Connect with us

Editorial

അറിയണം അയല്‍ വീട്ടിലെ നൊമ്പരം

Published

|

Last Updated

സാംസ്‌കാരിക സമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ് ദിവസങ്ങളോളം ഭക്ഷണവും ചികിത്സയും കിട്ടാതെ വീട്ടമ്മ മരിച്ച സംഭവം. തൊട്ടടുത്ത വീട്ടിലെ വിശപ്പിന്റെ വിളിയും മരണവെപ്രാളവും സഹജീവികള്‍ കേള്‍ക്കാതെ പോയെന്ന് അറിയുമ്പോള്‍ മാറുന്ന മലയാളിയുടെ മനസ്സും ജീവിത സാഹചര്യങ്ങളും വായിച്ചെടുക്കാനാകുന്നു. ഇക്കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ദിവസങ്ങളോളം ഭക്ഷണവും മരുന്നും കിട്ടാതെ ഉന്നത കുല ജാതയായ വീട്ടമ്മ മരണം ഏറ്റുവാങ്ങിയതും മൃതദേഹം കെട്ടിപ്പിടിച്ചു കിടക്കുന്ന മനോനില തെറ്റിയ മകളുടെ ദയനീയാവസ്ഥയും സഹൃദയരായ മലയാളികളുടെ കരളലിയിപ്പിക്കേണ്ടതാണ്.
പട്ടിണി കിടന്നാണ് മരിച്ചതെങ്കിലും പട്ടിണി മരണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകാത്ത മരണമാണ് എടപ്പാളിലെ വീട്ടമ്മയുടേത്. കാരണം സുഭിക്ഷമായി ജീവിക്കാനും ഭക്ഷിക്കാനുമുള്ള സാഹചര്യങ്ങളുണ്ടായിട്ടും പുറംലോകവുമായി ബന്ധമില്ലാതിരുന്ന ഈ കുടുംബത്തിന് നേരത്തിന് തിന്നാനോ കുടിക്കാനോ ബോധമുണ്ടായിരുന്നില്ല. ബോധമുള്ള ബന്ധുജനങ്ങള്‍ക്കോ അയല്‍ക്കാര്‍ക്കോ ഇവരെ ഉള്‍ക്കൊള്ളാനുമായില്ല. പുഴുവരിച്ച് മുഴുപ്പട്ടിണിയില്‍ കിടന്ന് അയല്‍ക്കാരന്‍ മരിച്ച വിവരം പരിസരവാസി അറിയുന്നത് പത്രത്തിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും.
നാം അറിയാതെ മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ മാറിയ സാമൂഹിക ക്രമത്തിന്റെ പരിച്ഛേദമാണ് ഇത്തരം സംഭവങ്ങള്‍.
കൂട്ടുകൂടിയും പരസ്പരം ആശ്രയിച്ചും ജീവിച്ചിരുന്ന ഗ്രാമീണര്‍ പോലും സാമൂഹിക ജീവിത ക്രമത്തിലെ സനാതനമൂല്യങ്ങളോടും ആശയങ്ങളോടും കാലക്രമേണ വിടപറയുകയാണ്. അയല്‍വീട്ടില്‍ അഭയവും ആശ്രയത്വവും തേടിയിരുന്ന മലയാളികള്‍ ഏകലീന ചുറ്റുപാടില്‍ അന്തര്‍മുഖരായി കഴിയാനാണ് ഇഷ്ടപ്പെടുന്നത്. ടി വി സീരിയലുകള്‍ ദിനചര്യയാക്കിയ വീട്ടമ്മമാര്‍ക്കും മാളുകളില്‍ ശാപ്പാടും ഷോപ്പിംഗും പതിവാക്കിയ കുടുംബിനികളും അയല്‍ വീട്ടിലെയോ ബന്ധുവീട്ടിലെയോ പരാധീനതകളും നൊമ്പരവും അലമുറയും കാണാതെ പോകുകയോ കണ്ടില്ലെന്ന് നടിക്കുകയോ കാണാതിരിക്കാന്‍ ശ്രമിക്കുകയോ ആണ്. പരിസര വീട്ടിലെ അടുക്കളയില്‍ തീപുകയുന്നുവോ എന്നറിയാതെ വയര്‍ നിറയെ തിന്നുന്നവരാണ് നമ്മളെല്ലാവരും. തൊട്ടടുത്ത വീട്ടിലെ വിശപ്പിന്റെ വിളിയും പിടയുന്ന ജീവനും കാണാതെ പോകുന്ന എത്രയെത്ര സംഭവങ്ങള്‍.
നൊന്തുപെറ്റും ആറ്റുനോറ്റും വളര്‍ത്തി വലുതാക്കിയ മക്കളുടെ സ്‌നേഹവും പരിചരണവും വിലക്കപ്പെട്ട് വൃദ്ധസദനങ്ങളിലും ആശാകിരണ്‍ കേന്ദ്രങ്ങളിലും വേദനയനുഭവിച്ചുകഴിയുന്ന മാതാപിതാക്കളുള്ളപ്പോള്‍ അയല്‍ക്കാരന്റെ വേദനക്കെന്തു വില? അന്യന്റെ വ്യഥകളറിയാന്‍ കൂട്ടാക്കാതെ, സ്‌നേഹം പകര്‍ന്നു നല്‍കാതെ ജീവിതം തള്ളിനീക്കുന്ന മലയാളികള്‍ക്കിടയില്‍ തന്നെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാന്‍ സജ്ജമാക്കിയ അമ്മത്തൊട്ടിലുകളില്‍ എത്തപ്പെടുന്ന നവജാത ശിശുക്കളുടെ എണ്ണവും കൂടുകയാണ്.
എന്തിനേറെ പറയുന്നു, ദൈവം കനിഞ്ഞുനല്‍കിയ വെള്ളത്തിന് പോലും അങ്കംവെട്ടുകയാണ് അയല്‍ക്കാര്‍ തമ്മില്‍. ഇല്ലായ്മയിലുള്ള പങ്കാളിത്തമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഈ പങ്കാളിത്തത്തിന് പരിസരമൊരുക്കാന്‍ ഒരു ന്യായപീഠത്തിനുമാകില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ പ്രസിഡന്റിന് ആദിവാസികളായ റെഡ് ഇന്ത്യക്കാരുടെ തലവന്‍ അയച്ച ഒരു കത്തുണ്ട്. നദികളെ കുറിച്ചും വായുവിനെ സംബന്ധിച്ചും ഇത്രമാത്രം ആര്‍ദ്രതയോടെയും ഉള്‍ക്കാഴ്ചയോടെയും എഴുതിയിട്ടുള്ള മറ്റൊരു കത്തില്ല. കത്തിലെ കനമുള്ള വരികളിങ്ങനെ: പ്രസിഡന്റ് നമ്മുടെ ഭൂമി വേണമെന്ന് പറയുന്നു. എങ്ങനെയാണ് ഈ ഭൂമി അവര്‍ക്ക് വില്‍ക്കാനാകുക. ഇതിലുള്ള പുഴ ഞങ്ങളുടേതല്ല, പുഴയിലെ വെള്ളത്തിന്റെ തിളക്കവും പുതുമയും ഞങ്ങളുടേതല്ല, ഇതിനൊന്നിനും ഉടമകള്‍ ഞങ്ങളല്ലെന്നിരിക്കെ ഈ ഭൂമി എങ്ങനെ ഞങ്ങള്‍ക്ക് വില്‍ക്കാനാകും?… ഉടമ ഉടയതമ്പുരാനാണെന്ന ബോധ്യത്തില്‍ ഇടുങ്ങിയ ചിന്താഗതികള്‍ മാറ്റിവെച്ച് പാരസ്പര്യത്തില്‍ പങ്കുചേരാന്‍ എല്ലാവര്‍ക്കുമാകണം.
നാം യാന്ത്രികമാകുകയാണോ? ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സഹൃദയത്വവും ദീനാനുകമ്പയും അന്യംനിന്നുപോകുമ്പോള്‍ മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ദര്‍ശനമാണ് നമുക്ക് മാതൃകയാകേണ്ടത്. സഹജീവികള്‍ക്ക് സ്‌നേഹവും വാത്സല്യവും കരുണയും പകര്‍ന്നുനല്‍കാനാണ് എല്ലാ തത്വസംഹിതകളും മനുഷ്യനെ ഉണര്‍ത്തുന്നത്.
മനുഷ്യന് എന്തൊക്കെ കൈമോശം വന്നാലും സഹൃദയത്വവും സഹവര്‍ത്തിത്വവും സ്‌നേഹവായ്പും ജീവിതചര്യയായി കൊണ്ടുനടക്കാനാകണം. ദൈവം സൃഷ്ടികള്‍ക്ക് ചൊരിയുന്ന കാരുണ്യവായ്പ് സൃഷ്ടികള്‍ സഹജീവികള്‍ക്കും പകര്‍ന്നുനല്‍കണം.

---- facebook comment plugin here -----

Latest