ബഷീര്‍ വിശപ്പിന്റെ വിളി കേട്ടു; കടലിനക്കരെ നിന്ന് പുരസ്‌കാരമെത്തി

Posted on: September 26, 2016 9:15 am | Last updated: September 26, 2016 at 9:15 am
SHARE

basheerമട്ടാഞ്ചേരി: ഉച്ച സമയമായാല്‍ ബഷീറിന്റെ സൈക്കിളിന്റെ മണിയടി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ആരോരുമില്ലാതെ തെരുവില്‍ അഭയം പ്രാപിക്കുന്നവരുടെ വിശപ്പകറ്റാന്‍ പൊതിച്ചോറുമായി എത്തുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശി ബഷീര്‍ ഇവര്‍ക്ക് ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങാതെ ബഷീര്‍ ഇത് തുടരുകയാണ്.
ആദ്യം അഞ്ച് പേര്‍ക്ക് ഭക്ഷണം നല്‍കിയാണ് തുടങ്ങിയത്. ഇപ്പോള്‍ മുപ്പതോളം പേരുടെ വിശപ്പകറ്റുന്നതിന്റെ സന്തോഷത്തിലാണ്. സാധാരണക്കാരനായ ബഷീറിന് താങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ചിലര്‍ സഹായിക്കാനായെത്തി. അവരുടെ കൂടി സഹായം ലഭിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് ഭക്ഷണം എത്തിക്കാനാകുന്നതെന്ന് ബഷീര്‍ പറയുന്നു. ചില ഹോട്ടലുകളില്‍ നിന്ന് പൊതിച്ചോറ് നല്‍കിയാണ് സഹായിക്കുന്നത്. ബാക്കിയുള്ളവര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ തന്നെ തയ്യാറാക്കും.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഒരു മണിയോടെ തന്നെ ഭക്ഷണം എത്തിക്കും. വെള്ളിയാഴ്ച ജുമുഅയുള്ളതിനാല്‍ അല്‍പ്പം വൈകുമെങ്കിലും ബഷീറിന്റെ വരവിനായി ഇവര്‍ കാത്തിരിക്കും. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലാണ് ബഷീര്‍ ഭക്ഷണം എത്തിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഭക്ഷണം എത്തിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ആകെയുള്ള തന്റെ സൈക്കിളുമായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബഷീര്‍ പറയുന്നു.
ഹര്‍ത്താല്‍ ദിനങ്ങളില്‍ കൂടുതല്‍ ഭക്ഷണം എത്തിക്കേണ്ടി വരും. ബഷീറിന്റെ ഈ പുണ്യ പ്രവര്‍ത്തി അംഗീകരിച്ച് പ്രവാസി സംഘടനയായ ലെറ്റ്‌സ് ടോക്കിന്റെ പ്രഥമ കാരുണ്യ സ്പര്‍ശം അവാര്‍ഡ് തേടിയെത്തിയിരിക്കുകയാണ്. കൊച്ചിയിലും പ്രവാസ ലോകത്തും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന സംഘടനയാണ് ലെറ്റ്‌സ് ടോക്ക്. വിശക്കുന്നവരെ അറിയുകയെന്ന സംഘടനയുടെ ആശയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നയാളായതിനാലാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ചെയര്‍മാന്‍ അജിത്ത് ഇബ്‌റാഹിം പറഞ്ഞു. അയ്യായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് അടുത്ത മാസം രണ്ടിന് നടക്കുന്ന സംഘടനയുടെ കുടുംബ സംഗമത്തില്‍ നല്‍കും. അവാര്‍ഡ് തുക പദ്ധതിക്ക് വിനിയോഗിക്കുമെന്ന് ബഷീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here