ഇരട്ട വിക്ഷേപണം വിജയം

Posted on: September 26, 2016 8:54 pm | Last updated: September 27, 2016 at 12:19 am

view5-1ശ്രീഹരിക്കോട്ട: കാലാവസ്ഥാ പഠനത്തിനുള്ള സ്‌കാറ്റ്‌സാറ്റ്- 1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ വിജയകരമായി എത്തിച്ചു. പി എസ് എല്‍ വി- സി 35 ആണ് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. ഒരേ ദൗത്യത്തില്‍ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളത്തെിക്കുക എന്ന ദൗത്യമാണ് ഐ എസ് ആര്‍ ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ രാവിലെ 9.12നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. പതിനേഴ് മിനുട്ടുകള്‍ക്കകം കാലാവസ്ഥാ സംബന്ധമായ ഗവേഷണങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ്- 1നെ 730 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു.
ഐ ഐ ടി ബോംബെയുടെ ഉപഗ്രഹമായ പ്രഥം, ബെംഗളൂരു പി ഇ എസ് സര്‍വകലാശാലയുടെ പിസാറ്റ്, അള്‍ജീരിയയുടെ മൂന്ന് ഉപഗ്രഹങ്ങള്‍, കാനഡയുടെയും യു എസിന്റെയും ഓരോ ഉപഗ്രഹങ്ങള്‍ എന്നിവ 2.15 മണിക്കൂര്‍ എടുത്ത് ഭ്രമണപഥത്തില്‍ എത്തിച്ചു. 11.25 ഓടെയാണ് ഏഴ് ഉപഗ്രഹങ്ങളെ രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനിടെ റോക്കറ്റ് എന്‍ജിന്‍ രണ്ട് തവണ വീണ്ടും ജ്വലിപ്പിച്ചു. പി എസ് എല്‍ വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണമാണിത്.
ഐ എസ് ആര്‍ ഒയുടെ ചരിത്രത്തിലെ നാഴികക്കല്ലാണിതെന്ന് വിക്ഷേപണ വിജയത്തിനു ശേഷം ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ പറഞ്ഞു. ഇതാദ്യമായാണ് ഉപഗ്രഹങ്ങളെ ഐ എസ് ആര്‍ ഒ വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണത്തിനും അനുബന്ധ പഠനങ്ങള്‍ക്കുമായുള്ള സ്‌കാറ്റ്‌സാറ്റ്- 1ന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. 371 കിലോഗ്രാമാണ് ഇതിന്റെ ഭാരം.