മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പുതിയ കേന്ദ്ര പദ്ധതി

Posted on: September 29, 2016 6:29 am | Last updated: September 28, 2016 at 11:32 pm

mukhtar-abbas-naqviന്യൂഡല്‍ഹി: മുസ്‌ലിംകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ന്യൂനപക്ഷ വിരുദ്ധ സര്‍ക്കാറെന്ന ചിത്രം മാറ്റിയെടുക്കാന്‍ രാജ്യത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രോഗ്രസ് പഞ്ചായത്ത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇന്ന് ഹരിയാനയിലെ മീവാറ്റില്‍ വെച്ചാണ് തുടക്കം കുറിക്കുന്നത്. രാഷ്ട്രീയപരമായ മാറ്റത്തിനുള്ള കൃത്യമായ ഇടപെടലാണ് ഇക്കാര്യത്തിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളുടെ പിന്തുണ ചെറിയ രീതിയില്‍ മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചിരുന്നത്. ഇത് മറി കടക്കാനാണ് ഇപ്പോള്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ബി ജെ പി ദേശീയ കൗണ്‍സിലില്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കില്ലെന്നും വിമര്‍ശിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ എല്ലാവരേയുംപോലെ ശക്തിപ്പെട്ടുവരണമെന്നും വോട്ട് ബേങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തിരുന്നു. വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ മുസ്‌ലിംകള്‍ സര്‍ക്കാറില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിയുമായി മുസ്‌ലിംകള്‍ക്കിടയിലേക്കിറങ്ങാന്‍ കേന്ദ്രം ശ്രമിക്കുന്നത്.
പദ്ധതിയിലൂടെ മുസ്‌ലിം പഞ്ചായത്തുകളല്ല സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും പകരം ന്യൂനപക്ഷ സമുദായത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് പരിഹരിക്കലാണെന്നും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരലാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര നൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കായിരിക്കും പദ്ധതിയുടെ ചുമതല. ഇത് പഴയ പദ്ധതികളെ പോലെയായിരിക്കില്ലെന്ന് നഖ്‌വി പറഞ്ഞു. ഇത് വോട്ടുകള്‍ക്ക് വേണ്ടിയുള്ളതുമല്ല. സ്‌കൂള്‍, നഴ്‌സിംഗ് ഹോംസ്, പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരം കണുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഈദ് ദിനത്തില്‍ ബിരായാണിയില്‍ ബീഫുണ്ടെന്നാരോപിച്ച് മുസ്‌ലികളെ വേട്ടയാടിയ ഹരിയാനയിലെ മീവാറ്റില്‍ നിന്നാണ് പദ്ധതിയുടെ തുടക്കം. പിന്നീട് ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളായ രാജ്സ്ഥാനിലേയും മഹാരാഷ്ട്രയിലേയും പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം പുതിയ പദ്ധതി ആവിഷ്‌കിരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുല്‍. അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു പിയില്‍ 18 ശതമാനത്തോളം വോട്ടര്‍മാര്‍ മുസ്‌ലിംകളാണ്.