കല്യാണാഘോഷങ്ങളിലെ ആഭാസങ്ങള്‍ക്കെതിരെ കൂട്ടായ ശബ്ദമുയരണം – എസ്‌വൈഎസ്

Posted on: September 28, 2016 10:40 am | Last updated: September 28, 2016 at 10:40 am
SHARE

sysകാസര്‍കോട്: ജീവിതത്തിലെ വളരെ പവിത്രതയുള്ള വിവാഹങ്ങളെ ആഭാസകരമാക്കി മാറ്റുന്ന പുതിയ പ്രവണതകള്‍ക്കെതിരെ മഹല്ല് നേതൃത്വവും സംയുക്ത ജമാഅത്തുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് സുന്നി സെന്ററില്‍ സമാപിച്ച ജില്ലാ എസ്‌വൈഎസ് അര്‍ധവാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് ആഹ്വാനം ചെയ്തു.

വിവാഹ വീടുകള്‍ കയ്യേറുന്നതും വധൂ വരന്മാരുടെയും കുടുംബത്തിന്റെയും വ്യക്തിത്വത്തെ ഹനിക്കുന്ന നിലയില്‍ ആഭാസ പ്രവണതകള്‍ നടത്തുന്നതും എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. നിലവിലെ നിയമങ്ങള്‍ അനുസരിച്ചു തന്നെ പോലീസിന് ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാവും. നഗര പരിസരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവാഹത്തോടനുബന്ധിച്ച് നടന്ന സംഭവത്തില്‍ ഒരാള്‍ മരിക്കാനിടയായ വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണ്. ഈ സംഭവത്തില്‍ പോലീസ് സ്വീകരിച്ച നടപടി ഏറെ സ്വാഗതാര്‍ഹമാണ്. ഇത്തരം സംഭവങ്ങള്‍ ഉടന്‍ പോലീസിന്റെ ശ്രദ്ധയിലെത്തിക്കാന്‍ മഹല്ല് കാരണവന്മാര്‍ ശ്രദ്ധിച്ചാല്‍ ബഹുജന കൂട്ടായ്മയിലൂടെ വിവഹങ്ങളിലെ ആഭാസങ്ങളെ തുടച്ചു നീക്കാനാവും.

ലോകത്ത് ശക്തിപ്പെടുന്ന തീവ്രവാദത്തിനും ഭീകരതക്കും പിന്നില്‍ സലഫി ആശയമാണെന്നും സലഫി സംഘടനകള്‍ നടത്തുന്ന ഭീകര വിരുദ്ധ ക്യാമ്പയിനുകള്‍ മുഖം രക്ഷിക്കാനുള്ള പ്രചാര വേലയാണെന്നും യോഗം വിലയിരുത്തി. സലഫി വഹാബി തീവ്ര ആശയങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ യോഗം കര്‍മ പദ്ധതിയാവിഷ്‌കരിച്ചു.

ജില്ലാ പ്രസിഡന്റ് സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് പഴശ്ശി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ അസീസ് ഹദറൂസി കുമ്പള പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് സഖാഫി പാത്തൂര്‍ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടും ബശീര്‍ പുളിക്കൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലായിലെ 12 സോണുകളെക്കുറിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടുകള്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, അശ്രഫ് കരിപ്പൊടി നൗഷാദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി തുടങ്ങിയവര്‍ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here