കൊളംബിയയില്‍ സമാധാന കരാര്‍ യഥാര്‍ഥ്യത്തിലേക്ക്; പ്രസിഡന്റും വിമത നേതാവും ഒപ്പുവെക്കും

Posted on: September 27, 2016 5:36 am | Last updated: September 27, 2016 at 12:38 am
SHARE
കരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി പ്രസിഡന്റും വിമത നേതാവും തമ്മില്‍ കാര്‍ട്ടിജനയിലെ പള്ളിയില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ പുറത്തു കാവല്‍ നില്‍ക്കുന്ന സുരക്ഷാ സൈനികര്‍
കരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി പ്രസിഡന്റും വിമത നേതാവും തമ്മില്‍ കാര്‍ട്ടിജനയിലെ പള്ളിയില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ പുറത്തു കാവല്‍ നില്‍ക്കുന്ന സുരക്ഷാ സൈനികര്‍

ബൊഗോട്ട : കൊളംബിയയില്‍ പ്രസിഡന്റ് ജുആന്‍ മാനുവല്‍ സാന്റോസും മാര്‍കിസ്റ്റ് വിമത നേതാവ് ടിമൊചെന്‍കൊയും സമാധാന കരാറില്‍ ഒപ്പ് വെക്കും. രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട അര നൂറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിന് അറുതിവരുത്തിക്കൊണ്ട് ബുള്ളറ്റില്‍ നിര്‍മിച്ച പേനകൊണ്ടാണ് ഇരുവരും സമാധാന ഉടമ്പടിയില്‍ ഒപ്പ് വെക്കുക.
നാല് വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാര്‍ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത് . അധിനിവേശ നഗരമായ കാര്‍ടഗിനയിലെ വാല്ലഡില്‍ ഏകദേശം 2,500 ഓളം വിദേശ-പ്രാദേശിക പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് സമാധാന കരാര്‍ ഒപ്പിടുക. കരാര്‍ ഒപ്പിടുന്നതോടെ 1964 മുതല്‍ സര്‍ക്കാറിനെതിരെ പൊരുതുന്ന വിമത വിഭാഗമായ ഫാര്‍ക് ഗറില്ലകള്‍ തോക്ക് താഴെവെച്ച് രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും പോരാട്ടം ജനാധിപത്യ മാര്‍ഗത്തിലേക്ക് മാറ്റുകയും ചെയ്യും. ഞങ്ങള്‍ ബുള്ളറ്റ് പേനകൊണ്ട് സമാധാന കരാറില്‍ ഒപ്പിടാന്‍ പോവുകയാണെന്നും ഇത് ബുള്ളറ്റുകളില്‍നിന്നും വിദ്യാഭ്യാസത്തിലേക്കും ഭാവിയിലേക്കുമുള്ള മാറ്റമാണെന്നും സാന്റോസ് പറഞ്ഞു. യു എന്‍ തലവന്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രൊ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, സംഘര്‍ഷത്തിലെ ഇരകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കൊംളംബിയയില്‍ സമാധാനം നിലനില്‍ക്കാനായി തങ്ങള്‍ പരിപൂര്‍ണ പിന്തുണയേകുമെന്ന് കൊളംബിയയിലേക്ക് പുറപ്പെടും മുമ്പ് ബാന്‍ പറഞ്ഞു. കരാരിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് അടുത്ത മാസം രണ്ടിന് രാജ്യത്ത് വോട്ടെടുപ്പ് നടത്തുന്നുണ്ടെങ്കിലും കരാറിന് അനുകൂലമായാണ് അഭിപ്രായ സര്‍വെഫലങ്ങളെന്നാണ് സൂചന.