Connect with us

Kerala

ചെര്‍പ്പുളശ്ശേരിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് അധ്യാപകനും വിദ്യാര്‍ത്ഥികളും പിടിയില്‍

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പാരലല്‍ കോളേജ് അധ്യാപകനും രണ്ട് വിദ്യാര്‍ത്ഥികളും പോലീസ് പിടിയില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് കോലോത്തൊടി മുഹമ്മദ് അബ്ദുള്‍ മുബീന്‍ (27), വിദ്യാര്‍ത്ഥികളായ തൃക്കിടീരി കുറ്റിക്കോട് കൂളിയാട്ടില്‍ അഷറഫ് (20), പേങ്ങാട്ടിരി അംബേദ്കര്‍ കോളനിയില്‍ വടക്കേപുരക്കല്‍ വിജീഷ് (19) എന്നിവരാണ് പിടിയിലായത്. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജില്‍ കൊമേഴ്‌സ് വിഭാഗം അധ്യാപകനാണ് പിടിയിലായ മുഹമ്മദ് അബ്ദുള്‍ മുബീന്‍. മറ്റു രണ്ടുപേര്‍ ഇതേ കോളേജിലെ വിദ്യാര്‍ത്ഥികളുമാണ്.

ചൊവ്വാഴ്ച രാത്രിയില്‍ ചെര്‍പ്പുളശ്ശേരിയില്‍ നടന്ന വാഹന പരിശോധനക്കിടയിലാണ് സര്‍ട്ടിഫിക്കറ്റുകളുമായി ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച  KL 52 B 5335 നമ്പര്‍ മാരുതി കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ക്ക് വന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ റാക്കറ്റുമായി ബന്ധമുള്ളതായി പോലീസ് കരുതുന്നു. ഇവരില്‍ നിന്ന് ഏതാണ്ട് എട്ടോളം വ്യാജ് സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടി. ഓപ്പണ്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളാണ് ഇവയെല്ലാം. മഹാരാഷ്ട്ര പരീക്ഷാ ബോര്‍ഡിന്റെ പതിനെട്ടോളം സര്‍ട്ടിഫിക്കറ്റുകളുമായി ഐഡിയല്‍ കോളേജില്‍ അഡ്മിഷന്‍ എടുത്ത പതിനെട്ടോളം കുട്ടികളെ ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയതായി കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇത്തരത്തില്‍ 100ല്‍ കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചതായി വിവരം ലഭിച്ചു.

ഒരു സര്‍ട്ടിഫിക്കറ്റിന് 15000 മുതല്‍ 28000 രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വല്ലപ്പുഴ എലൈറ്റ് കോളേജില്‍ വെച്ച് ഹാള്‍ടിക്കറ്റ് പോലും ഇല്ലാതെയാണ് പരീക്ഷ നടത്തിയതായി കാണിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി പോലീസ് പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര പരീക്ഷാബോര്‍ഡിന് കേരളത്തില്‍ ഒരു സെന്‍ട്രല്‍പോലുമില്ലാതെയാണ് ഇത്തരം തട്ടിപ്പ് അരങ്ങേറിയത്. ഈ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഈ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കോളേജുകളിലും അന്വേഷണം നടത്തും.