Connect with us

Gulf

2035ല്‍ പ്രമേഹ ചികിത്സാ ചെലവ് 4.9 ബില്യന്‍ റിയാലാകും

Published

|

Last Updated

ദോഹ: 2035 ആകുമ്പോഴേക്കും പ്രമേഹചികിത്സക്കായി പ്രതിവര്‍ഷം ചെലവഴിക്കുന്ന തുക 4.9 ബില്യന്‍ ഖത്വര്‍ റിയാലാകുമെന്നും പ്രമേഹ ചികിത്സക്കും തുടര്‍ചികിത്സകള്‍ക്കുമായി ഖത്വര്‍ പ്രതിവര്‍ഷം 1.8 ബില്യന്‍ ഖത്വര്‍ റിയാല്‍ ചെലവഴിക്കുന്നുണ്ടെന്നും പൊതു ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അറിയിച്ചു. ഖത്വര്‍ ഡയബറ്റിസ് ലീഡര്‍ഷിപ്പ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2055ല്‍ 8.4 ബില്യന്ഡ ഖത്വര്‍ റിയാലായി ചികിത്സാ ചെലവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.അല്‍ കുവാരി പറഞ്ഞു.
ഖത്വറിലെ 70 ശതമാനം സ്‌ട്രോക്ക് രോഗികളും പ്രമേഹത്തിന്റെ ബുദ്ധിമുട്ട് നേരിടുന്നവരാണ്. ഖത്വറിലെ 50 ശതമാനം ഡയാലിസിസുകളും പ്രമേഹം കാരണമാണ്. മുതിര്‍ന്നവരില്‍ ആറിലൊരാള്‍ക്ക ്(17 ശതമാനം) പ്രമേഹത്തിന്റെ പ്രയാസങ്ങളുണ്ട്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗം കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുമെന്നാണ് നിഗമനം. ഈ രോഗം കൂടുതല്‍ കുട്ടികളിലും കുടുംബങ്ങളിലും സമൂഹത്തിലും വ്യാപിക്കുമെന്നാണ് കരുതുന്നത്. മെഡിക്കല്‍ സാങ്കേതികരംഗത്തെ പുരോഗതിയും അത്യാധുനിക ചികിത്സാസംവിധാനങ്ങളും കാരണം ബഹുഭൂരിപക്ഷം രോഗികളിലും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാനായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രമേഹത്തിനെതിരെ പോരാടുന്നതിന് കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് ഖത്വര്‍ ഡയബറ്റിസ് അസോസിയേഷന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ ഹമഖ പറഞ്ഞു. പ്രതിവര്‍ഷം ഖത്വറില്‍ ഒരാള്‍ക്ക് പ്രമേഹചികിത്സക്കായി 2820 ഡോളര്‍ ചെലവഴിക്കുന്നുണ്ട്. സര്‍ക്കാറും ജനങ്ങളും ഒരുപോലെ മുന്നോട്ടുവന്ന് പ്രമേഹത്തിനെതിരെ പോരാടേണ്ടത് അനിവാര്യമാണ്. പ്രമേഹ രോഗ ചികിത്സയില്‍ ലോകത്തെ പ്രശസ്തരും ഹെല്‍ത്ത് കെയര്‍ ലീഡേഴ്‌സും നയരൂപവത്കരണ വിദഗ്ധരും സ്വകാര്യ കമ്പനികളും എന്‍ ജി ഒകളും പങ്കെടുക്കുന്ന ഡയബറ്റിസ് ലീഡേഴ്‌സ് ഫോറത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനുള്ള കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ രൂപപ്പെടുത്താനാകുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം ഹെല്‍ത്ത് പ്രമോഷന്‍ നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് മാനേജര്‍ ശൈഖ ഡോ.അല്‍ അനൗദ് ബിന്‍ത് മുഹമ്മദ് അല്‍താനി പറഞ്ഞു. പ്രമേഹ പ്രതിരോധത്തിനും ചികിത്സക്കുമായി പ്രാധാന്യം നല്‍കുകയും ചെലവുകള്‍ കുറക്കുകയും ചെയ്യണമെന്ന് എച്ച് എം സി ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാനും നാഷനല്‍ കോ ഡയബറ്റിസ് കമ്മിറ്റി കോ ചെയര്‍മാനുമായ അബ്ദുല്‍ ബാദി അബു സംറ പറഞ്ഞു. പ്രമേഹരോഗികളില്‍ പകുതിയോളം പേര്‍ക്കും തങ്ങള്‍ അസുഖബാധിതരാണെന്ന് അറിയില്ലെന്നും പ്രമേഹത്തിനെതിരെ യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും ഇന്റേനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രസിഡണ്ട് ഡോ.ഷൗക്കത്ത് സാദിക്കോട്ട് പറഞ്ഞു.
രാജ്യാന്തര പ്രമേഹ നേതൃ ഫോറം തിങ്കളാഴ്ച റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രാലയം, “പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കുക” എന്ന സംരംഭത്തില്‍ പങ്കാളികളായ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്വര്‍ ഡയബറ്റിസ് സൊസൈറ്റി, നോവോ നോര്‍ഡിസ്‌ക് കമ്പനി, മെര്‍സക് ഖത്വര്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് ഫോറം സംഘടിപ്പിക്കുന്നത്. ഖത്വര്‍ ആദ്യമായാണ് ഇത്തരമൊരു ഫോറത്തിന് വേദിയായത്.
പ്രമേഹ രോഗവുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികള്‍, അതിനെതിരെയുള്ള നടപടികള്‍ തുടങ്ങിയ കാര്യങ്ങളാണ് ഫോറത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. പ്രമേഹ മേഖലയിലെ വിദഗ്ധര്‍, പേഷ്യന്റ് ഓര്‍ഗനൈസേഷനുകളുടെ പ്രതിനിധികള്‍, എന്‍ ജി ഒ പ്രതിനിധികള്‍, നയരൂപവത്കരണ വിദഗ്ധര്‍, ഖത്വറിലെയും ജി സി സിയിലെയും ഔദ്യോഗിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഡയബറ്റിക്‌സ്, ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ഡയബറ്റിക്‌സ് എന്നിവയാണ് ഫോറത്തിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍. ഖത്വര്‍ എയര്‍വെയ്‌സ് ട്രാന്‍സ്‌പോര്‍ട്ട് സ്‌പോണ്‍സറാണ്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡയബറ്റിക്‌സും ഒബിസിറ്റി ആന്‍ഡ് മെറ്റബോളിക് ഡിസീസ് സെന്ററും ഫോറത്തില്‍ സഹകരിക്കുന്നുണ്ട്. പ്രമേഹ രോഗം സമൂഹത്തെ ബാധിക്കുന്നതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ മേഖലയിലെ നേതൃത്വത്തിനു സാധിക്കുമെന്നതാണ് ഫോറത്തിന്റെ പ്രധാന സവിശേഷതയെന്ന് ആരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ചൂണ്ടിക്കാട്ടി.