Connect with us

Articles

മോദിയുടെ ഡയലോഗുകള്‍ വീഴ്ചകളെ മറച്ചുവെക്കുമോ?

Published

|

Last Updated

പുരുഷോത്തമനായ നായകന്‍, ക്രൂരതകളുടെ വിളനിലമായ വില്ലനെ ഇല്ലാതാക്കുന്നതാണ് അവസാന രംഗമെന്ന ഉറപ്പുണ്ടാകുമെങ്കിലും അതിലേക്ക് നയിക്കുന്ന സംഗതികള്‍ കാണികളെ പിടിച്ചിരുത്തുന്നതാകുമ്പോഴാണ് സസ്‌പെന്‍സ് സൃഷ്ടിക്കപ്പെടുക. അവ്വിധത്തില്‍ പാകപ്പെടുത്തിയതായിരുന്നു “ചരിത്ര സംഭവ”മെന്ന് സംഘ്പരിവാരമൊന്നാകെ വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗം. പ്രസംഗത്തിനൊരു രൂപഘടനയുള്ളത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ്, പ്രത്യേകിച്ച് സി പി എമ്മിന്. മലയാളികള്‍ക്ക് കേട്ട് ശീലമുള്ളതും ആ പാര്‍ട്ടിയുടെ നേതാക്കളുടെ വാഗ്‌ധോരണിയാണ്. അന്താരാഷ്ട്രത്തില്‍ തുടങ്ങി, ദേശീയത്തില്‍ ഊന്നി, പ്രാദേശികത്തിലേക്ക് പടരുന്നതാണ് ആ രൂപഘടന. പ്രധാനപ്പെട്ടതെന്ന് ആ പാര്‍ട്ടി വിചാരിക്കുന്ന സമ്മേളനങ്ങള്‍ മുതല്‍ നാട്ടുമ്പുറത്തെ നാല്‍ക്കവലകളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ വരെ ഈ ഘടനയില്‍ മാറ്റം വരുത്താറില്ല. സസ്‌പെന്‍സ് വളര്‍ത്തുക എന്ന ലക്ഷ്യത്താലാകണം കോഴിക്കോട്ടെ കടപ്പുറത്ത് ഘടനയൊന്ന് തിരിച്ചിട്ട് പ്രയോഗിച്ചു നമ്മുടെ പ്രധാനമന്ത്രി.
കേരളത്തെ പുകഴ്ത്തി, മലയാളികളെച്ചൊല്ലിയുള്ള അഭിമാനം പങ്കുവെച്ച്, ഈ പ്രദേശത്തെ രാജ്യത്തെ ഒന്നാം നിരയിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത്, ഇന്ത്യാ മഹാരാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ കഥ പറഞ്ഞ്, ഇന്ത്യയുള്‍ക്കൊള്ളുന്ന ഏഷ്യയുടെ നൂറ്റാണ്ടാണ് നടപ്പിലുള്ളത് എന്നതില്‍ ഊന്നി, ഈ ഭൂഖണ്ഡത്തിന്റെ നൂറ്റാണ്ടിനെ തുരങ്കം വെക്കാന്‍ പാകത്തില്‍ ഭീകരവാദം കയറ്റിയയക്കുകയാണ് പാക്കിസ്ഥാനെന്ന് കുറ്റപ്പെടുത്തല്‍. ഒന്നും മറക്കില്ലെന്ന മുന്നറിയിപ്പ്. ദാരിദ്ര്യമില്ലാതാക്കാന്‍, തൊഴിലില്ലായ്മയുടെ കഴുത്ത് ഞെരിക്കാന്‍, നിരക്ഷരതയെ നിഷ്‌കാസനം ചെയ്യാന്‍, ശിശു മരണങ്ങളുടെ കടക്കല്‍ കത്തിവെക്കാന്‍ ഒക്കെ യുദ്ധമാകാമെന്നും അതിലാര് ജയിക്കുന്നുവെന്ന് നോക്കാമെന്നും വെല്ലുവിളി.
“നിങ്ങളുടെ കൂടി പ്രധാനമന്ത്രിയാകേണ്ടവനായിരുന്നല്ലോ ഞാന്‍” എന്ന മട്ടില്‍ വിഭജനപൂര്‍വ രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് മനംനൊന്തു. പകുത്തുപോയതിലെ ചില ഭാഗങ്ങളിലെ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളില്‍ വേപഥു പൂണ്ടു. ആരും ചോദിക്കാനില്ലെന്ന് കരുതരുതെന്ന് സാന്ത്വനിപ്പിക്കും പോലെ ചിലത് മൊഴിഞ്ഞു. ഭരണ നേതൃത്വത്തെ ചോദ്യംചെയ്യാന്‍ അവരോട് ആഹ്വാനം ചെയ്താണ് സാഗര ഗര്‍ജനം പോലുള്ള വാക് പ്രവാഹം തത്കാലത്തേക്ക് രംഗമൊഴിഞ്ഞത്.
നയചാതുരി ഇമ്മാതിരി ഭൂമിയിലുണ്ടോ? എന്ന് ആരാധകര്‍ വടക്കന്‍ പാട്ട് മട്ടില്‍ അത്ഭുതം കൂറി. ഒളിയുദ്ധ ചതുരരായ അയല്‍ ഭരണ നേതൃത്വത്തെ, അവിടുത്തെ ജനങ്ങളെ ഇളക്കിവിട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലും വലിയ തന്ത്രമുണ്ടോ എന്ന് തലപുകഞ്ഞവരും കുറവല്ല. കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും വര്‍ഷാദ്യത്തില്‍ പത്താന്‍കോട്ടും രണ്ടാഴ്ച മുമ്പ് ഉറിയിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചുവെന്ന് തെളിവുകള്‍ നിരത്തി ആരോപിക്കുന്ന, സൈന്യത്താലും രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐയാലും (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്) നിയന്ത്രിക്കപ്പെടുന്ന പാക്കിസ്ഥാന്‍ സര്‍ക്കാറിനെ അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ആ രാജ്യത്തെ ജനങ്ങളില്‍ നിന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം. അതിലും വലിയ തന്ത്രമുണ്ടോ? മുമ്പ് മുംബൈയില്‍ തുഴഞ്ഞെത്തിയ അക്രമികള്‍ എമ്പാടും ചോരപ്പുഴയൊഴുക്കിയപ്പോള്‍ ഇവ്വിധം പറയാനൊരു നേതാവിന്റെ തരിയുണ്ടായിരുന്നോ ഈ രാജ്യത്ത്?
പാക് അധീന കശ്മീരില്‍, ബലൂചില്‍, ഗില്‍ജിത് – ബാല്‍ട്ടിസ്ഥാനില്‍ ഒക്കെ ജീവിക്കുന്നവരോട് അനീതി കാട്ടുന്ന, ന്യായമായ അവകാശങ്ങളുന്നയിക്കുന്നവരെ അടിച്ചമര്‍ത്തുന്ന, അതിനായി സൈന്യത്തെ നിയോഗിക്കാന്‍ മടിക്കാത്ത പാക്കിസ്ഥാന്‍ ഭരണകൂടത്തെ ചോദ്യംചെയ്യാനാണ് നമ്മുടെ പ്രധാനമന്ത്രി കോഴിക്കോട്ട് അറബിക്കടലിനെ സാക്ഷിയാക്കി നടത്തിയ ആഹ്വാനം. ഇപ്പറഞ്ഞയിടങ്ങളിലൊക്കെ പാക്കിസ്ഥാന്‍ ഭരണകൂടത്തോട് ചെറുതല്ലാത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. അതൊന്ന് ഉണര്‍ത്തി വളര്‍ത്തിയാല്‍ അതിര്‍ത്തിക്കപ്പുറത്തെ അസംതൃപ്തിയിലേക്ക് ശ്രദ്ധതിരിക്കാന്‍ ഇട കിട്ടാത്ത അവസ്ഥ പാക്കിസ്ഥാനിലെ ഭരണകൂടത്തിനുണ്ടാകുമെന്നാണ് ഒറ്റ പ്രസംഗം കൊണ്ട് രാഷ്ട്രതന്ത്രജ്ഞനായി വളര്‍ന്ന നമ്മുടെ പ്രധാനമന്ത്രിയുടെ വിചാരം. വിഭജനാനന്തരം ഇക്കാലംവരെയുള്ള പാക്കിസ്ഥാന്റെ ചരിത്രം നോക്കിയാല്‍ ആ രാജ്യം സമാധാനത്തോടെ ഉറങ്ങിയെഴുന്നേറ്റ കാലം തീരെക്കുറച്ചേ ഉണ്ടായിട്ടുള്ളൂവെന്ന് കാണാം. അതികഠിനമായ ആഭ്യന്തര പ്രതിസന്ധി അവിടുത്തെ ഭരണകൂടം നേരിട്ടപ്പോഴൊക്കെ അതിനെ മറികടക്കാന്‍ ഇന്ത്യയിലെ അസംതൃപ്തികളെ വളര്‍ത്തി വലുതാക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിക്കുകയും ഒളിയാക്രമണങ്ങളില്‍ സജീവമാകുകയും ചെയ്തിട്ടുണ്ട് ആ രാജ്യം. അത് മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ തന്ത്രം വജ്രായുധമാണെന്ന് ധരിക്കുമായിരുന്നോ?
പാക്കിസ്ഥാനിലെ ഭരണകൂടത്തോട് അതൃപ്തിയുള്ള അന്നാട്ടുകാര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ വിലക്കെടുക്കാനിയടുണ്ടോ? പാക് അധീന കശ്മീരിന്റെയും ബലൂചിസ്ഥാന്റെയും കാര്യം ആദ്യമായി പറഞ്ഞതിന് പിറകെ അന്നാട്ടുകാര്‍ ചിലര്‍ നന്ദി അറിയിച്ചുവെന്നാണ് നരേന്ദ്ര മോദി തന്നെ അവകാശപ്പെട്ടത്. ബലൂചിലെ ഒരു നേതാവ് ഇന്ത്യയില്‍ അഭയം തേടാന്‍ ശ്രമിക്കുന്നു, പാക് അധീന കശ്മീരിലെ ഒരു നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്മനസ്സിനെ പ്രകീര്‍ത്തിച്ച് രംഗത്തുവരികയും ചെയ്തിരിക്കുന്നു. ബലൂചിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ യൂറോപ്യന്‍ യൂനിയന്‍, ലംഘനങ്ങള്‍ക്ക് ഇടയാക്കും വിധത്തിലുള്ള പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇതിലപ്പുറമെന്തെങ്കിലും മോദിയുടെ പ്രചാരണം കൊണ്ടുണ്ടാകുമോ? ഉണ്ടാകാന്‍ സാധ്യത കുറവാണ്.
വംശഹത്യാ ശ്രമത്തിന് അരുനില്‍ക്കുകയോ അധ്യക്ഷത വഹിക്കുകയോ ചെയ്തുവെന്ന ആരോപണം മൂലം വിവിധ രാഷ്ട്രങ്ങള്‍ വ്യാഴവട്ടക്കാലം ഭ്രഷ്ട് കല്‍പ്പിച്ച വ്യക്തിയാണ് നരേന്ദ്ര മോദി. ഇന്ത്യന്‍ യൂണിയന്റെ പ്രധാനമന്ത്രിയായതോടെയാണ് ഈ വിലക്ക് അവസാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പോളങ്ങളിലൊന്നിന്റെ നേതാവിനു മേല്‍ വിലക്ക് തുടരാന്‍ സാധിക്കുമായിരുന്നില്ല രാജ്യങ്ങള്‍ക്ക്. ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ചിലതിനെക്കുറിച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് മുന്നറിവുണ്ടായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. നിസ്സഹായരായ മനുഷ്യരെ, ഭീകരവാദികളായി ചിത്രീകരിച്ച് വെടിവെച്ച് കൊന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഗുജറാത്ത് പോലീസില്‍ തിരിച്ചെത്തിയതിലും സ്ഥാനക്കയറ്റമുള്‍പ്പെടെ ആസ്വദിക്കുന്നതിലും മോദിയുടെ പരമാധികാരപ്രാപ്തി പങ്കുവഹിച്ചിട്ടില്ലേ എന്ന സംശയവും നിലനില്‍ക്കുന്നു.
കേന്ദ്ര ഭരണത്തിന്റെ ആധിപത്യത്തിലേക്ക് നരേന്ദ്ര മോദി എത്തിയതിന് ശേഷമുള്ള സംഗതികളും രാജ്യത്തിനകത്തും പുറത്തും വലിയവിമര്‍ശത്തിന് വിധേയമായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെയും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും അവകാശങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ലെന്നാണ് മുഖ്യ ആക്ഷേപം. മോദി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ വലിയ സമ്മര്‍ദം നേരിടുകയാണെന്ന് അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയെപ്പോലുള്ള ചില രാഷ്ട്രങ്ങളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ തന്നെ ഇക്കാര്യങ്ങള്‍ പറയുന്നു. ഇതേക്കുറിച്ചൊക്കെ അറിയുന്നവര്‍ പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലുമൊക്കെ കുറവായിരിക്കും. പക്ഷേ, മാട്ടിറച്ചി സൂക്ഷിച്ചതിനോ കഴിച്ചതിനോ ജനത്തെ തല്ലുകയും കൊല്ലുകയും ചെയ്യുന്നുണ്ട് ഇന്ത്യാ മഹാരാജ്യത്ത് എന്നും അതിന് മുന്നിട്ടിറങ്ങുന്നവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയുമായി ചെറുതല്ലാത്ത ബന്ധമുണ്ട് എന്നും ഇതങ്ങനെ തുടരുമ്പോഴും തടയാന്‍ പാകത്തില്‍ യാതൊന്നും ചെയ്യുന്നില്ല നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയെന്നും അവരറിയാതിരിക്കാന്‍ വഴിയില്ല. ഇവ്വിധം ആരോപണങ്ങള്‍ നേരിടുന്നയാള്‍ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ അതിക്രമങ്ങളെക്കുറിച്ചും പറയുമ്പോള്‍ മുഖവിലക്കെടുക്കാമോ എന്ന സംശയം അവര്‍ക്കുണ്ടാകുക സ്വാഭാവികം.
അല്ലെങ്കിലും അവിടുത്തെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുമെന്ന പ്രതീക്ഷയിലല്ല നരേന്ദ്ര മോദി ഈ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ദേശീയതയിലും രാജ്യസ്‌നേഹത്തിലും അഭിരമിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരെയും രാഷ്ട്രീയ അനുഭാവികളെയും തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ്. പത്താന്‍കോട്ടിലും ഉറിയിലും നടന്ന ആക്രമണങ്ങളില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് തെളിവുകള്‍ നിരത്തി കുറ്റപ്പെടുത്തുന്ന, നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തുകൊണ്ട് ഉചിതമായ മറുപടിക്ക് തയ്യാറാകുന്നില്ലെന്ന ചോദ്യമുയര്‍ന്നാല്‍ അതിനൊരു തടയാകും ഈ പ്രചാരണം എന്നാണ് മോദിയുടെയും സംഘത്തിന്റെയും പ്രതീക്ഷ. അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ഈ പ്രചാരണം സഹായിക്കുമെന്നും അവര്‍ കരുതുന്നു. പരമാധികാരിയായി താനിരിക്കെ, രഹസ്യാന്വേഷണ – ഇന്റലിജന്‍സ് ഏജന്‍സികളെ വേണ്ടവിധം ഉപയോഗിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്ത് ആക്രമണങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കാതിരുന്നതിലെ വീഴ്ച മറച്ചുവെക്കാമെന്ന കണക്കുകൂട്ടലുമുണ്ട്.
കമ്പോളങ്ങള്‍, യാത്രാ കേന്ദ്രങ്ങള്‍ എന്നിവയൊക്കെ ലക്ഷ്യമിട്ട് പരമാവധി ആഘാതം ഉറപ്പാക്കുക എന്നതാണ് പൊതുവില്‍ ഭീകരവാദികളുടെ രീതി, ഇന്ത്യക്കകത്തും പുറത്തും. അതിലൂടെ പൊതുസമൂഹത്തില്‍ ഭീതി സൃഷ്ടിക്കുകയും ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇടിക്കുകയുമാണ് ലക്ഷ്യം. ഈ പതിവിന് വിരുദ്ധമായ ആക്രമണങ്ങള്‍ ഇന്ത്യന്‍ യൂനിയനിലുണ്ടായത് ജമ്മു കശ്മീര്‍ നിയമസഭയും ഇന്ത്യന്‍ പാര്‍ലിമെന്റും ആക്രമിക്കപ്പെട്ടപ്പോഴാണ്. ഇവ അരങ്ങേറുമ്പോള്‍ എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ ഭരിക്കുകയായിരുന്നു, “ലോഹപുരുഷനാ”യി വിശേഷിപ്പിക്കപ്പെട്ടിരുന്ന എല്‍ കെ അദ്വാനിയായിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി.
പിന്നീട് അധികാരത്തില്‍ വന്ന യു പി എ സര്‍ക്കാറിന്റെ കാലത്ത് രാജ്യം പലകുറി ഭീകര ആക്രമണങ്ങള്‍ക്ക് സാക്ഷിയായി. അതിലേറ്റം വലുതായിരുന്നു 2008ല്‍ മുംബൈയില്‍ അരങ്ങേറിയത്. അതിന് മുമ്പും പിമ്പുമായി നടന്ന പല ആക്രമണങ്ങളും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉയര്‍ന്ന നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയവയാണെന്ന ആരോപണം നിലവിലുണ്ട്. എന്തായാലൂം മുംബൈ ആക്രമണത്തിന് ശേഷം രാജ്യത്തെയാകെ സ്തംഭിപ്പിക്കും വിധത്തിലുള്ള വലിയ ആക്രമണങ്ങള്‍ കുറച്ചുകാലത്തേക്ക് ഉണ്ടായില്ല. വാഗ്‌ധോരണിയുടെ പുറംമോടിയില്ലാതിരുന്ന അന്നത്തെ ഭരണ നേതൃത്വത്തിന് അത്രത്തോളമെങ്കിലും സാധിച്ചിരുന്നു. അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവ് അധികാരമേറ്റ് രണ്ടേകാല്‍ വര്‍ഷത്തിനിടെ രാജ്യത്തെ രണ്ട് സേനാ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പത്താന്‍കോട്ട് കടന്നുകയറിയ അക്രമികളെ ഒടുക്കിയെന്ന് ഉറപ്പിക്കാന്‍, സ്‌ഫോടനം നടത്തി സൈനിക കേന്ദ്രത്തിന്റെ ഒരുഭാഗം തകര്‍ക്കേണ്ടിവന്നു. ആക്രമണം നടത്തിയ സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് കണ്ടെത്താന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഈ അപമാനത്തിന്റെ ഭാരമൊഴിയും മുമ്പാണ് ഉറിയില്‍ 18 സൈനികരുടെ ജീവനെടുത്ത ആക്രമണമുണ്ടായത്.
അപ്പോള്‍ പിന്നെ സസ്‌പെന്‍സിനൊടുവില്‍, സൂക്ഷ്മമായ ശബ്ദ നിയന്ത്രണത്തോടെ തൊടുക്കുന്ന ഡയലോഗുകളിലൂടെ ആവേശമുണര്‍ത്തുക മാത്രമേ തരമുള്ളൂ. പാക്കിസ്ഥാന്‍ ജനതയോട് നേരിട്ട് സംവദിക്കാനുള്ള നയവും തന്ത്രവും പ്രയോഗിച്ചുവെന്ന് സംതൃപ്തി അടയുകയും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്