Connect with us

Articles

ഇന്ത്യന്‍ ഫെഡറലിസം ദുര്‍ബലപ്പെടുന്ന വഴികള്‍

Published

|

Last Updated

പ്രത്യേക ബജറ്റൊഴിവാക്കി, റെയില്‍വേയെ കേന്ദ്ര ഭരണത്തിന് കീഴിലുള്ള മറ്റ് വകുപ്പുകള്‍ക്ക് തുല്യമാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആസൂത്രണ കമ്മീഷനെ ഒഴിവാക്കി നിയോഗിച്ച നിതി ആയോഗിന്റെ നിര്‍ദേശപ്രകാരമാണ് പരിഷ്‌കാരം. ബജറ്റ് ഇല്ലാതാകുന്നത് റെയില്‍വേയുടെ ഭരണപരമായ പ്രവൃത്തികളെ ഏതെങ്കിലും വിധത്തില്‍ ബാധിക്കാന്‍ ഇടയില്ല. പക്ഷേ, അതിന്റെ നടത്തിപ്പില്‍ വരാന്‍ പോകുന്ന വലിയ മാറ്റങ്ങള്‍ക്ക് ഇതൊരു തുടക്കമാകാന്‍ സാധ്യതയുണ്ട്.
വലിയ പരിഷ്‌കാരങ്ങളുടെ നേതാവായി വിശേഷിപ്പിക്കപ്പെട്ട, റെയില്‍വേയെ വന്‍ ലാഭത്തിലേക്ക് നയിച്ച ഭരണാധികാരിയായി പുകഴ്ത്തപ്പെട്ട ലാലു പ്രസാദ് യാദവിന്റെ കാലത്ത് തന്നെ റെയില്‍വേയിലെ സ്വകാര്യവത്കരണം ആരംഭിച്ചിരുന്നു. കാറ്ററിംഗ്, ടിക്കറ്റിംഗ് ഇവയിലൊക്കെ സ്വകാര്യവത്കരണം വന്നത് അക്കാലത്താണ്. ചരക്ക് നീക്കത്തിന് വേണ്ടിയുള്ള സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ സ്വകാര്യ മേഖലക്ക് അനുവാദം നല്‍കിയതും അക്കാലത്ത് തന്നെ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സ്റ്റേഷന്‍ ശുചീകരണമടക്കമുള്ള പ്രവൃത്തികള്‍ സ്വകാര്യമേഖലക്ക് കൈമാറിയിട്ടുണ്ട്. കൂടുതല്‍ സ്വകാര്യ പങ്കാളിത്തം റെയില്‍വേയില്‍ അനുവദിക്കണമെന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് മുന്നിലുണ്ട്. യാത്രാ വണ്ടികളുടെ സര്‍വീസില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കണമെന്നതാണ് അതില്‍ പ്രധാനം. ഇതിലേക്കൊക്കെ നീങ്ങണമെങ്കില്‍ പാര്‍ലിമെന്റിന്റെ അതുവഴി ജനങ്ങളുടെ കണക്കെടുപ്പില്‍ നിന്ന് റെയില്‍വേയെ നീക്കി നിര്‍ത്തേണ്ടത് അനിവാര്യമാണ്. അതിലേക്കുള്ള നാന്ദിയായി വേണം ബജറ്റൊഴിവാക്കാനുള്ള തീരുമാനത്തെ കാണാന്‍.
ലാഭ നഷ്ടങ്ങളെ അടിസ്ഥാനമാക്കി വിവിധ തരത്തില്‍ ഗ്രേഡ് ചെയ്യപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. ഇവയില്‍ നഷ്ടത്തിലോടുന്നവ പൂട്ടാനോ സ്വകാര്യ മേഖലക്ക് കൈമാറാനോ സര്‍ക്കാറിന് എളുപ്പത്തില്‍ തീരുമാനിക്കാനാകും. ലാഭത്തിലോ വലിയ ലാഭത്തിലോ പ്രവര്‍ത്തിക്കുന്നവയിലെ ന്യൂപക്ഷ – ഭൂരിപക്ഷ ഓഹരികള്‍ സ്വകാര്യ മേഖലക്ക് വില്‍ക്കാന്‍ തീരുമാനിക്കുന്നതിനും പ്രയാസമില്ല. അത് പാര്‍ലിമെന്റില്‍ അംഗങ്ങളുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടേക്കാമെന്നതൊഴിച്ചാല്‍ മറ്റ് പ്രയാസങ്ങളൊന്നും സര്‍ക്കാറിന് ഉണ്ടാക്കാറില്ല. പ്രത്യേക മന്ത്രാലയം തുറന്ന് ഓഹരി വിറ്റഴിക്കാന്‍ തയ്യാറായത് എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണെന്നതും ഓര്‍ക്കുക. ഈ വഴിയിലേക്ക് റെയില്‍വേയെ പ്രയാസം കൂടാതെ നയിക്കണമെങ്കില്‍ പാര്‍ലിമെന്റിന്റെ പരിശോധനകളില്‍ നിന്ന് അതിനെ ഒഴിവാക്കി നിര്‍ത്തണം.
ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരിക്കെയാണ് റെയില്‍വേക്ക് പ്രത്യേക സാമ്പത്തിക രേഖ തയ്യാറാക്കുന്ന പതിവ് ആരംഭിച്ചത്. പ്രത്യേക ബജറ്റ് എന്ന രൂപത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതിന് 1924 വരെയുള്ള പഴക്കം കല്‍പ്പിക്കപ്പെടുന്നു. ഇതൊഴിവാക്കുന്നത് നടപടിക്രമങ്ങളെ ലഘൂകരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. റെയില്‍വേ ബജറ്റും പൊതു ബജറ്റും പാര്‍ലിമെന്റിന്റെ ഇരു സഭകളും ചര്‍ച്ച ചെയ്ത് പാസ്സാക്കണമെന്നതാണ് ചട്ടം. ഇനിമേല്‍ ഒരു ബജറ്റ് പാസ്സാക്കിയാല്‍ മതിയെന്നതിനാല്‍ പാര്‍ലിമെന്റ് ചെലവിടേണ്ട സമയം കുറയും. ബജറ്റ് എന്നാല്‍ ലോക്‌സഭയില്‍ വായിക്കുന്ന പ്രസംഗം മാത്രമല്ല. അതിന്റെ അനുബന്ധമായ നിരവധി രേഖകളുടെ സമാഹാരമാണ്. ആയതൊക്കെ അച്ചടിച്ച് അംഗങ്ങള്‍ക്ക് വിതരണം ചെയ്യണം. അത് പരിശോധിച്ച് നേട്ടവും കോട്ടവും വിലയിരുത്താനും സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടാനും അംഗങ്ങള്‍ക്ക് സാധിക്കും. നിര്‍ണായകമായ മേഖലകളില്‍ സ്വകാര്യവത്കരണം അനുവദിക്കാനുള്ള നിര്‍ദേശത്തിനെതിരെ കക്ഷിഭേദമില്ലാതെ അംഗങ്ങള്‍ യോജിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് പാര്‍ലിമെന്റില്‍ പരാജയപ്പെടുന്ന സാഹചര്യവുമുണ്ടാകാം. പരാജയപ്പെട്ടില്ലെങ്കില്‍ തന്നെ, പാര്‍ലിമെന്റില്‍ വലിയ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചാല്‍ അത് ജനത്തെ സ്വാധീനിക്കാം.
വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന (നവരത്‌ന ഗ്രേഡിലുള്ള) പൊതുമേഖലാ കമ്പനിയുടെ ഓഹരി വിറ്റഴിക്കാന്‍, പാര്‍ലിമെന്റ് സമ്മേളിക്കാത്ത കാലത്ത്, കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചാല്‍ അതിനോടുള്ള പ്രതികരണം ചില പ്രസ്താവനകളിലും പ്രകടനങ്ങളിലുമൊക്കെ ഒതുങ്ങും. പിന്നീട് പാര്‍ലിമെന്റ് സമ്മേളിക്കുമ്പോള്‍ ഏതെങ്കിലുമൊരംഗം ഇക്കാര്യം ഉന്നയിച്ചാല്‍ ചട്ടപ്പടി മന്ത്രി നല്‍കുന്ന മറുപടിയില്‍ കാര്യങ്ങള്‍ അവസാനിക്കും. അതിനപ്പുറത്തേക്ക് വളരാനുള്ള ഒരു സാധ്യതയും മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്നില്ല. ഇടതിന്റെ പിന്തുണ കൂടാതെ നിലനില്‍ക്കാന്‍ സാധിക്കാത്ത കാലത്ത്, ഭെല്ലിന്റെ ഓഹരി വില്‍ക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചതും പ്രതിഷേധമുയര്‍ന്നപ്പോള്‍ പിന്‍വലിഞ്ഞതുമൊഴികെ. സ്വതന്ത്ര ബജറ്റ് അവതരിപ്പിക്കേണ്ട ബാധ്യത നിലനില്‍ക്കുന്ന റെയില്‍വേയുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. ബജറ്റിന് പുറത്ത് തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെങ്കിലും തന്ത്രപ്രധാന തീരുമാനങ്ങള്‍ ബജറ്റിന് പുറത്ത് സ്വീകരിക്കാന്‍ പരിമിതികളുണ്ട്. കാറ്ററിംഗ്, ടിക്കറ്റിംഗ്, ശുചീകരണം തുടങ്ങിയ ടെസ്റ്റ് ഡോസുകള്‍ക്ക് അപ്പുറത്ത് കാതലിന്റെ ഭാഗമായ ഏതെങ്കിലും മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ ബജറ്റില്‍ ശിപാര്‍ശ ചെയ്താല്‍ അത് പാര്‍ലിമെന്റില്‍ വലിയ പ്രതിഷേധത്തിന് കാരണമാകും. അതൊഴിവാക്കാനുള്ള എളുപ്പമാര്‍ഗം ബജറ്റ് തന്നെ ഒഴിവാക്കലാണ്.
2016 – 17 സാമ്പത്തികവര്‍ഷം റെയില്‍വേ പ്രതീക്ഷിച്ച മൂലധനച്ചെലവ് 1.21 ലക്ഷം കോടിയാണ്. ഇത് ഒന്നര ലക്ഷം കോടിയായി വര്‍ധിക്കുമെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു പിന്നീട് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് എട്ടര ലക്ഷം കോടിയുടെ മൂലധനച്ചെലവ് ലക്ഷ്യമിടുന്ന സുരേഷ് പ്രഭു, 5.6 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞുവെന്നും പറയുന്നു. റെയില്‍വേയുടെ പദ്ധതികള്‍ക്ക് ചില പ്രത്യേകതകളുണ്ട്. മറ്റ് വ്യവസായ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് പാലിക്കേണ്ട നിബന്ധനകളൊന്നും ഇതില്‍ ബാധകമല്ല. ദേശത്തിന്റെ പൊതുസേവനമാകയാല്‍ ഇതര അനുമതികളും വേഗം കിട്ടും. അവ്വിധം അനുമതികളൊക്കെ വേഗം കിട്ടുന്നിടത്തേക്ക് മൂലധന നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലക്ക് താത്പര്യം ഏറെയായിരിക്കും. ലാഭം വര്‍ധിപ്പിക്കാന്‍ പാകത്തില്‍ റെയില്‍വേയുമായി ദീര്‍ഘകാലത്തേക്കൊരു വരുമാനം പങ്കിടല്‍ കരാറുണ്ടാകണമെന്ന നിര്‍ബന്ധമേ അവര്‍ക്കുണ്ടാകൂ. അതിനൊക്കെ അവസരമൊരുക്കാന്‍ നല്ലത്, പാര്‍ലിമെന്റിന് മുന്നില്‍ വലിയതോതില്‍ വരാത്ത വിധത്തില്‍ റെയില്‍വേയെ മാറ്റിനിര്‍ത്തുക തന്നെയാണ്. അതിലേക്കാകണം നിതി ആയോഗിലെ വിദഗ്ധരും നരേന്ദ്ര മോദി സര്‍ക്കാറും ചരിക്കുന്നത്.
ആസൂത്രണത്തിന്റെ ആവശ്യമില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വെച്ചതും പഞ്ചവത്സര പദ്ധതികള്‍ ഒഴിവാക്കിയതും. അധികാരം കൂടുതല്‍ കേന്ദ്രീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. അതിലേക്കുള്ള മറ്റൊരു വഴി കൂടിയാണ് ബജറ്റ് ഒഴിവാക്കി റെയില്‍വേയെ ഇതര വകുപ്പുകളുടേതിന് തുല്യമാക്കല്‍. ഭൂമി ഏറ്റെടുത്ത് നല്‍കുന്ന, സ്വകാര്യ മേഖലയുമായി പങ്കാളിത്ത കരാറിന് സന്നദ്ധമാകുന്ന സംസ്ഥാനങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് ചുരുക്കം. റെയില്‍ എന്നത് സേവനമല്ല, മറിച്ച് ലാഭ കേന്ദ്രീകൃതമായി നടത്തപ്പെടുന്ന വ്യവസായമായി മാറ്റിക്കൊണ്ടേ ഇത്തരം നിക്ഷേപം സാധ്യമാകൂ. അതിലേക്ക് സംസ്ഥാന സര്‍ക്കാറുകളെക്കൂടി സജ്ജമാക്കുക എന്നത് കൂടി ബജറ്റ് ഒഴിവാക്കുന്നതിലെ ലക്ഷ്യമാണ്.
പരമ്പരാഗത രീതിയില്‍ പാര്‍ലിമെന്റിലൊരു ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍, ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടിവരും. പ്രാദേശികമായ സന്തുലനം കുറേയൊക്കെ പാലിക്കേണ്ടിവരും (സ്വന്തം മണ്ഡലത്തിനും സംസ്ഥാനത്തിനും അളവില്‍ കവിഞ്ഞ പരിഗണന നല്‍കുമ്പോള്‍ തന്നെ). പൊതു ബജറ്റിന് കീഴില്‍ വിഹിതം അനുവദിച്ച് ഒഴിയുമ്പോള്‍ ഇതൊന്നും പരിഗണിക്കേണ്ടിവരില്ല നരേന്ദ്ര മോദി സര്‍ക്കാറിന്. രാഷ്ട്രീയമായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക്, ക്രമം വിട്ട് സഹായിക്കുകയും അത്തരം മാറ്റമുണ്ടായാലേ പരിഗണനയുണ്ടാകൂ എന്ന തോന്നലുണ്ടാക്കുകയും ചെയ്യാനും ശ്രമിച്ചേക്കാം. അത്തരത്തിലുള്ള അവഗണനകള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ നീക്കമായി ചിത്രീകരിക്കാന്‍ പ്രയാസമേതുമുണ്ടാകുകയുമില്ല. ആ നിലക്ക് കേവലം ബജറ്റ് റദ്ദാക്കല്‍ മാത്രമായി നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ കാണാനാവില്ല.
ആസൂത്രണ സംവിധാനം നിലനില്‍ക്കെ, സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിയും അതിന്റെ വിഹിതവും തീരുമാനിക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഇത് ഫെഡറല്‍ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതും യൂണിയനില്‍ അംഗങ്ങളായ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്നതുമായിരുന്നു. അതില്ലാതാക്കി കേന്ദ്രത്തിന്റെ അധികാരം സ്ഥാപിച്ചെടുക്കുന്നതിന്റെ തുടക്കമായിരുന്നു ആസൂത്രണ കമ്മീഷന്റെ ഇല്ലാതാക്കല്‍. റെയില്‍വേ ബജറ്റ് ഇല്ലാതാക്കുന്നതിലൂടെ അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഫെഡറല്‍ സമ്പ്രദായം കൂടുതല്‍ ദുര്‍ബലമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളെടുക്കുക, അതൊന്നും സംസ്ഥാനങ്ങളുമായി ആലോചിക്കുകയോ പ്രദേശങ്ങളുടെ സാഹചര്യം കണക്കിലെടുക്കുകയോ ചെയ്യാതെ വിശദാംശങ്ങള്‍ തയ്യാറാക്കിയവയാണെന്ന് കാണാം. എം പിമാര്‍ ഗ്രാമങ്ങളെ ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ പാര്‍ലിമെന്റംഗങ്ങളുമായി ആലോചിക്കാതെ തീരുമാനിക്കുകയാണ് ചെയ്തത്. ഇവ്വിധം ഓരോ തലത്തിലും അധികാര കേന്ദ്രീകരണത്തിന്റെ സൂചനകള്‍ കാണാം. ഇതിന്റെ തുടര്‍ച്ചയാണ് റെയില്‍വേ ബജറ്റ് വേണ്ടെന്നുവെക്കാനുള്ള തീരുമാനവും.
ബജറ്റ് പാസ്സാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടും, ചെലവ് കുറയും, പൊതു ബജറ്റില്‍ നിന്ന് ലഭിക്കുന്ന ധനസഹായത്തിന് പ്രതിഫലമായി വര്‍ഷത്തില്‍ 10,000 കോടി രൂപ സര്‍ക്കാര്‍ ഖജാനയിലേക്ക് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാകുന്നത് മൂലം റെയില്‍വേക്ക് ആശ്വാസമുണ്ടാകും എന്നിത്യാദി വാദങ്ങള്‍ കൊണ്ട് സാധൂകരിക്കാവുന്നതല്ല, ഈ രാഷ്ട്രീയ തീരുമാനം.
രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക്, അവരെ നിയന്ത്രിക്കുന്ന സംഘ പരിവാരത്തിന് ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന വ്യക്തമായ ഉദ്ദേശ്യമുണ്ട്. അതിന്റെ ഭാഗമായുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യപ്പെടുന്നതും നടപ്പാക്കപ്പെടുന്നത്, ഭരണത്തിന് അകത്തും പുറത്തും. അത് മറന്നുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാറെടുക്കുന്ന ഒരു തീരുമാനത്തെയും വിലയിരുത്താന്‍ സാധിക്കില്ല. അതുകൊണ്ട് റെയില്‍വേക്ക് പ്രത്യേക ബജറ്റ് വേണ്ടതില്ലെന്ന തീരുമാനം, പദ്ധതി നിര്‍വഹണം വേഗത്തിലാക്കുക, അനാവശ്യ ചെലവ് ഒഴിവാക്കുക എന്നീ ശുദ്ധഗതി വിചാരങ്ങള്‍ക്കപ്പുറത്തുള്ള പരിശോധന അര്‍ഹിക്കുന്നുണ്ട്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest