മുതിര്‍ന്നവര്‍ക്ക് സായാഹ്‌ന ക്ലാസ് നടത്താന്‍ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് അനുമതി

Posted on: September 26, 2016 10:33 pm | Last updated: September 26, 2016 at 10:33 pm
SHARE

d1533ac061e74e5d68f42586d5dfc609e3199789ദോഹ: മുതിര്‍ന്നവര്‍ക്കു വേണ്ടി സായാഹ്‌ന ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. പ്രവാസി സമൂഹത്തിനാണ് ഈ നടപടി കൂടുതല്‍ പ്രയോജനകരമാവുക. സ്‌കൂളുകളുടെ പാഠ്യപദ്ധതിക്ക് സമാന്തരമായി സായാഹ്‌ന ക്ലാസ് നടത്താനാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത്. മുതിര്‍ന്നവര്‍ക്കായി നടത്തുന്ന സായാഹ്ന ക്ലാസുകള്‍ക്ക് സ്‌കൂളുകള്‍ക്ക് ഫീസ് ഈടാക്കാം. എന്നാല്‍ സ്‌കൂളുകളുടെ റഗുലര്‍ ഫീസിനേക്കാള്‍ കുറഞ്ഞ നിരക്കു മാത്രമേ ഈടാക്കാവൂ.
സ്വകാര്യ സ്‌കൂളുകളുടേയും കിന്‍ഡര്‍ഗാര്‍ട്ടനുകളുടേയും ഉടമസ്ഥരുമായും മേധാവികളുമായും നടത്തിയ വാര്‍ഷികയോഗത്തില്‍ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ ്രൈപവറ്റ് സ്‌കൂള്‍ ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വൈകുന്നേരങ്ങളില്‍ സ്‌കൂളുകളിലോ അല്ലെങ്കില്‍ വീടുകളിലോ മുതിര്‍ന്നവര്‍ക്ക് വിദ്യാഭ്യാസം നല്‍കാം. എല്ലാ പ്രായത്തിലുമുള്ള മുതിര്‍ന്നവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സായാഹ്ന ക്ലാസുകളെടുക്കാനുള്ള അനുമതി ലഭിച്ചതായി പാക്കിസ്ഥാന്‍ എജുക്കേഷന്‍ സെന്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈജിപ്ഷ്യന്‍, സുഡാനി സ്‌കൂളുകളും ഈ നടപടിയെ സ്വാഗതം ചെയ്തു. അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്ത നിരവധി പ്രവാസികള്‍ക്ക് ഏറെ ഗുണകരമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാനും സ്വകാര്യ കിന്‍ഡര്‍ഗാര്‍ട്ടനുകളുടെ പ്രകടനം വിലയിരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ സ്‌കൂളുകളും മൂന്ന് വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം. അറബ് വിദ്യാര്‍ഥികള്‍ക്കായി ആഴ്ചയില്‍ നാല് മണിക്കൂര്‍ അറബിയും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി രണ്ട് മണിക്കൂര്‍ ഇസ്‌ലാമിക വിദ്യാഭ്യാസവും സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി ഖത്വറിന്റെ ചരിത്രവും പഠിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഈ അധ്യയനവര്‍ഷം മുതല്‍ സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും തീരുമാനിച്ചു. വിലയിരുത്തലിനും പരിശോധനക്കുമായി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എല്ലാ കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും ഉടന്‍ അറിയിപ്പ് നല്‍കും. കുട്ടികള്‍ക്ക് വിവിധ കേന്ദ്രങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളും സേവനങ്ങളും കണക്കിലെടുത്ത് അവയെ തരംതിരിക്കും. സ്‌കൂളിന്റെ പ്രകടനം സംബന്ധിച്ച് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും സംതൃപ്തി അറിയുന്നതിനായി സര്‍വേ നടത്താനും സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പെരുമാറ്റം വിലയിരുത്തുന്നതിനും 2015ലെ 23ാം ഉത്തരവിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനുമായി പുതിയ മാര്‍ഗനിര്‍ദേശവും മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. സ്വകാര്യ സ്‌കൂളുകള്‍ക്ക് വിഭജന സംവിധാനം നടപ്പാക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി പ്രഖ്യാപിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here