സ്ത്രീ ശാക്തീകരണത്തിന് ഒരു കോടി ദിര്‍ഹമിന്റെ സംരംഭവുമായി ശൈഖ ജവാഹിര്‍

Posted on: September 27, 2016 3:09 pm | Last updated: September 28, 2016 at 7:56 pm
SHARE
'നമ ഇന്റര്‍നാഷണല്‍ ഫണ്ട്' പ്രഖ്യാപനം നിര്‍വഹിച്ച് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഷാര്‍ജ ബിസിനസ് വിമണ്‍സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അമീറ ബിന്‍ കറം സംസാരിക്കുന്നു
‘നമ ഇന്റര്‍നാഷണല്‍ ഫണ്ട്’ പ്രഖ്യാപനം നിര്‍വഹിച്ച് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഷാര്‍ജ ബിസിനസ് വിമണ്‍സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അമീറ ബിന്‍ കറം സംസാരിക്കുന്നു

ഷാര്‍ജ: സ്ത്രീ ശാക്തീകരണത്തിന് ‘നമ ഇന്റര്‍നാഷണല്‍ ഫണ്ട്’ സംരംഭത്തിന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്തന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയും നമ വുണ്‍ അഡ്വാന്‍സ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ചെയര്‍പേഴ്‌സണുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി തുടക്കം കുറിച്ചു.
ഒരു കോടി ദിര്‍ഹമാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്ന്. സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ പുതിയ സംരഭങ്ങള്‍ക്കും ആവശ്യമായ സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ പ്രഖ്യാപനം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന സ്ത്രീ സമാധാനവും സുരക്ഷയും ചര്‍ച്ച ചെയ്ത പ്രത്യേക സമ്മേളനത്തില്‍ നമ വൈസ് ചെയര്‍പേഴ്‌സണും ഷാര്‍ജ ബിസിനസ് വിമണ്‍സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ അമീറ ബിന്‍ കറം നിര്‍വഹിച്ചു. പദ്ധതി യു എ ഇയില്‍ മാത്രം ഒതുങ്ങാതെ ആഗോളതലത്തിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി സഹായം നല്‍കും.
മേഖലാ തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള സംഘടനകളുമായി ചേര്‍ന്ന് വനിതാ ശാക്തീകരണ പരിപാടികള്‍ സംഘടിപ്പിക്കുകയും സഹായം നല്‍കുകയും ചെയ്യും.
വനിതകളുടെ തൊഴില്‍പരവും സാമ്പത്തികവുമായ വികസനത്തിന്‌രാഷ്ട്ര മാതാവ് ശൈഖ ഫാത്വിമ ബിന്‍ത് മുബാറകിന്റെ അനുഗ്രഹാശിസ്സുകളോടെ യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്തന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലുള്ള ‘നമ’ പദ്ധതിക്ക് തുടക്കംകുറിച്ചത്.