ഇന്ത്യക്ക് പിന്നാലെ മൂന്ന് രാജ്യങ്ങൾ പിൻവലിഞ്ഞു; സാർക്ക് ഉച്ചകോടി റദ്ദാക്കി

ഉറി ഭീകരാക്രമണത്തിന്റെ പേരില്‍ ഉച്ചകോടി ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് മൂന്ന് രാജ്യങ്ങൾ കൂടി സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സാര്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്ന നേപ്പാളിനെ അറിയിച്ചിരിക്കുന്നത്.
Posted on: September 28, 2016 11:49 am | Last updated: September 28, 2016 at 7:03 pm
SHARE

NAWAS SHARIF MODIന്യൂഡല്‍ഹി: നവംബറില്‍ ഇസ്ലാമാബാദില്‍ നടത്താന്‍ നിശ്ചയിച്ച സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. സാർക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്ന നേപ്പാളാണ് ഇക്കാര്യ‌ം അറിയിച്ചത്. സാർക്ക് ഉച്ചകോടി ബഹിഷ്കരിക്കുന്നതായി ഇന്നലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഉച്ചകോടി റദ്ദാക്കാൻ തീരുമാനിച്ചത്. ഉച്ചകോടി പാക്കിസ്ഥാന് പുറത്തേക്ക് മാറ്റണോ എന്ന കാര്യത്തിൽ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് നേപ്പാൾ കേന്ദ്രങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന ഇന്ത്യൻ നിലപാടിന്റെ വിജയമായാണ് ഉച്ചകോടി മാറ്റിവെച്ച തീരുമാനം വിലയിരുത്തപ്പെടുന്നത്.

സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ ഉച്ചകോടിയിൽ നിന്ന് പിൻമാറിയത്. മേഖലയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ സര്‍വസൈന്യാധിപകന്‍ എന്നനിലയില്‍ രാജ്യത്ത് നിന്ന് വിട്ടുനില്‍ക്കാനാകില്ലെന്നും അതിനാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗാനി നേപ്പാളിനെ അറിയിച്ചു. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു രാജ്യം ഇടപെടല്‍ നടത്തുന്ന സാഹചര്യത്തില്‍ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് ബംഗ്ലാദേശ് അറിയിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ തന്നെയാണ് ഭൂട്ടാനും പ്രതികരിച്ചിരിക്കുന്നത്. മേഖലയില്‍ അടുത്തിടെയുണ്ടായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സാര്‍ക്ക് ഉച്ചകോടിക്കുള്ള സാഹചര്യം വഷളാക്കിയതായി നേപ്പാളിന് അയച്ച സന്ദേശത്തില്‍ ഭൂട്ടാന്‍ വ്യക്തമാക്കി. ഇന്ത്യയുടെ പങ്കാളിത്തം ഇല്ലാതെ സാര്‍ക്ക് ഉച്ചകോടി നടത്താനാകില്ലെന്ന് നിലപാടെടുത്ത് ശ്രീലങ്കയും രംഗത്ത് വന്നിട്ടുണ്ട്.

മുമ്പ് നടന്ന 18 സാര്‍ക്ക് സമ്മേളനങ്ങളില്‍ എട്ടെണ്ണവും വിവിധ കാരണങ്ങള്‍ നീട്ടിവെച്ചിരുന്നു. 1990ല്‍ മാല്‍ദ്വീപില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി രണ്ട് തവണ നീട്ടിവെച്ചു. ഇത്തവണ ഇന്ത്യ പിന്‍വാങ്ങിയത് പോലെ പൊതു പ്രസ്താവന നടത്തി സാര്‍ക്ക് ഉച്ചകോടി ഒരു രാജ്യം ബഹിഷ്‌കരിക്കുന്നത് ഇതാദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here