സ്വാശ്രയം: സമരം ചെയ്യുന്നത് കോഴ അവസാനിച്ചതില്‍ അസ്വസ്ഥയുള്ളവരെന്ന് മുഖ്യമന്ത്രി

Posted on: September 28, 2016 3:45 pm | Last updated: September 29, 2016 at 8:51 am
SHARE

PINARAYIതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് എകീകൃത ഫീസ് ഘടന കൊണ്ടുവന്ന സര്‍ക്കാന്‍ നടപടിക്കെതിരെ സമരം ചെയ്യുന്നത് കോഴവാങ്ങല്‍ അവസാനിച്ചതില്‍ അസ്വസ്ഥത പൂണ്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥി താത്പര്യം സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ജനം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സമരം പൊതുജനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അംഗീകരിച്ച ഫീസില്‍ നിന്ന് ഒരു രൂപ പോലും അധികം വാങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. എകീകൃത ഫീസ് ഘടന വന്നതോടെ കൂടുതല്‍ കോളജുകള്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായി. ഇതുവഴി സീറ്റുകളുടെ എണ്ണം വര്‍ധിച്ചു. 25000 രൂപ നിരക്കില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്ന സ്ഥിതി വന്നു. പണത്തിന്റെ സ്വാധീനത്തില്‍ പ്രവേശനം നേടാനുള്ള അവസരം ഒഴിവാകുകയും ചെയ്തു. ഇതില്‍ എന്തിനാണ് അസ്വസ്തഥയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമരം പൊളിഞ്ഞപ്പോള്‍ ജനശ്രദ്ധ കിട്ടാനുള്ള പുതിയ വിദ്യയാണിത്. അനുമതി കിട്ടിയിട്ടും അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറായില്ല. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് സഭ തടസ്സപ്പെടുത്താനാണ് പ്രതിക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഹര്‍ത്താലിനെതിരെ ഉപവാസം നടത്തിയവരാണ് ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ് ഹര്‍ത്താലിന് എതിരെ ബില്‍ അവതരിപ്പിച്ചത്. സമരപ്പന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞു എന്ന ആക്ഷേപം വ്യാജമാണ്. സമരക്കാരെ പിരിച്ചുവിടാനാണ് ഗ്രനേഡ് എറിഞ്ഞത്. ചിലപ്പോള്‍ കാറ്റില്‍ പുക സമരപ്പന്തലിലേക്കും എത്തിയിട്ടുണ്ടാകും. എന്തായാലും ഇപ്പോഴത്തെ സമരരീതി ഭൂഷണമോ എന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തനിക്കെതിരെ കരിങ്കൊടി കാണിച്ചത് ചാനല്‍ വാടകക്കെടുത്തവരാണെന്ന് പറഞ്ഞത് എനിക്ക് അപ്പോള്‍ തോന്നിയത് പറഞ്ഞതാണ്. യൂത്ത് കോണ്‍ഗ്രസ് പോലെ ഒരു പാര്‍ട്ടി ഇ്ത്തരം ഒരു പരിപാടി നടത്തുമ്പോള്‍ കൂടുതല്‍ ആളുകള്‍ കാണുമെന്നാണ് തന്റെ വിശ്വാസം. ഇപ്പൊള്‍ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ് ആണെന്ന് അവര്‍ പറയുന്നു. അപ്പോള്‍ പിന്നെ തര്‍ക്കിക്കേണ്ട കാര്യമില്ല. തനിക്ക് അത്തരത്തില്‍ തോന്നാന്‍ മുന്‍ അനുഭവങ്ങള്‍ ഒരുപാട് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here