Connect with us

Kerala

അതുല്യയുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ആറ് ലക്ഷം രൂപയുടെ ചികിത്സാസഹായം

Published

|

Last Updated

തിരുവനന്തപുരം: അതുല്യയുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ആറ് ലക്ഷം രൂപയുടെ ചികില്‍സാ സഹായം അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികള്‍ ഒരുലക്ഷം രൂപ സഹായം നല്‍കിയിരുന്നു. ഇതിന് പുറമേയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ചത്. അതുല്യയുടെ ചികിത്സയ്ക്ക് പ്രത്യേകം പരിഗണന നല്‍കണമെന്ന് അഖിലേന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിന്റെ ഡയറക്റ്ററോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായുള്ള പരിശോധനകള്‍ രണ്ട് ദിവസങ്ങള്‍ക്കകം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം………….
അതുല്യയുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ആറ് ലക്ഷം രൂപയുടെ ചികില്‍സാ സഹായം അനുവദിച്ചു. ഇടുക്കി ജില്ലയില്‍ നെയ്യാശ്ശേരി ഗ്രാമത്തിലെ സാബുമായ ദമ്പതികളുടെ പുത്രിയാണ് അതുല്യ. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് അതുല്യയ്ക്ക് ഇടയ്ക്കിടെ ഹൃദയം നിന്നുപോവുകയും കൈകാലുകള്‍ സ്തംഭിച്ചുപോവുകയും ചെയ്യുന്ന അവസ്ഥ പ്രകടമായത്.
അതുല്യക്ക് വിവിധ ആശുപത്രികളില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിചരണം വേണ്ടിവന്നിരുന്നു. വെന്റിലേറ്ററുകളുടെ സഹായത്തോടെയാണ് അതുല്യയുടെ ജീവിതം നിലനിര്‍ത്തിവന്നിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലും ശ്രീചിത്ര മെഡിക്കല്‍ സെന്ററിലും ദീര്‍ഘനാളത്തെ പരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം അതുല്യയെ കൂടുതല്‍ ആധുനികമായ പരിശോധനയ്ക്കായി അഖിലേന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയക്കുകയായിരുന്നു. ഏറെ നാളത്തെ പരിശോധനയ്ക്ക് ശേഷം എ.ഐ.ഐ.എം.എസ്. ഹൃദയമാറ്റ ശസ്ത്രക്രിയ വിധിച്ചു.
എന്നാല്‍ നിര്‍ധനരായ ഈ കുടുംബത്തിന് മകളുടെ ജീവന്‍ രക്ഷിക്കാനായി ചെലവിടാന്‍ പണം ഉണ്ടായിരുന്നില്ല. ഇടുക്കി എം.പി. ജോയിസ് ജോര്‍ജ്ജിന്റെ സഹായത്തോടെയാണ് കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്ക്കായി ഇവര്‍ കുട്ടിയെ കൊണ്ടുപോയത്. പ്രവാസികള്‍ ഒരുലക്ഷം രൂപ സഹായം നല്‍കിയിരുന്നു. ഇതിന് പുറമേയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ചത്. അതുല്യയുടെ ചികിത്സയ്ക്ക് പ്രത്യേകം പരിഗണന നല്‍കണമെന്ന് അഖിലേന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിന്റെ ഡയറക്റ്ററോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായുള്ള പരിശോധനകള്‍ രണ്ട് ദിവസങ്ങള്‍ക്കകം ആരംഭിക്കും.

Latest