Connect with us

Uae

വിനോദ സഞ്ചാരികളുടെ ഖല്‍ബ് കവര്‍ന്ന് കല്‍ബ

Published

|

Last Updated

കല്‍ബയുടെ പ്രകൃതി സൗന്ദര്യം

ഷാര്‍ജ: ഷാര്‍ജയിലെ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാരികളുടെ “ഖല്‍ബ്” കവരുന്നു. തടാകവും പച്ചപ്പുകളും പൗരാണികതയുടെ ശേഷിപ്പുകളും മത്സ്യബന്ധന തുറമുഖവും വിശാലമായ കടല്‍തീരവും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.
സ്വദേശികളും, വിദേശികളുമായ നിരവധി സഞ്ചാരികളാണ് നിത്യവും ഷാര്‍ജ എമിറേറ്റിന്റെ ഭാഗമായ കല്‍ബയുടെ പ്രകൃതി രമണീയത ആസ്വദിക്കാനെത്തുന്നത്.
വിശാലമായ തടാകമാണ് പ്രധാനം. മലകളാല്‍ ചുറ്റപ്പെട്ട തടാകം ഖോര്‍ കല്‍ബയിലാണ്. ഓമാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ പ്രദേശം. ഇവിടെ നിന്നും ഏകദേശം നാലുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഒമാനിലെത്താം. തടാകത്തിനു കുറേ കൈപാലമുണ്ടെങ്കിലും ഇതു അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.
2012ലാണ് പാലം അടച്ചത്. പാലത്തിനരികില്‍ ചെക്ക് പോസ്റ്റുമുണ്ട്. അത്യാവശ്യ വാഹനങ്ങളെ മാത്രമാണ് ഇവിടെ കടത്തി വിടുക. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് ഈ പാലത്തിലൂടെ മറുവശം എത്താന്‍ സാധിക്കില്ല. അതിനാല്‍ സഞ്ചാരികള്‍ യാത്ര ഖോര്‍ കല്‍ബയില്‍ അവസാനിപ്പിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മടങ്ങുകയാണ് പതിവ്. കണ്ണെത്താദൂരത്തേക്ക് പരന്നു കിടക്കുന്ന തടാകം സഞ്ചാരികളുടെ ഹൃദയം ശരിക്കും കവരുകയാണ്. തടാകത്തിലിറങ്ങാന്‍ പലരും ശ്രിമിക്കുന്നുണ്ടെങ്കിലും കുളിക്കാന്‍ തയ്യാറാകാറില്ല. കല്‍ബയിലെ മത്സ്യബന്ധന തുറമുഖം വരെ നീണ്ടു കിടക്കുന്നതാണ് തടാകം.
തടാകത്തില്‍ നിന്ന് മത്സ്യം പിടിക്കുന്നതിനു ചില ഭാഗങ്ങളില്‍ അധികൃതര്‍ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. അതേ സമയം നേരത്തെ പിടികൂടുന്നതിനു വിലക്കുണ്ടായിരുന്നില്ലെന്നും അതു കൊണ്ടുതന്നെ മത്സ്യം പിടിക്കാന്‍ ധാരാളം പേര്‍ എത്താറുണ്ടായിരുന്നുവെന്നും കല്‍ബയിലെ വ്യാപാരി എ ടി മുഹമ്മദ് പറഞ്ഞു. മീന്‍ പിടുത്തം നിലച്ചതോടെ മത്സ്യം പെരുകിയിട്ടുണ്ട്. തടാകത്തിനരികില്‍പോലും വലിയ വലിയ മത്സ്യങ്ങളെ കാണാനാകും. ഇതു കാണാന്‍ മാത്രം സഞ്ചാരികള്‍ എത്തുന്നുണ്ട്. മത്സ്യ ബന്ധനം നിരോധിച്ചുകൊണ്ടുള്ള കുറേ ബോര്‍ഡ് സമീപത്ത് സ്ഥാപിച്ചതിനാല്‍ സഞ്ചാരികള്‍ മത്സ്യം പിടുക്കുന്നതില്‍ നിന്നും പിന്തിരിയുന്നു.
മത്സ്യബന്ധന തുറമുഖമാണ് കല്‍ബയിലെ മറ്റൊരു ആകര്‍ഷണീയത. നൂറുകണക്കിനു ബോട്ടുകളാണ് കടലില്‍ മത്സ്യബന്ധനത്തിനും യാത്രക്കുമായി സദാസമയവും ഒരുക്കി നിര്‍ത്തിയിട്ടുള്ളത്. പരമ്പരാഗത തുറമുഖമാണിത്. അതുകൊണ്ടുതന്നെ പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനവും നടക്കുന്നുണ്ട്. സ്വദേശികളുടെ ഉടമസ്ഥതയിലാണ് മത്സ്യബന്ധനം.
മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങളും മറ്റു സാമഗ്രികളിലധികവും നിര്‍മിക്കുന്നതും ഇവിടെ വെച്ചുതന്നെയാണ്.പൗരാണികതയുടെ ശേഷിപ്പുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. പഴയ വീടുകളുടെ അവശിഷ്ടങ്ങളും അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും, ജീവിതവുമായി ബന്ധപ്പെട്ട പലതരം വസ്തുകളും തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുകയാണ്. പനയോലകള്‍ കൊണ്ട് ചുറ്റുമതില്‍ നിര്‍മിച്ചാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പൗരാണിക പള്ളിയും മ്യൂസിയവും സമീപത്തുണ്ട്.
വിശാലമായ കടല്‍തീരം സഞ്ചാരികള്‍ക്ക് ഏറെ ആസ്വാദകരമാണ്. ബീച്ചില്‍ ധാരാളം സഞ്ചാരികളും സന്ദര്‍ശകരും എത്തുന്നു. ബീച്ചിനോട് ചേര്‍ന്ന് ഉദ്യോനവും ഉണ്ട്. മത്സ്യങ്ങളും മാംസവും ചുടാനും ഭക്ഷണം ഒരുക്കാനും ഉദ്യാനത്തില്‍ അധികൃതരുടെ അനുമതി ആവശ്യമില്ല. അതുകൊണ്ട് തന്നെ ധാരളം കുടുംബങ്ങള്‍ ഉദ്യാനത്തില്‍ ഉല്ലസിക്കാനെത്തുന്നു. അവധി ദിനങ്ങളിലാണ് സന്ദര്‍ശകരുടെ പ്രവാഹം.
പുതിയ ബീച്ചിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഏകദേശം എട്ട് കിലോമീറ്റര്‍ നീളത്തിലാണ് ബീച്ച് നിര്‍മിക്കുന്നത്. കടല്‍ നികത്തിയാണ് നിര്‍മാണം. സമീപത്തെ പാത വരെ ബീച്ച് വ്യാപിപ്പിക്കാനാണ് നീക്കം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പാത വികസനവും നടക്കാനാണ് സാധ്യത. എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി കല്‍ബയെ മാറ്റാനാണ് അധികൃതരുടെ നീക്കം.

---- facebook comment plugin here -----

Latest