മെഡിക്കല്‍ പ്രവേശനം: ഏകീകൃത കൗണ്‍സില്‍ വാദം കേള്‍ക്കല്‍ തുടരും

Posted on: September 27, 2016 5:59 am | Last updated: September 27, 2016 at 12:01 am

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് രാജ്യവ്യാപകമായി ഏകീകൃത കൗണ്‍സില്‍ വേണമെന്ന കേന്ദ്രസര്‍ക്കാറിന്റെതുള്‍പ്പെടെയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ തുടരുന്നു. ഇതിനിടെ കേരളത്തിലെ അമൃത കല്‍പ്പിത സര്‍വകലാശാല സ്വന്തംനിലയില്‍ നടത്തിയ മെഡിക്കല്‍കൗണ്‍സിലിംഗ് നിയമ വിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചു. കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് സ്വന്തംനിലയില്‍ മെഡിക്കല്‍ കൗണ്‍സിലിംഗ് നടത്താന്‍ മുംബൈ ഹൈക്കോടതി അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കേരള സര്‍ക്കാര്‍ ആവശ്യമുന്നയിച്ചത്. കല്‍പ്പിത സര്‍വകലാശാലകളുടെ നടപടി യു ജി സി ചട്ടത്തിന്റെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിന്റെയും നഗ്നമായ ലംഘനമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിച്ചു.
സ്വന്തംനിലയില്‍ മാനേജ്‌മെന്റുകള്‍ നടത്തിയ കൗണ്‍സിലുകള്‍ വിദ്യാര്‍ഥികളുടെ ഭാവിയും, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരവും കണക്കിലെടുത്ത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്രയും കേന്ദ്രസര്‍ക്കാറും നീറ്റ് പരീക്ഷാ വിജ്ഞാപന പ്രകാരമുള്ള ഏകീകൃത കൗണ്‍സിലാണ് വേണ്ടതെന്നും വാദിച്ചു. ഇതേ തുടര്‍ന്നാണ് അമൃത സര്‍വകലാശാല നടത്തിയ കൗണ്‍സിലും ഇതോടൊപ്പം റദ്ദാക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം പരിശോധിക്കാമെന്നും ഇപ്പോള്‍ മഹാരാഷ്ട്രയുടെ കാര്യം മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മാനേജ്‌മെന്റുകള്‍ക്ക് കൗണ്‍സില്‍ നടത്താന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്. കേസില്‍ കേന്ദ്ര നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കും. ഒപ്പം മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത കൗണ്‍സില്‍ വേണമെന്ന കേന്ദ്ര നിലപാടിനെ സംസ്ഥാന സര്‍ക്കാറും പിന്തുണക്കുന്നുണ്ട്.