സത്കാര പ്രിയന്‍ മുഖ്യന്‍, പിശുക്ക് ടൂറിസം മന്ത്രിക്ക്

Posted on: September 27, 2016 10:36 am | Last updated: September 27, 2016 at 10:36 am
SHARE

PINARAYI 2തിരുവനന്തപുരം: അധികാരമേറ്റ് ചുരുങ്ങിയ കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചായസത്കാരത്തിന് ചെവിട്ടത് 4.18 ലക്ഷം രൂപ. ഇതില്‍ 1.32 ലക്ഷം രൂപയും മുഖ്യമന്ത്രി പിണറായി വിജയനാണ് ചെലവഴിച്ചത്. ടൂറിസം മന്ത്രി എ സി മൊയ്തീനാണ് ഇക്കാര്യത്തില്‍ പിശുക്കന്‍. വെറും 4985 രൂപമാത്രമാണ് എ സി മൊയിതീന്‍ ചായസത്കാരത്തിനായി ചെലവിട്ടത്.
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയിനത്തില്‍ ഇതുവരെ ചെലവിട്ടത് 13.56 ലക്ഷം രൂപയാണ്. ഗതാഗത വകുപ്പ് കൈയാളുന്ന എ കെ ശശീന്ദ്രനാണ് യാത്രാ ബത്തയിനത്തില്‍ കൂടുതല്‍ തുക കൈപറ്റിയത്. ഇതുവരെ 1.71 ലക്ഷം രൂപയാണ് ഗതാഗത മന്ത്രി കൈപ്പറ്റിയത്. തൊട്ടടുത്ത് വനം മന്ത്രി കെ രാജുവാണ്, 1.70 ലക്ഷം രൂപ. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, ജി സുധാകരന്‍, മാത്യുടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ഒരു രൂപപോലും യാത്രാ ബത്ത കൈപറ്റിയിട്ടില്ല. അതെ സമയം, മന്ത്രിമാരായ കെ കെ ശൈലജ (1.23 ലക്ഷം), എ സി മൊയ്തീന്‍ (1.59 ലക്ഷം), പി തിലോത്തമന്‍ (1.22 ലക്ഷം), ടി പി രാമകൃഷ്ണന്‍ (1.40 ലക്ഷം), കെ ടി ജലീല്‍ (1.64) എന്നിവര്‍ ഒരു ലക്ഷത്തിലേറെ രൂപ യാത്രാബത്ത ഇനത്തില്‍ കൈപറ്റി. മുഖ്യമന്ത്രി ഈ ഇനത്തില്‍ കൈപറ്റിയത് 22,189 രൂപയാണ്.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഫോണ്‍ ചാര്‍ജിനത്തില്‍ ഇതുവരെ 5.38 ലക്ഷം രൂപ മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവിട്ടിട്ടുണ്ട്. ഓഫീസിലെയും വസതിയിലെയും മൊബൈല്‍ ഫോണിന്റെതുമുള്‍പ്പെടെ 55,304 രൂപ ചെലവിട്ട മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 48,208 രൂപ ചെലവിട്ട കെ രാജുവാണ് മുഖ്യമന്ത്രിക്ക് പിന്നില്‍. ടി പി രാമകൃഷ്ണന്‍ (41,911), എ കെ ബാലന്‍ (41,420) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കുറവ് എ സി മൊയ്തീനാണ്, 14,821 രൂപ.
അഞ്ച് മന്ത്രിമാര്‍ ഇതിനകം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. മന്ത്രിമാരായ തോമസ് ഐസക്കിന്റെയും മാത്യു ടി തോമസിന്റെയും വത്തിക്കാനിലേക്കുള്ള യാത്ര മാത്രമാണ് ഇതില്‍ ഔദ്യോഗിക യാത്ര. മറ്റുള്ളവ സ്വകാര്യ യാത്രകളാണ്. തോമസ് ഐസക് (യു എസ് എ, യു എ ഇ) എ കെ ബാലന്‍ (നെതര്‍ലന്റ, ഫ്രാന്‍സ്) വി എസ് സുനില്‍കുമാര്‍ (യു എ ഇ) എന്നിവരാണ് വിദേശയാത്രകള്‍ നടത്തിയ മന്ത്രിമാര്‍.
ഔദ്യോഗിക വസതി നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 35.31 ലക്ഷം രൂപ ചെലവായതായി മുഖ്യമന്ത്രി അറിയിച്ചു. സിവില്‍ വര്‍ക്കുകള്‍ക്കായി ആകെ 30.31 ലക്ഷം രൂപയും ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കായി അഞ്ചു ലക്ഷം രൂപയുമാണ് ചെലവിട്ടത്. ക്ലിപ്പ് ഹൗസിലാണ് സിവില്‍ വര്‍ക്കുകള്‍ക്കായി കൂടുതല്‍ തുക ചെലവഴിച്ചത്. 6.09 ലക്ഷം. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കായി കൂടുതല്‍ ചെലവിട്ടത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വസതിയായ ‘നെസ്റ്റ്’ ബംഗ്ലാവിലാണ്. 92.500 രൂപ. ഇതിനു പുറമേ വസതികളിലെ കര്‍ട്ടന്‍ വര്‍ക്കുകള്‍ ഫര്‍ണിച്ചര്‍ എന്നിവയ്ക്കും മറ്റു സാധന സാമഗ്രികള്‍ വാങ്ങുന്നതിനുമായി 10.86 ലക്ഷം രൂപയും ചെലവഴിച്ചു. കര്‍ട്ടന്‍ വര്‍ക്കുകള്‍ക്കും ഫര്‍ണിച്ചര്‍ വര്‍ക്കുകള്‍ക്കുമായി മുഖ്യമന്ത്രിയുടെ വസതിയില്‍ മാത്രം 3.54 ലക്ഷം രൂപ ചെലവായി. എ കെ ബാലന്റെ ഔദ്യോഗിക വസതിയില്‍ സാധന സാമഗ്രികള്‍ വാങ്ങിയതിന് 2.25 രൂപ ചെലവായി.