Connect with us

Editorial

സാധ്യതകള്‍ ഉള്ളടങ്ങിയ വെല്ലുവിളി

Published

|

Last Updated

കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പ്രസംഗം പല തലത്തില്‍ നിരൂപിക്കുന്നവരുണ്ട്. യുദ്ധത്തിന്റെ ഭാഷയാണോ അത് എന്ന് ചോദിച്ചാല്‍ അല്ല എന്നു പറയാം. അല്ലേ എന്ന് ഒന്നുകൂടി ചോദിച്ചാല്‍ ആണ് താനും. അങ്ങനെ, ഉറി സംഭവത്തിന് ശേഷം നടന്ന മോദിയുടെ ആദ്യ പൊതുപ്രസംഗം രണ്ട് വിരുദ്ധ ചോദനകളെ ഒരേ സമയം അഭിസംബോധന ചെയ്യുന്നതായി. നരേന്ദ്ര മോദി നിയുക്തനാകുമ്പോള്‍, തീവ്ര ദേശീയബോധം അദ്ദേഹത്തില്‍ നിന്ന് പ്രത്യാശിച്ച അതിവൈകാരികതയെ പ്രസംഗം നന്നായി ശമിപ്പിക്കുന്നുണ്ട്. പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചതിലൂടെ അതിഭംഗിയായി മോദി നിര്‍വഹിച്ചതും മറ്റൊന്നല്ല. ആയിരം വര്‍ഷത്തെ യുദ്ധത്തെക്കുറിച്ചും ബലിദാനത്തെക്കുറിച്ചും അദ്ദേഹം ശക്തമായി പറഞ്ഞു.
പിന്നെ പ്രധാനമന്ത്രിയുടെ സംസാരം മറ്റൊരു തലത്തിലായി. സഹജമായ രോഷം നിറഞ്ഞിരിക്കെതന്നെ നയതന്ത്ര ഉള്ളടക്കമുള്ളതായിരുന്നു അത്. ഒരു യുദ്ധത്തിലേക്ക് ഇല്ല എന്ന് വ്യക്തമാക്കുമ്പോഴും യുദ്ധസംജ്ഞകള്‍ എടുത്തുപയോഗിച്ചു പ്രധാനമന്ത്രി. “ആദ്യം ദാരിദ്ര്യം തുടച്ചുനീക്കാനുള്ള യുദ്ധം ആരംഭിക്കാം. അതില്‍ ഇന്ത്യയാണോ പാക്കിസ്ഥാനാണോ ജയിക്കുക എന്ന് നോക്കാ”മെന്ന് വെല്ലുവിളിച്ച് യുദ്ധത്തിന് മറ്റൊരു പരികല്‍പ്പന നല്‍കി. രാജ്യാന്തര സമൂഹത്തെ മുന്നില്‍ കണ്ടായിരുന്നു ഇത്തരമൊരു വ്യാഖ്യാനം. സത്യത്തില്‍ ഈ രണ്ട് തലത്തെയും അദ്ദേഹത്തിന് അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. പാക്കിസ്ഥാനെതിരെ ആഞ്ഞടിക്കുമ്പോള്‍ തന്നെ അതിനെ സ്വയം റദ്ദ് ചെയ്യുന്നുണ്ട് പ്രഭാഷണം.
അന്യായത്തില്‍ നിന്ന് മോചനം നല്‍കി നീതിയും, മാലിന്യത്തില്‍ നിന്ന് മുക്തി നല്‍കി ശുചിത്വവും, അഴിമതിക്ക് പകരം സുതാര്യതയും, തൊഴിലില്ലായ്മയില്‍ നിന്ന് മോചിപ്പിച്ച് തൊഴിലവസരവും, വിവേചനങ്ങള്‍ക്ക് പകരം തുല്യതയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനത്തോട് നീതി പുലര്‍ത്തുകയാണെങ്കില്‍ അത് രാജ്യത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം മാറ്റിയെഴുതും. എന്നാല്‍, ഭരണകൂടത്തിന്റെ പരോക്ഷ ഒത്താശയോടെ നടക്കുന്ന നിലവിട്ട നടപടികള്‍ ഈ വാഗ്ദാനത്തില്‍ പ്രത്യാശ പ്രകടിപ്പിക്കാന്‍ ധൈര്യം തരുന്നതല്ല. ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന സബ്‌സിഡികള്‍ ഒന്നൊന്നായി ഒഴിവാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കുത്തകകള്‍ക്ക് കോടികള്‍ നികുതിയിളവ് നല്‍കുന്നു. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള നീക്കങ്ങളെ പരോക്ഷമായി പരിലാളിക്കുന്ന സമീപനമുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ അഴിമതിവിരുദ്ധത പ്രതീക്ഷിച്ചവര്‍ക്ക് മടുത്തിരിക്കുന്നു. സ്വച്ഛ് ഭാരത് ഒരു മുദ്രാവാക്യത്തിനപ്പുറം ഒന്നുമല്ലാതായി. അങ്ങനെ പോകുന്നു കാര്യങ്ങള്‍.
നവാസ് ശരീഫുമായി പ്രധാനമന്ത്രി സ്വന്തം മുന്‍കൈയില്‍ തുടങ്ങിയ സൗഹൃദം അദ്ദേഹം റദ്ദ് ചെയ്യുന്നതും പ്രസംഗത്തില്‍ കാണാനായി. ഭീകരവാദികള്‍ എഴുതിക്കൊടുത്ത പ്രസംഗം വായിക്കുകയാണ് പാക് ഭരണാധികാരി എന്ന പരാമര്‍ശത്തോട് “ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുക”യെന്നു പറഞ്ഞ് മുന വെച്ചാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്. പാക് ജനതയോടുള്ള സംബോധന അവര്‍ തെറ്റായ അര്‍ഥത്തില്‍ വ്യാഖ്യാനിക്കാനുള്ള സാധ്യതയുമുണ്ട്. പാക് ജനതയെയും സര്‍ക്കാറിനെയും വെവ്വേറെ സമീപിക്കുന്നതും സ്വന്തം മണ്ണില്‍ കാര്യങ്ങള്‍ ശരിയായി നടത്താന്‍ കഴിയാത്തവരല്ലേ എന്ന് പരിഹസിക്കുന്നതും അവര്‍ക്ക് അസഹനീയമായിരിക്കാം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങള്‍ക്ക് അവര്‍ ശ്രമിച്ചുകൂടായ്കയില്ല. രൂക്ഷമായി തന്നെ പാക്കിസ്ഥാന്‍ പ്രതികരിച്ചത് ഇതിന്റെ സൂചനയാണ്.
ഈ പ്രസംഗത്തിന്റെ പരിമിതി എന്ന് പറയുന്നത്, അത് മുന്നോട്ട് വെക്കുന്നത് എന്ത് എന്ന് വ്യക്തമല്ല എന്നതാണ്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറയുമ്പോഴും ആവശ്യത്തിലധികം പ്രകോപനം പാക്കിസ്ഥാന്‍ അതില്‍ നിന്ന് വായിച്ചെടുക്കുന്നു. ലോക രാജ്യങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനും പരാധീനമായ അവരുടെ നയതന്ത്രം കൂടുതല്‍ വഷളാകാതിരിക്കാനും അവര്‍ക്കത് വേണ്ടിവരുമായിരിക്കും.
യഥാര്‍ഥത്തില്‍ വേണ്ട “യുദ്ധം” പ്രധാനമന്ത്രി പറഞ്ഞതാണ്. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന് തയ്യാറുണ്ടോ എന്ന ചോദ്യത്തെ പാക്കിസ്ഥാന്‍ അഭിമുഖീകരിക്കട്ടെ. ദേശീയ വരുമാനത്തിന്റെ വലിയൊരു ഭാഗവും സൈന്യത്തെ തീറ്റിപ്പോറ്റാന്‍ വിനിയോഗിക്കേണ്ടിവരുന്ന ദുരന്തത്തില്‍ നിന്ന് അതവര്‍ക്ക് വിടുതി നല്‍കും. വലിയൊരു വെല്ലുവിളിയും അതേസമയം സാധ്യതയുമാണ് പാക്കിസ്ഥാന് മുമ്പില്‍ ഇന്ത്യ വെക്കുന്നത്. “ക്ഷേമ രാഷ്ട്ര മത്സര”ത്തിനുണ്ടോ എന്നത് അവസരമായെടുക്കാന്‍ തയ്യാറായാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. വലിയ മാനുഷിക വിഭവശേഷിയുള്ള ഇന്ത്യക്കും നിര്‍മാണപരമായ ഈ “യുദ്ധ”ത്തില്‍ ഉഷാറോടെ പൊരുതാം. അങ്ങനെ, സ്വന്തം കഴിവും വൈദഗ്ധ്യവും ജനക്ഷേമത്തിന് വേണ്ടി വിനിയോഗിക്കുന്ന നല്ല ദിനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഇത് നല്‍കാതിരിക്കില്ല.

Latest