Connect with us

International

ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരുടെ പേജുകള്‍ ഫേസ്ബുക്ക് റദ്ദാക്കി

Published

|

Last Updated

ജറൂസലേം: മതിയായ കാരണങ്ങള്‍ കൂടാതെ ഫലസ്തീന്‍ പത്ര എഡിറ്റര്‍മാരുടെ പേജുകള്‍ ഫേസ്ബുക്ക് റദ്ദാക്കി. കഴിഞ്ഞ ആഴ്ച നാല് മാധ്യമ പ്രവര്‍ത്തകരുടെ പേജുകള്‍ ഫേസ്ബുക്ക് റദ്ദാക്കിയിരുന്നു. ഇതിന് പിറകെയാണ് മറ്റു രണ്ട് പേരുടെ പേജുകള്‍ കൂടി ഫേസ്ബുക്ക് റദ്ദാക്കിയത്.
റദ്ദാക്കിയതിന് പ്രത്യേക കാരണങ്ങള്‍ ഇല്ലെന്നും തങ്ങളുടെ പേജുകള്‍ നിരീക്ഷണത്തിലാണെന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കിയതെന്നും എഡിറ്റര്‍മാര്‍ പറയുന്നു. ഫേസ്ബുക്കും ഇസ്‌റാഈല്‍ സര്‍ക്കാറും തമ്മിലുണ്ടാക്കിയ പുതിയ ഉടമ്പടിയുടെ ഭാഗമാണിതെന്നാണ് ഇവര്‍ പറയുന്നത്.
ആറ് ലക്ഷത്തിലധികം ലൈക്കുകളുള്ള ഷെഹാബ് വാര്‍ത്താ ഏജന്‍സി എഡിറ്ററുടെ പേജും കുദ്‌സ് വാര്‍ത്താ ഏജന്‍സിയുടെ മൂന്ന് പ്രതിനിധികളുടെ പേജുകളും കഴിഞ്ഞയാഴ്ച ഫേസ്ബുക്ക് റദ്ദാക്കിയിരുന്നു. രണ്ട് വാര്‍ത്താ ഏജന്‍സികളും പലസ്തീനിലെ വാര്‍ത്തകളാണ് പ്രധാനമായും ശേഖരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്‌റാഈല്‍ ഭീകരതക്കെതിരെ നടത്തുന്ന പ്രചാരണം ഇല്ലാതാക്കാന്‍ വേണ്ടി ഫേസ്ബുക്കും ഇസ്‌റാഈല്‍ സര്‍ക്കാറും ഈ മാസം ആദ്യം കരാറുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടിയെന്ന് കുദ്‌സ് വാര്‍ത്താ ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകന്‍ നിസ്‌റീന്‍ അല്‍ ഖത്തീബ് പറഞ്ഞു. അകാരണമായി ഫേസ്ബുക്ക് പേജുകള്‍ റദ്ദാക്കിയ നടപടിക്കെതിരെ ഫേസ്ബുക്കിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest