ഏറ്റവും കൂടിയ വിസ്തൃതിയില്‍ തുടര്‍ച്ചയായി അതിവേഗം കോണ്‍ക്രീറ്റിംഗ് നടത്തി

Posted on: September 27, 2016 3:01 pm | Last updated: September 27, 2016 at 3:01 pm
വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ കെ പി നവാസ്, എക്‌സി. ഡയറക്ടര്‍ ടി എന്‍ നിസാര്‍, ആര്‍ പി ഗ്രൂപ്പ് മാനേജര്‍ വിനോദ് ഗോപിനാഥന്‍, ഗള്‍ഫ് ഏഷ്യന്‍ കോണ്‍ട്രാക്ടിംഗ് പ്രൊജക്ട്  മാനേജര്‍ ശ്രീകാന്ത് തുടങ്ങിയവര്‍ ഗിന്നസ് റെക്കോര്‍ഡ് ഏറ്റുവാങ്ങുന്നു
വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ കെ പി നവാസ്, എക്‌സി. ഡയറക്ടര്‍ ടി എന്‍ നിസാര്‍, ആര്‍ പി ഗ്രൂപ്പ് മാനേജര്‍ വിനോദ് ഗോപിനാഥന്‍, ഗള്‍ഫ് ഏഷ്യന്‍ കോണ്‍ട്രാക്ടിംഗ് പ്രൊജക്ട്
മാനേജര്‍ ശ്രീകാന്ത് തുടങ്ങിയവര്‍ ഗിന്നസ് റെക്കോര്‍ഡ് ഏറ്റുവാങ്ങുന്നു

ദുബൈ: ദുബൈയിലെ ജീപ്പാസ് ടവര്‍ കെട്ടിട നിര്‍മാണ രംഗത്ത് പുതിയൊരു നാഴികകല്ലായി മാറിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2016 സെപ്തംബര്‍ ഒന്‍പതിനാണ് വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളളതും ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്റ്റിംഗ് കമ്പനി നിര്‍മാണം ഏറ്റെടുത്തിരിക്കുന്നതുമായ ജീപ്പാസ് ടവര്‍ ചരിത്രനേട്ടം കൈവരിച്ചത്. ഏറ്റവും കൂടിയ വിസ്തൃതിയില്‍ തുടര്‍ച്ചയായും വേഗത്തിലും കോണ്‍ക്രീറ്റ് പാകിയാണ് ജീപ്പാസ് ടവര്‍ ഗിന്നസ് ലോകറെക്കോര്‍ഡ്സില്‍ ഇടം നേടിയത്.
ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്റ്റിംഗ്, യുണിബെറ്റോണ്‍ റെഡിമിക്സ്, ചാവ്ല ആര്‍കിടെക്ചറല്‍ ആന്റ് കണ്‍സള്‍ട്ടിംഗ് എന്‍ജിനിയേര്‍സ് എന്നിവയുമായി സഹകരിച്ചാണ് ജീപ്പാസ് ടവര്‍, ലോകത്തെ തന്നെ ഏറ്റവും കൂടിയ വിസ്തൃതിയില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് വേഗത്തില്‍ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കി ചരിത്രനേട്ടം കൈയെത്തിപ്പിടിച്ചത്.
1,100 കോടി രൂപയുടെ നിര്‍മാണ കരാറിലൂടെയാണ് ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്റ്റിംഗ് കമ്പനി വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ജീപ്പാസ് ടവര്‍ നിര്‍മിക്കുന്നത്. ദുബൈ അര്‍ജാന്‍-അല്‍ ബര്‍ശയിലാണ് ജീപ്പാസ് ടവര്‍.
19,793 ക്യൂബിക്ക് മീറ്ററില്‍ 42 മണിക്കൂര്‍ തൂടര്‍ച്ചയായി കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കിയാണ് ജീപ്പാസ് ടവര്‍ ഗിന്നസ് ലോക റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചത്. വിവിധ ഷിഫ്റ്റുകളിലായി 600ലധികം വിദഗ്ധ തൊഴിലാളികള്‍ ഇടവേളകളില്ലാതെ ജോലിയെടുത്താണ് ഈ നേട്ടം കൈവരിച്ചത്.
യുണിബെറ്റോണ്‍ റെഡിമിക്സാണ് പദ്ധതിക്കാവശ്യമായ കോണ്‍ക്രീറ്റ് വിതരണം ചെയതത്. 300 ട്രാന്‍സിറ്റ് മിക്സറുകളുപയോഗിച്ച് മൂന്ന് പ്ലാന്റുകളില്‍ നിന്നായി 2500 ലധികം ട്രിപ്പുകളിലൂടെയാണ് നിര്‍മാണത്തിനാവശ്യമായ കോണ്‍ക്രീറ്റ് യുണിബെറ്റോണ്‍ റെഡിമിക്സ് എത്തിച്ചുനല്‍കിയത്.
14 ഭീമന്‍ കോണ്‍ക്രീറ്റ് പമ്പുകളാണ് കോണ്‍ക്രീറ്റ് പകരാന്‍ ഉപയോഗപ്പെടുത്തിയത്. ഈ കോണ്‍ക്രീറ്റ് പമ്പുകള്‍ക്ക് സാങ്കേതിക തകരാറുണ്ടായാല്‍ ഉപയോഗിക്കാനായി അഞ്ച് കോണ്‍ക്രീറ്റ് പമ്പുകളും പദ്ധതി പ്രദേശത്ത് കരുതിയിരുന്നു. 3,000 ടണ്‍ സ്റ്റീല്‍, നിര്‍മാണത്തിനായി ഉപയോഗിച്ചപ്പോള്‍ 150,000 മണിക്കൂറിന്റെ മനുഷ്യാധ്വാനമാണ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിംഗിനായി ചെലവഴിച്ചത്.
ജീപ്പാസ് ടവറിലൂടെ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി എന്‍ നിസാര്‍ പറഞ്ഞു. യു എ ഇ യില്‍ 18 ഇടങ്ങളില്‍ ഭൂമി ഏറ്റെടുത്ത ഗ്രൂപ്പ് പുതിയ സ്വപ്ന പദ്ധതികള്‍ക്കായുളള ഒരുക്കത്തിലാണ്. ലോക റെക്കോര്‍ഡ് നേട്ടം കൈയെത്തിപ്പിടിച്ച ജീപ്പാസ് ടവറിന്റെ നിര്‍മിതി, യു എ ഇ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ബൃഹത്തായ മറ്റ് നിര്‍മാണ പദ്ധതികളും ഏറ്റെടുത്ത് അതിവേഗം പൂര്‍ത്തികരിക്കാന്‍ പ്രചോദനമാകുമെന്ന് ടി എന്‍ നിസാര്‍ വ്യക്തമാക്കി.
1.5 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിക്കുന്ന ജീപ്പാസ് ടവര്‍ യു എ ഇയില്‍ ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്റ്റിംഗ് കമ്പനി ഏറ്റെടുത്ത ബൃഹത്തായ പദ്ധതികളിലൊന്നാണെന്ന് ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്റ്റിംഗ് കമ്പനി പ്രൊജക്റ്റ്സ് മാനേജര്‍ ശ്രീകാന്ത് രാമചന്ദ്രന്‍ പറഞ്ഞു.
684 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് ജീപ്പാസ് ടവറില്‍ ഉള്‍കൊളളിച്ചിരിക്കുന്നതെന്ന് വെസ്റ്റേണ്‍ ഇന്ത്യ ഡയറക്ടര്‍ കെ പി നവാസ് പറഞ്ഞു. എല്ലാവിധ സംവിധാനങ്ങളുമുളള ഒരു ജിംനേഷ്യം, ഹെല്‍ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍, 730 വാഹനങ്ങള്‍ക്ക് ആവശ്യമായ പാര്‍കിംഗ് സ്പേസ് എന്നിവയും ജീപ്പാസ് ടവറില്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് നിലകളിലായാണ് ബേസ്മെന്റ് പാര്‍കിംഗ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്.
വെല്‍ക്കം ലോബിയുള്‍കൊളളുന്നതാണ് ഗ്രൗണ്ട് ഫ്ളോര്‍. 40,000 സ്‌ക്വയര്‍ ഫീറ്റ് റീട്ടെയില്‍ സ്പേസും 19 നിലകളിലായി റസിഡന്‍ഷ്യല്‍ സ്പേസുമാണ് ജീപ്പാസ് ടവറില്‍ സജ്ജീകരിച്ചിരിക്കുന്നത്.
അത്യാകര്‍ഷകമായ രീതിയില്‍ രൂകല്‍പന ചെയ്തിരിക്കുന്ന ജീപ്പാസ് ടവര്‍ 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ണരീതിയില്‍ സജ്ജമാകുമെന്നും കെ പി നിസാര്‍ വ്യക്തമാക്കി.