Connect with us

Kerala

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ ബഹളം: നിയമസഭ നിര്‍ത്തിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ കരാറിനെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. ചോദ്യോത്തരവേളക്ക് ശേഷം പ്രതിപക്ഷത്ത് നിന്ന് വിഎസ് ശിവകുമാറാണ് സ്വാശ്രയ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ മാനേജ്‌മെന്റുകളെ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മെറിറ്റ് സീറ്റില്‍ 1.85 ലക്ഷമായിരുന്നത് 2.50 ലക്ഷമായി ഉയര്‍ത്തി. മാനേജ്‌മെന്റ് സീറ്റിലും സമാനമായി ഫീസ് കുത്തനെ കൂട്ടി. ഇത്തരം ഫീസ് വര്‍ധന ഒരിടത്തുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഫീസ് വര്‍ധയില്‍ വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ പരാതിയില്ലെന്നും പ്രതിപക്ഷത്തിന് മാത്രമാണ് പരാതിയെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു.

ഭരണപക്ഷത്തെ ആരുടേയും മക്കള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നില്ല. എന്നാല്‍ പ്രതിപക്ഷത്തെ ചിലരുടെ മക്കള്‍ ഫീസില്ലാതെ ഇത്തരം കോളേജുകളില്‍ പഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അങ്ങനെയുണ്ടെങ്കില്‍ അവരുടെ പേര് വെളിപ്പെടുത്തണമെന്നും അല്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു.