സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറില്ല

Posted on: September 27, 2016 6:00 am | Last updated: September 27, 2016 at 12:12 am
SHARE

ന്യൂഡല്‍ഹി: ശ്രീനഗറിലെ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്മാറേണ്ടെന്ന് തീരുമാനം. പുതിയ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഏറെ നേരത്തെ അവ്യക്തതക്കൊടുവിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. എന്നാല്‍, രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഉറി ആക്രമണത്തില്‍ 19 സൈനികരുടെ ജീവന്‍ നഷ്ടമായതിന് പകരമായി സിന്ധു നദീജല കരാര്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് യോഗം ചേര്‍ന്നത്.
അതേസമയം, പാക്കിസ്ഥാനിലേക്ക് വെള്ളം നല്‍കുന്ന ഝലം, ചിനാബ്, സിന്ധു നദികളിലെ ജലം കൂടുതലായി ഉപയോഗപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി. ഈ നദികളില്‍ അണക്കെട്ടുകള്‍ നിര്‍മിച്ചും വൈദ്യുതി ഉത്പാദനത്തിലൂടെയും വെള്ളം പരമാവധി ഉപയോഗിക്കണമെന്നാണ് ധാരണ. ഇതിനായി 15,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള പദ്ധതികള്‍ ആലോചിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇത് പാക്കിസ്ഥാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയേക്കും.
നിലവിലെ ജലകൈമാറ്റ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് ഈ തീരുമാനം. വൈകാരികമായി കാര്യങ്ങളെ സമീപിച്ച് ജലവിതരണം നിര്‍ത്തിവെച്ചാല്‍ അത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും വിലയിരുത്തിയ യോഗം, പരസ്പര വിശ്വാസവും സഹകരണവും ഇല്ലാതെ ഇത്തരം കരാറുകളും ഉടമ്പടികളും നിലനില്‍ക്കില്ലെന്ന വിലയിരുത്തലിലെത്തുകയായിരുന്നു.
ഇന്ത്യ ആവശ്യമായ വെള്ളം തരുന്നില്ലെന്ന പരാതിയുമായി പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ ഇന്ത്യക്കെതിരെ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍, നദീജല കരാര്‍ റദ്ദാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ജലവിഭവ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here