Connect with us

Kerala

ഡോക്ടര്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: യുവതി പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: ഡോക്ടര്‍ ചമഞ്ഞ് ഒരു കോടി 25 ലക്ഷം രൂപ തട്ടിയ യുവതി പിടിയിലായി. കൊല്ലം ആദിച്ചനല്ലൂര്‍ തഴുതല ഇബി മന്‍സിലില്‍ നിയ എന്ന ഇബി ഇബ്രാഹിം (30) ആണ് പിടിയിലായത്. എം ബി ബി എസ് ബിരുദധാരിയാണെന്നും കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ഡോക്ടറാണെന്നും ആശുപത്രി തുടങ്ങാന്‍ പോകുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി 11 കോടി രൂപ ചെലവ് വരുമെന്നും ഒരു കോടി 25 ലക്ഷം രൂപ നല്‍കിയാല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാക്കാമെന്നും പറഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റി നിയ മുങ്ങുകയായിരുന്നു.
സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും വിവിധ കമ്പനികളുടെ നിരവധി സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ സഹായികളായ മറ്റു നാല് പേരെ നേരത്തെ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ കോട്ടയം ഗാന്ധിനഗര്‍, കൊല്ലം ഈസ്റ്റ്, ചാത്തന്നൂര്‍, വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം എ സി, വി സുരേഷ് കുമാര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി എ സി പ്രമോദ് കുമാര്‍, മെഡിക്കല്‍ കോളജ് സി ഐ. സി ബിനുകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Latest