Connect with us

National

കാവേരി: നാളെ വീണ്ടും വാദം

Published

|

Last Updated

ബെംഗളൂരു: കാവേരി പ്രശ്‌നത്തില്‍ സുപ്രീം കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കില്ലെന്നും കര്‍ണാടകയിലെ കുടിവെള്ളം ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂവെന്നും കര്‍ണാടക നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയ സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. മന്ത്രിസഭാ യോഗവും തുടര്‍ന്ന് നടന്ന സര്‍വകക്ഷിയോഗവും വെള്ളം വിട്ടുകൊടുക്കേണ്ടെന്ന് തീരുമാനിച്ചതിന് ശേഷമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് പ്രമേയം പാസ്സാക്കിയത്. സര്‍ക്കാര്‍ നേരിട്ട് കോടതി ഉത്തരവ് മറികടന്നാലുണ്ടാകുന്ന നിയമനടപടികള്‍ ഒഴിവാക്കുന്നതിനാണ് സര്‍വകക്ഷി തീരുമാന പ്രകാരം നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസ്സാക്കിയത്. നിയമസഭയില്‍ പാസ്സാക്കിയ പ്രമേയം കര്‍ണാടക നാളെ സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിക്കും. കോടതി വിധി കര്‍ണാടകക്ക് എതിരായാല്‍ ശക്തമായ പ്രതിഷേധമായിരിക്കും സംസ്ഥാനത്ത് നിന്ന് വീണ്ടുമയുരുക. വിധി കര്‍ണാടകക്ക് അനുകൂലമായാല്‍ തമിഴ്‌നാട്ടിലും പ്രതിഷേധം അലയടിക്കും.
നിയമസഭയില്‍ പ്രമേയം പാസ്സാക്കിയെങ്കിലും കോടതി ഉത്തരവ് മറികടക്കാന്‍ കര്‍ണാടക സര്‍ക്കാറിന് ഇനിയും കടമ്പകള്‍ ഏറെ കടക്കേണ്ടിവരുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. മുമ്പും ഇത്തരത്തില്‍ കര്‍ണാടകം പ്രമേയം പാസ്സാക്കിയിരുന്നുവെങ്കിലും സര്‍ക്കാറിന് ഒടുവില്‍ കോടതിക്ക് വഴങ്ങേണ്ടിവന്ന സാഹചര്യമാണുണ്ടായിരുന്നത്. കോടതി ഉത്തരവിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കര്‍ണാടകയുടെ പ്രമേയത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ വെള്ളം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടും നാളെ കോടതിയെ സമീപിക്കുന്നുണ്ട്. കഴിഞ്ഞ 19ന് മൂവായിരം ഘനയടി വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകയോട് ആവശ്യപ്പെട്ട കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തിനെതിരെ തടസ്സവാദം സമര്‍പ്പിച്ചാണ് തമിഴ്‌നാട് പരമോന്നത കോടതിയെ സമീപിക്കുന്നത്. മൂവായിരം ഘനയടി വെള്ളം സാംബാ കൃഷിക്ക് പര്യാപ്തമാകില്ലെന്നും ഈ മാസം അവസാനത്തോടെ 17.5 ടി എം സി അടി വെള്ളം വിട്ടുനല്‍കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. നാല്‍പ്പതിനായിരം ഏക്കറിനായുള്ള സാംബാ കൃഷിക്കായി മൊത്തം 50.052 ടി എം സി അടി ജലം വിട്ടുകൊടുക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തെ തള്ളി 6,000 ഘനയടി വെള്ളം പത്ത് ദിവസത്തേക്ക് തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന് ഇരുപതിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഇപ്പോള്‍ കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം ലഭിക്കുന്നില്ല.
തമിഴ്‌നാടിന്റെ ആവശ്യം പരിഗണിച്ച് വെള്ളം വിട്ടുകൊടുക്കണമെന്ന് വീണ്ടും സുപ്രീം കോടതി ഉത്തരവിറക്കുകയാണെങ്കില്‍ കര്‍ണാടകക്ക് ഇതിന് വിധേയമാകേണ്ടിവരും. കര്‍ണാടകം ഇപ്പോഴത്തെ നിലപാടിലുറച്ച് മുന്നോട്ടുപോകുകയാണെങ്കില്‍ കര്‍ണാടകത്തിലെ അണക്കെട്ടുകളുടെ നിയന്ത്രണം കാവേരി മേല്‍നോട്ട സമിതി ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് കോടതിയലക്ഷ്യ നടപടികളെ നേരിടേണ്ട സാഹചര്യവുമുണ്ടാകും.
തമിഴ്‌നാടിന് അനുകൂലമായ വിധി പ്രസ്താവമുണ്ടായാല്‍ കര്‍ണാടകയില്‍ വീണ്ടും പ്രക്ഷോഭം ആളിക്കത്താനുള്ള സാധ്യതയും ഏറെയാണ്. പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് മാണ്ഡ്യയില്‍ കര്‍ഷക സംഘടനകള്‍ നടത്തിവന്നിരുന്ന പ്രക്ഷോഭ സമരം താത്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷ തുടരുകയാണ്.

Latest