യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ഗ്രനേഡ് പ്രയോഗിച്ചു

>>പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. >>സമരപ്പന്തലിനുള്ളിലേക്ക് പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. >>നിരാഹാരം നടത്തുന്ന ഡീന്‍ കുര്യാക്കോസിനും,സിആര്‍ മഹേഷിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. >>തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കാന്‍ യുഡിഎഫ് യോഗം നാല് മണിക്ക് ചേരും.
Posted on: September 27, 2016 1:54 pm | Last updated: September 27, 2016 at 6:19 pm

imageതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിക്കുകയായിരുന്നു. എന്നാല്‍ ടിയര്‍ ഗ്യാസ് പതിച്ചത് സമരപ്പന്തലിലാണ്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ സമരപ്പന്തലില്‍ ഇരിക്കുമ്പോഴാണ് കണ്ണീര്‍ ടിയര്‍ ഗ്യാസ് പൊട്ടിയത്.

image-1തുടര്‍ന്ന് സുധീരന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. കെപിസിസി അധ്യക്ഷന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് അധികാര ഭ്രാന്താണെന്നും അദ്ദേഹത്തെ സര്‍ സീപിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.