ദുബൈ ഖുര്‍ആന്‍ പാര്‍ക്കില്‍ ഇസ്‌ലാമിക മൂല്യം പ്രതിഫലിക്കുന്ന ഗ്ലാസ് ഹൗസും ഗുഹയും

Posted on: September 26, 2016 7:52 pm | Last updated: September 28, 2016 at 7:56 pm
SHARE

glass-house-2ദുബൈ: അല്‍ ഖവാനീജില്‍ ഒരുങ്ങുന്ന ദുബൈ ഖുര്‍ആന്‍ പാര്‍ക്കില്‍ ഇസ്‌ലാമിക ദര്‍ശനങ്ങളും മൂല്യവും പ്രതിഫലിപ്പിക്കുന്ന ഗ്ലാസ് ഹൗസും ഗുഹകളും നിര്‍മിക്കും.
പദ്ധതിക്ക് ദുബൈ ഉപ ഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 10 കോടി ദിര്‍ഹം ചെലവില്‍ ദുബൈ നഗരസഭയാണ് ഇതിന്റെ നിര്‍മാണം ഏറ്റെടുക്കുക. 60 ഹെക്ടര്‍ വിസ്തൃതിപ്രദേശത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്.
ദുബൈ നഗരസഭയുടെ കീഴില്‍ എമിറേറ്റില്‍ ഹരിത വത്കൃത പ്രദേശങ്ങളുടെയും പരിസ്ഥിതി സൗഹൃദ ഉദ്യാനങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് പാര്‍ക്ക് നിര്‍മിക്കുന്നതെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എമിറേറ്റിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലങ്ങളിലൊന്നായി ഖുര്‍ആന്‍ പാര്‍ക്ക് മാറും. ഇതോടെ വിനോദസഞ്ചാരികളേയും രാജ്യത്തെ താമസക്കാരേയും കൂടുതലായി ഇങ്ങോട്ടാകര്‍ഷിക്കുമെന്ന് ലൂത്ത വ്യക്തമാക്കി.
cave-of-miraclesവിശുദ്ധ ഖുര്‍ആനിലും പ്രവാചക ശ്രേഷ്ഠര്‍ മുഹമ്മദ് നബി (സ)യും പരിചയപ്പെടുത്തിയ സസ്യങ്ങള്‍പെടുത്തി 12 ഗാര്‍ഡനുകള്‍ ഇവിടെയുണ്ടാകും.
ഖുര്‍ആനില്‍ പറഞ്ഞ ശാസ്ത്ര-വൈദ്യശാസ്ത്ര സംബന്ധിയായ അത്ഭുതങ്ങളും അമാനുഷികവുമായ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാവുന്ന വിവരങ്ങളാണ് ഗ്ലാസ് ഹൗസിലും ഗുഹകളിലുമുണ്ടാവുക. ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും എഴുത്തുകളും ഗുഹയിലുണ്ടാകും. ഖുര്‍ആനില്‍ പരാമര്‍ശിച്ച ഔഷധ ചെടികളും സസ്യങ്ങളും വില്‍ക്കുന്ന കടകളും ഗ്ലാസ് ഹൗസില്‍ ഒരുക്കും. സസ്യങ്ങളും അവയുടെ പ്രാധാന്യവും ശാസ്ത്രീയ-പോഷക മൂല്യവും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തും. ഇസ്‌ലാമിന്റെ ശാസ്ത്രീയ-സാംസ്‌കാരിക നേട്ടങ്ങളിലേക്ക് മാര്‍ഗദീപമാകുന്ന ആധുനിക സാംസ്‌കാരിക പദ്ധതിയാണിത്. ഖുര്‍ആനിനും സുന്നത്തിനും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക പൈതൃകത്തെ സാക്ഷാത്കരിക്കും.
ഖുര്‍ആന്‍ പാര്‍ക്കിലൂടെ എമിറേറ്റിലെ വിദ്യാഭ്യാസ-വിനോദ സഞ്ചാര മേഖലക്ക് ഊന്നല്‍ നല്‍കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ലൂത്ത കൂട്ടിച്ചേര്‍ത്തു.
അറബ്-ഇസ്‌ലാമിക് കാലിഗ്രാഫിയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് അതുല്യമായ മാതൃകയിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച മരങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഇതിലൂടെ സന്ദര്‍ശകര്‍ക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും വൈ ഫൈ ഉപയോഗിക്കാനും തണലില്‍ വിശ്രമിക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here