്തിലെ സമരവും പ്രസംഗവും ഒരുമിച്ച് നടക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അസാധാരണ സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ലെന്നായി പാര്‍ലമെന്ററി കാര്യമന്ത്രി എ കെ ബാലന്‍. സഭാനടപടികള്‍ മുന്നോട്ടു കൊണ്ടുപോയെ തീരുവെന്നും അദ്ദേഹം.
ചട്ടപ്രകാരം റൂള്‍ 50 അനുസരിച്ച് നോട്ടീസ് നല്‍കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയതിനാല്‍ അദ്ദേഹത്തിന് സംസാരിക്കേണ്ടതെന്നും ബാലന്‍ നിലപാടെടുത്തു. ഏത് ചട്ടം അനുസരിച്ചാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നതെന്ന് സ്പീക്കറും ആരാഞ്ഞതോടെ രംഗം കൊഴുത്തു. പിന്നെ കൂട്ടപൊരിച്ചിലായിരുന്നു. സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി. ധനാഭ്യര്‍ഥകളെല്ലാം ചര്‍ച്ച കൂടാതെ പാസാക്കി. പത്ത് മണിക്ക് മുമ്പെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് സഭ പിരിഞ്ഞു. സഭാകവാടത്തില്‍ നിരാഹരസമരം നടക്കുന്നതിനാല്‍ വരുംദിവസങ്ങളും സുഗമമാകില്ലെന്ന് സാരം.