Connect with us

Kerala

തെരുവ്‌നായ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും

Published

|

Last Updated

തിരുവനന്തപുരം: തെരുവ്‌നായ്ക്കളെ പിടിക്കാന്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകരും. സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് തെരുവു നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമാകുകയാണ് കുടുംബശ്രീ. ഇതിനായി പ്രത്യേകം തിരഞ്ഞെടുത്ത അയല്‍ക്കൂട്ട വനിതകള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പരിശീനം നല്‍കി സംരംഭക ഗ്രൂപ്പുകള്‍ രൂപവത്കരിക്കും. ഇവര്‍ പിന്നീട് ഓരോ ബ്ലോക്കിലും പദ്ധതിയുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് യൂനിറ്റുകളായി പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ഉപദ്രവം ഒരു സാമൂഹ്യപ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ് കുടുംബശ്രീയുടെ ഇടപെടല്‍. അയല്‍ക്കൂട്ട വനിതകള്‍ക്ക് ഒരു വരുമാനദായക സംരംഭം എന്ന നിലക്ക് സംസ്ഥാനത്തെ 50 ബ്ലോക്കുകളില്‍ സംരംഭക ഗ്രൂപ്പുകള്‍ രൂപവത്കരിക്കും.
ഓരോ ബ്ലോക്ക് പരിധിയിലുമുള്ള പഞ്ചായത്തുകളിലെ തെരുവുനായ്ക്കളെ നിലവിലുള്ള നിയമപരിധിക്ക് വിധേയമായി കൂട് വെച്ച് പിടിച്ച് മൃഗാശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയും ശസ്ത്രക്രിയാനന്തര പരിചരണവും ഉറപ്പാക്കുക എന്നതാണ് കുടുംബശ്രീക്ക് കീഴിലുള്ള ബ്ലോക്ക് മാനേജ്‌മെന്റ് യൂനിറ്റുകളുടെ ചുമതല.
പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ പാറക്കടവ്, അങ്കമാലി, പാമ്പാക്കുട എന്നീ ബ്ലോക്കുകളില്‍ ഇതിനകം മൂന്ന് ഗ്രൂപ്പുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇതിലെ അംഗങ്ങള്‍ക്ക് ഈമാസം പരിശീലനം നല്‍കും. ഒക്‌ടോബര്‍ അഞ്ചിന് ഈ മൂന്ന് ബ്ലോക്കുകളില്‍ പദ്ധതി ആരംഭിക്കും.
അഞ്ച് പേരടങ്ങുന്നതാണ് ഓരോ സംരംഭക യൂനിറ്റും. കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും ഇതില്‍ പങ്കാളികളാകാം തിരഞ്ഞെടുത്തവര്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ വിദഗ്ധ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.
വന്ധ്യംകരണം നടത്തുന്ന നായ്ക്കള്‍ക്ക് ശസ്ത്രക്രിയാനന്തര പരിചരണം നല്‍കി ഇവയെ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ തിരികെ എത്തിക്കുന്നതിനുള്ള ചുമതല പരിശീലനം നേടിയ കുടുംബശ്രീ സംരംഭകര്‍ക്കായിരിക്കും. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് എന്നിവയുമായുള്ള സഹകരണവും കുടുംബശ്രീ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

Latest