ഇന്ത്യയുടെ ടൂറിസം വളര്‍ച്ചക്ക് ഖത്വര്‍ എയര്‍വേയ്‌സിന്റെ പിന്തുണ

Posted on: September 27, 2016 7:49 pm | Last updated: September 27, 2016 at 7:49 pm
ഇന്ത്യാ ടൂറിസം നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുത്ത അക്ബര്‍ അല്‍ ബാകിര്‍  പ്രതിനിധികള്‍ക്കൊപ്പം
ഇന്ത്യാ ടൂറിസം നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുത്ത അക്ബര്‍ അല്‍ ബാകിര്‍
പ്രതിനിധികള്‍ക്കൊപ്പം

ദോഹ: ഇന്ത്യന്‍ ടൂറിസം വിപണിയുടെ വളര്‍ച്ചക്ക് പിന്തുണയും സഹായവുമുണ്ടാകുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ഇന്നലെ ആരംഭിച്ച ഇന്ത്യാ ടൂറിസം നിക്ഷേപക ഉച്ചകോടിയില്‍ ഖത്വര്‍ എയര്‍വേയ്‌സ് പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചക്ക് കുതിപ്പേകാന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഏക ഗള്‍ഫ് വിമാനക്കമ്പനിയും ഖത്വര്‍ എയര്‍വേയ്‌സാണ്.
വിനോദ സഞ്ചാര മേഖലയിലെ തടസ്സങ്ങള്‍ മറികടക്കുന്നതിനും പുതിയ നിക്ഷേപ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമുള്ള പദ്ധതികള്‍ ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സാമ്പത്തിക രംഗത്ത് ശക്തമായ നിലയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ധാരാളം വ്യവസായ അവസരങ്ങളുണ്ട്. ഇന്ത്യയുടെ വളര്‍ച്ച ഖത്വര്‍ എയര്‍വേയ്‌സിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകള്‍ വികസിക്കുന്നതിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള സമീപനം വേണം. പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഖത്വര്‍ എയര്‍വേയ്‌സ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
ആഴ്ചയില്‍ നൂറിലധികം സര്‍വീസുകളുണ്ട്. അത്യാധുനിക സൗകര്യങ്ങളും സേവനങ്ങളുമായി യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവമാണ് ഖത്വര്‍ എയര്‍വേയ്‌സ് സമ്മാനിക്കുന്നത്. യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കമില്ലാത്ത പുതിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളിലൊന്നാണ് ഖത്വര്‍ എയര്‍വേയ്‌സ്.