Connect with us

National

ബലൂച് നേതാവിന് രാഷ്ട്രീയ അഭയം: ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പ്രവാസ ജീവിതം നയിക്കുന്ന ബലൂച് നേതാവ് ഇബ്‌റാഹിം ദാഗ് ബുഗ്തിക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചു. രാഷ്ട്രീയ അഭയം ആവശ്യപ്പെട്ട് ബുഗ്തി നല്‍കിയ അപേക്ഷ ആഭ്യന്തര മന്ത്രാലയം വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറി. അദ്ദേഹത്തിന് അഭയം നല്‍കുന്നതിന്റെ സുരക്ഷാ വശങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് ഇത്. സുരക്ഷാ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം കേന്ദ്ര ക്യാബിനറ്റ് തീരുമാനം കൈകൊള്ളും. ഉറി ഭീകരാക്രമണത്തിന്റെ മുമ്പ് തന്നെ ബുഗ്തി അപേക്ഷ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലെ ചെങ്കോട്ട പ്രസംഗത്തില്‍ മോദി ബലൂച് ജനതയുടെ സ്വാതന്ത്ര്യ ശ്രമത്തെ പരാമര്‍ശിച്ചതോടെയാണ് ബുഗ്തിയുടെ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തങ്ങളുടെ നേതാവിന് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. പാക്കിസ്ഥാനെ സമ്മര്‍ദത്തിലാക്കുകയെന്ന നയതന്ത്ര ലക്ഷ്യമാണ് ബുഗ്തിക്ക് അഭയം കൊടുക്കുക വഴി ഇന്ത്യക്കുള്ളത്.
ബുഗ്തിയുടെ അപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സമഗ്രമായ സുരക്ഷാ പരിശോധന ആവശ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ബുഗ്തി തന്റെ അപേക്ഷ ജനീവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോണ്‍സുലേറ്റ് ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. അന്തിമ പരിഗണനക്കായി അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന് മുമ്പില്‍ എത്തുകയായിരുന്നു. ഇന്ത്യക്ക് സമഗ്ര അഭയം നല്‍കല്‍ നയം ഇല്ല. യു എന്‍ കണക്ക് പ്രകാരം 6,480 വിദേശികള്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സമഗ്ര നയം ഇല്ലാത്തത് കൊണ്ട് തന്നെ അഭയം നല്‍കുന്നതിന്റെ പ്രക്രിയ അത്യന്തം സങ്കീര്‍ണമാണ്. ബുഗ്തിക്ക് അഭയം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ 1959 മുതലുള്ള രേഖകള്‍ പരതുകയാണ്. അന്ന് ദലൈലാമക്കും അനുയായികള്‍ക്കും ജവാഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നു. ആഭ്യന്ത നിയമങ്ങളില്‍ ഒരിടത്തും അഭയാര്‍ഥി എന്ന പദം പോലുമില്ല. 1951ലെ യു എന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനിലോ അഭയാര്‍ഥികളുടെ അവകാശങ്ങളും സേവനങ്ങളും നിര്‍വചിക്കുന്ന 1967ലെ പ്രോട്ടോകോളിലോ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല.
2006ല്‍ പാക് സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ കൊച്ചു മകനാണ് ഇബ്‌റാഹിംദാഗ് ബുഗ്തി. 2010ല്‍ അഫ്ഗാന്‍ വഴി ഇദ്ദേഹത്തിന് ജനീവയിലേക്ക് കടക്കാന്‍ അവസരമൊരുക്കിയത് ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നു. രാഷ്ട്രീയ അഭയം നല്‍കിയാല്‍ ബുഗ്തിക്ക് വാര്‍ഷികമായി പുതുക്കാവുന്ന ദീര്‍ഘകാല വിസ നല്‍കും. ഈ സംവിധാനമുപയോഗിച്ചാണ് 1994 മുതല്‍ വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമാ നസ്‌റീന്‍ ഇന്ത്യയില്‍ കഴിയുന്നത്.

Latest