Connect with us

National

ഉറി ഭീകരാക്രമണം: ഗ്രാമീണര്‍ പിടികൂടിയ ഭീകരരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

Published

|

Last Updated

ചിത്രം പ്രതീകാത്മകം

ചിത്രം പ്രതീകാത്മകം

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഉറിയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഗ്രാമീണര്‍ പിടികൂടിയ രണ്ട് പാക് സ്വദേശികളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. പാക് അധീന കാശ്മീരിലെ മുസാഫറാബാദ് സ്വദേശികളായ ഫൈസല്‍ ഹുസൈന്‍ അവാന്‍ (20), യാസീന്‍ ഖുര്‍ഷിദ് (19) എന്നിവരെയാണ് എന്‍ഐഎക്ക് കൈമാറിയത്. ഉറിയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികള്‍ക്ക് ഇന്ത്യയിലെത്താന്‍ സഹായം നല്‍കിയത് ഇവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാന് കൈമാറിയിരുന്നു.

ഉറിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ അവാനെയും ഖുര്‍ഷിദിനെയും ഗ്രാമീണര്‍ പിടികൂടി സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു. സൈന്യം ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജയ്‌ഷേ മുഹമ്മദ് തീവ്രവാദികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ തങ്ങള്‍ സഹായം നല്‍കിയിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടെ, സൈന്യവുമായുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് തീവ്രവാദികളുടെ ചിത്രങ്ങള്‍ ഇവരെ കാണിച്ചപ്പോള്‍ ഇതില്‍ ഒരാളെ ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. ധര്‍ബാംഗ് ഗ്രാമത്തിലെ ഹഫീസ് അഹമ്മദ് എന്നയാളെയാണ് ഇവര്‍ തിരിച്ചറിഞ്ഞത്.

പിടിയിലായ രണ്ട് പേരെയും എന്‍ഐഎ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഉറി ആക്രമണത്തിന് പിന്നിലെ പാക് പങ്ക് വ്യക്തമാകുമെന്നാണ് കരുതുന്നത്.