ഇന്ത്യയിലെ ആദ്യ കാര്‍ കപ്പല്‍ കൊച്ചിയില്‍

Posted on: September 28, 2016 11:17 am | Last updated: September 28, 2016 at 11:17 am
SHARE

ship-carമട്ടാഞ്ചേരി: ഇന്ത്യയിലാദ്യമായി സര്‍വ്വീസ് തുടങ്ങിയ കാറുകള്‍ കയറ്റിയിറക്കുന്ന റോള്‍ ഓണ്‍ റോ ഓഫ് (റോ-റോ) കപ്പല്‍ എം വി ഡ്രെസ്ഡന്‍ കൊച്ചയിലെത്തി. എന്നോറില്‍ നിന്ന് കൊച്ചിയിലെത്തിയ കപ്പല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.50 നാണ് എറണാകുളം വാര്‍ഫിലെ ‘ക്യു ഏഴ്’ ബര്‍ത്തില്‍ അടുത്തത്. ആഭ്യന്തര തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍മാര്‍ഗ്ഗം കാറുകള്‍ എത്തിക്കുന്ന പ്രഥമസര്‍വ്വീസ് കപ്പലാണ് ഇന്നലെ കൊച്ചിയിലെത്തിയത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി കപ്പലിനെ സ്വീകരിച്ചു. തുറമുഖത്തെ എറണാകുളം വാര്‍ഡിലെത്തിയ കപ്പലിനെ സ്വീകരിക്കാന്‍ തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്ജ് എ വി.രമണ,സെക്രട്ടറി ഗൗരി. എസ്.നായര്‍ ,മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തൊഴിലാളി സംഘടനാ നേതാക്കളായ വിജയകുമാര്‍, അനന്തനാരായണന്‍,എസ്.സജി തുടങ്ങിയവരടങ്ങുന്ന വന്‍ സംഘം വാര്‍ഫിലെത്തിയിരുന്നു .
തമിഴ്‌നാട്ടിലെ എണ്ണൂര്‍ തുറമുഖത്ത് നിന്ന് ആഭ്യന്തര നിര്‍മ്മിതമായ കാറുകളുമായാണ് ചരക്ക് കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തിയത്. 2000 കാറുകളുമായി എത്തിയ എം.വി.ഡ്രസ്സ് ഡെന്‍ എന്ന കപ്പലില്‍ നിന്ന് 350 കാറുകളാണ് കൊച്ചിയിലിറക്കിയത്.ഇതിലുടെ കൊച്ചിക്ക് ഓട്ടോ മൈാബൈല്‍ ഉല്‍പന്നരംഗത്ത് വന്‍ സാധ്യതകളുണ്ടായതായാണ് വിലയിരുത്തുന്നത്. 177 മീറ്റര്‍ നീളവും ഏഴുമീറ്റര്‍ ഉയരവുമുള്ള കപ്പലിന് 13 ഡെക്കുകളിലായി 4,300 കാറുകളെ വഹിക്കാന്‍ ശേഷിയുണ്ട്. തമിഴ് നാട് ഗുജറാത്ത് ഹരിയാന മേഖലകളെ ബന്ധിപ്പിച്ച് എന്നോര്‍-കൊച്ചി-കാണ്ട്‌ല-കൊച്ചി-എന്നോര്‍ റൂട്ടിലാണ് സര്‍വീസ്. പ്രതിമാസം ആറ് സര്‍വ്വീസുകളാണ് നിലവില്‍ കൊച്ചിയിലെത്തുകയെന്ന് അസിസ്റ്റന്റ് ട്രാഫിക്ക് മാനേജര്‍ ജിമ്മി ജോര്‍ജ്ജ് പറഞ്ഞു. ഇതിലുടെ പത്ത് കോടി രുപയാണ് തുറമുഖത്തിന് വരുമാന നേട്ടമുണ്ടാകുകയെന്ന് ഇദ്ദേഹം കുട്ടിചേര്‍ത്തു.