പുജാരയുടെ തണുപ്പന്‍ കളി ഇനി കാണില്ല..!

Posted on: September 27, 2016 10:19 am | Last updated: September 27, 2016 at 10:19 am

cricket-ind-nzl_fe2eb8e4-83d8-11e6-aa25-6de36c266871കാണ്‍പൂര്‍ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാര തന്റെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയത് ശ്രദ്ധേയമായി. ഇതിന് പിറകില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും കോച്ച് അനില്‍ കുംബ്ലെയുടെയും ഇടപെടലായിരുന്നു. വിക്കറ്റ് നഷ്ടമാകാതെ, സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കുവാന്‍ മിടുക്കുള്ള പുജാര പേസര്‍മാര്‍ക്ക് മുന്നിലും കുലുങ്ങില്ല. പക്ഷേ, ടീമിന് ആവശ്യമായ സ്‌കോറിംഗില്‍ മെല്ലപ്പോക്ക് നയമാണ്. ഇത് മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് കോഹ്‌ലിക്ക് പുജാരയോട് പറയേണ്ടി വന്നു.
വിന്‍ഡീസ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ 67 പന്തില്‍ 16ഉം രണ്ടാമത്തേതില്‍ 159 പന്തില്‍ 46ഉം സ്‌കോര്‍ ചെയ്ത പുജാരയെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കാരണം, സ്‌ട്രൈക്ക് റേറ്റ് തന്നെ. എന്നാല്‍, ദുലീപ് ട്രോഫിയില്‍ ഡബിള്‍സെഞ്ച്വറിയടിച്ച പുജാര ക്യാപ്റ്റന്റെ ശ്രദ്ധയാകര്‍ഷിച്ചു. ടെസ്റ്റ് ടീമില്‍ പുജാരക്ക് ഇടമുണ്ടെന്നും എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. കാണ്‍പൂര്‍ ടെസ്റ്റില്‍ ഒന്നാമിന്നിംഗ്‌സില്‍ 109 പന്തില്‍ 62ഉം രണ്ടാമിന്നിംഗ്‌സില്‍ 152 പന്തില്‍ 78ഉം നേടിയ പുജാര ഒപ്പം കളിച്ചവരേക്കാള്‍ വേഗത്തിലാണ് സ്‌കോര്‍ ചെയ്തത്.