വര്‍ണവെറിയുടെ ആവര്‍ത്തനങ്ങള്‍

ഒബാമക്ക് വ്യക്തിപരമായി അനുഭവമുള്ള ഒരു വിഷയത്തില്‍ പോലും സമൂലമായ മാറ്റം കൊണ്ടു വരാന്‍ പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം വര്‍ണ വെറി അമേരിക്കന്‍ പോളിറ്റിയുടെ അടിസ്ഥാനഭാവമാണെന്ന് തന്നെയാണ്. തലമുറകള്‍ പിന്നിടുമ്പോഴും അത് ശക്തിയാര്‍ജിക്കുകയാണ്. പോലീസ്, നീതിന്യായ വിഭാഗം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമസ്ത മേഖലയിലും പടര്‍ന്ന് പന്തലിച്ചു കൊണ്ടേയിരിക്കുന്ന അവബോധമാണ് കറുത്തവനോടുള്ള അവജ്ഞയും അവഗണനയും. പുതിയ കാലത്ത് അത് ഭയമായി പരിണമിച്ചിട്ടുണ്ട്. ഭരണകൂടം സൃഷ്ടിച്ച സുരക്ഷാ ഭീതിയുടെ ഉപോത്പന്നമാണ് കറുത്ത വര്‍ഗക്കാരെക്കുറിച്ചുള്ള ഭയം. അവര്‍ ഒരിക്കലും പൊതു സമൂഹത്തോട് ഇഴുകിച്ചേരില്ലെന്ന് പ്രഖ്യാപിച്ച് കൂടുതല്‍ അകറ്റാനാണ് ശ്രമിക്കുന്നത്. 'ഇസ്‌ലാം പേടി'യുടെ അടിസ്ഥാനവും ഒരര്‍ഥത്തില്‍ വംശീയത തന്നെയാണ്.
Posted on: September 25, 2016 6:00 am | Last updated: September 24, 2016 at 11:25 pm
SHARE

racismഅമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബരാക് ഒബാമ ഉജ്ജ്വല വിജയം നേടിയപ്പോള്‍ പ്രധാനമായും മൂന്ന് കാര്യങ്ങളെ ആസ്പദമാക്കിയാണ് അപദാനങ്ങള്‍ ചൊരിഞ്ഞത്. ഒന്ന്, അദ്ദേഹത്തിന്റെ പ്രഖ്യാപിത യുദ്ധവിരുദ്ധത. രണ്ട്, മുസ്‌ലിം സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം. മൂന്ന്, കറുത്ത വര്‍ഗക്കാരോട് അദ്ദേഹത്തിന് ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കപ്പെട്ട കരുതല്‍. ഒബാമയുടെ നിറം തന്നെയാണ് വാഴ്ത്തപ്പെട്ടത്. ആഫ്രോ അമേരിക്കന്‍ വംശജനായ അദ്ദേഹത്തിന് അമേരിക്കയുടെ മുന്‍ഗണനകളില്‍ വലിയ അട്ടിമറിയുണ്ടാക്കാന്‍ സാധിക്കുമെന്ന് സമാധാന കാംക്ഷികള്‍ ന്യായമായും വിശ്വസിച്ചു. രണ്ട് ഊഴം പൂര്‍ത്തിയാക്കി ‘കറുത്ത പ്രസിഡന്റ’് സ്ഥാനമൊഴിയുന്ന ഈ ഘട്ടത്തില്‍ അന്നത്തെ പ്രതീക്ഷാ നിര്‍ഭരമായ വാക്കുകള്‍ അങ്ങേയറ്റം അശ്ലീലമായിരിക്കുന്നു. ഗുണപരമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആ രാജ്യം കൂടുതല്‍ യുദ്ധോത്സുകമായിരിക്കുന്നു. കൂടുതല്‍ ക്രൂരമായ ഇടപെടലുകളിലേക്കും ആക്രണണങ്ങളിലേക്കും അത് എടുത്തു ചാടുകയാണ്. ഇസ്‌റാഈല്‍ പോലുള്ള അക്രമി രാഷ്ട്രങ്ങളെ കൂടുതല്‍ അക്രമോത്സുകമായി പിന്തുണക്കുന്നു. കൂടുതല്‍ തീവ്രവലതുപക്ഷത്തേക്ക് ചായാന്‍ ഒരു മടിയുമില്ലാത്ത രാഷ്ട്രീയ അവബോധത്തിലേക്ക് യു എസ് ജനത കൂപ്പുകുത്തിയിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ മാത്രം കുടിയേറ്റ വിരുദ്ധരും ഇസ്‌ലാമോഫോബുകളും വര്‍ണവെറിക്കാരും മിഥ്യാഭിമാനികളും ആയി അമേരിക്കന്‍ ജനത മാറിയിരിക്കുന്നു. ട്രംപ് ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല ചോദ്യം. അത്തരമൊരു ആശയഗതിക്ക് ഇങ്ങനെ പ്രത്യക്ഷമായി വരാനൊക്കുന്നുണ്ടല്ലോ. അത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെയും സ്വാധീനിക്കുന്നുവെന്ന് കാണണം. ട്രംപിന്റെ അമേരിക്കന്‍ ഉത്കൃഷ്ടതാവാദത്തെ ഒരിക്കല്‍ പോലും ഹിലാരി ക്യാമ്പ് പൂര്‍ണമായി നിരാകരിച്ചിട്ടില്ല. മയപ്പെടുത്തി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വിദേശനയത്തില്‍ കാര്യമായി ഒരു വ്യത്യാസവുമില്ല. സാമ്പത്തിക നയത്തിലുമില്ല വൈജാത്യം. കറുത്തവരോടും മുസ്‌ലിംകളോടും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരോടുമുള്ള സമീപനത്തിലും കാതലായ വ്യത്യാസമില്ല. ഏതാനും ആഴ്ചകളായി അവിടെ കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടന്ന അതിക്രമങ്ങളും അതില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളും ഒബാമ രണ്ടാമൂഴം പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും അമേരിക്കക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന വസ്തുതക്ക് അടിവരയിടുന്നു.
നിരായുധരായ കറുത്തവര്‍ഗക്കാരെ യു എസ് പോലീസുകാര്‍ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് വടക്കന്‍ കരോലിനയില്‍ ആരംഭിച്ച പ്രക്ഷോഭം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രക്ഷോഭം പൊട്ടിപുറപ്പെട്ട ചാര്‍ലോട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. പോലീസും പ്രക്ഷോഭകരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പോലീസിനെ ആക്രമിക്കാന്‍ സജ്ജമായി നില്‍ക്കുന്നവെന്ന വിചിത്ര വാദമുയര്‍ത്തിയാണ് കഴിഞ്ഞ വെള്ളിയാഴ്ച നിരായുധനായ കറുത്തവര്‍ഗക്കാരനെ വകവരുത്തിയത്. ഇതിന് പിന്നാലെയാണ് മകന്റെ സ്‌കൂള്‍ ബസ് കാത്തിരുന്ന 43കാരനായ കെയ്ത് ലമോണ്ട് സ്‌കോട്ട് കൊല്ലപ്പെട്ടത്. കെയ്തിന്റെ കൈയില്‍ ചുരുട്ടിപിടിച്ച പുസ്തകം തോക്കാണെന്ന് പറഞ്ഞാണ് പോലീസുകാരന്‍ നിറയൊഴിച്ചത്. കഴിഞ്ഞയാഴ്ച ഒഹ്‌യോയില്‍ 13 വയസ്സുകാരനായ വിദ്യാര്‍ഥിയെയും പോലീസ് വെടിവെച്ച് കൊന്നിരുന്നു. കഴിഞ്ഞ വര്‍ഷം പോലീസുകാരുടെ ആക്രമണത്തില്‍ 306 കറുത്ത വര്‍ഗക്കരാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇക്കൊല്ലം ഇതിനകം തന്നെ വിവിധ സംഭവങ്ങളിലായി 194 പേര്‍ കൊല്ലപ്പെട്ട് കഴിഞ്ഞു. ക്രൂരമായ അധിക്ഷേപങ്ങള്‍, സാമൂഹിക ജീവിതത്തില്‍ അരങ്ങേറുന്ന വിവേചനങ്ങള്‍, സാമ്പത്തിക അരക്ഷിതാവസ്ഥ, അന്യവത്കരണം തുടങ്ങി കറുത്തവര്‍ അനുഭവിക്കുന്ന വ്യഥകള്‍ ഈ അക്കക്കണക്കുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിന്റെ അപ്പുറമാണ്.
അമേരിക്കന്‍ ചരിത്രം തന്നെ വര്‍ണവിവേചനത്തിന്റയും അതിനെതിരായ ചെറുത്തു നില്‍പ്പിന്റയും പ്രക്ഷോഭത്തിന്റെതുമാണ്. എബ്രഹാം ലിങ്കണ്‍, ജോര്‍ജ് വാഷിംഗ്ടണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്നൊക്കെ ഉച്ചരിച്ച് ആ ചരിത്രത്തെ മറച്ചു വെക്കാന്‍ അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥക്ക് സാധിക്കില്ല. കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവും പ്രക്ഷോഭത്തിന്റെ ഭീമന്‍ തിരകള്‍ ആഞ്ഞ് വീശിയിരുന്നു. പൗരാവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരും വര്‍ണ വെറി അതിവേഗം തിരിച്ചുവരുന്നതില്‍ ആശങ്കയുള്ളവരും ജനാധിപത്യ വിശ്വാസികളുമായ മുഴുവന്‍ പേരും മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും പ്രക്ഷോഭത്തില്‍ അണിനിരക്കുന്നു. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന ബാനറിന് പിറകേ ഇവര്‍ അണിനിരക്കുന്നത് കൃത്യമായ സംഘടനാ സംവിധാനത്തിന്റ പിന്‍ബലത്തോടെയല്ല. സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടക്കുന്ന, അയഞ്ഞ ഘടനയുള്ള ഇത്തരം പ്രക്ഷോഭങ്ങള്‍ വന്‍ വിപ്ലവമായി മാറുമെന്ന ചരിത്ര യാഥാര്‍ഥ്യം മുന്നിലുള്ളത് കൊണ്ട് അതീവ ഗൗരവത്തോടെയാണ് ഭരണകൂടം ഇതിനെ കാണുന്നത്. പ്രത്യേകിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍.
37കാരനായ ആള്‍ടണ്‍ സ്‌റ്റെര്‍ലിംഗും 32കാരനായ ഫിലാന്‍ഡോ കാസ്‌റ്റൈലുമാണ് കഴിഞ്ഞ ജൂലൈയിലെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഈ രണ്ട് യുവാക്കളുടെ ദാരുണ അന്ത്യം അന്ന് ഉയര്‍ത്തിയ പ്രതിഷേധത്തീ ഇപ്പോഴും അണഞ്ഞിട്ടില്ല. 2014ല്‍ മൈക്കല്‍ ബ്രൗണ്‍ എന്ന ആഫ്രോ അമേരിക്കന്‍ കൗമാരക്കാരനെ മിസോറിയില്‍ വെച്ച് വെടിവെച്ച് കൊന്നത് അക്രമാസക്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഫൊര്‍ഗ്യൂസണ്‍ എന്ന വെള്ളക്കാരനായ പോലീസ് ആയിരുന്നു അന്ന് വെടിവെപ്പ് നടത്തിയത്. 2012ല്‍ നീഗ്രോ വിദ്യാര്‍ഥിയായ ട്രേവിയോണ്‍ മാര്‍ട്ടിനെ കൊന്ന കേസിലെ പ്രതി ജോര്‍ജ് സിമ്മര്‍മാനെ വെറുതെ വിട്ട കോടതി വിധിയും വന്‍ പ്രതിഷേധത്തിനിടയാക്കി. നാല് വര്‍ഷത്തിനിടെ 62 തവണ അറസ്റ്റ് ചെയ്യപ്പെട്ട നീഗ്രോ വംശജനായ സാംപ്‌സനും അമേരിക്കന്‍ പോലീസ് സംവിധാനം എത്രമാത്രം വംശ വെറി സൂക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും മറ്റും സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിക്കുന്ന സാംപ്‌സന്റെ മേല്‍ വ്യാജമായി മോഷണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.
ട്രേവിയോണ്‍ മാര്‍ട്ടിന്റെ കൊലയുമായി ബന്ധപ്പെട്ട് ബരാക് ഒബാമ പറഞ്ഞത് ഈ പ്രക്ഷോഭകാലത്തും പ്രസക്തമാണ്. ‘മുമ്പ് ഞാനും ഒരു ട്രേവിയോണ്‍ മാര്‍ട്ടിനായിരുന്നു. സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് വരെ എനിക്കും വര്‍ണവെറിക്ക് നിരന്തരം ഇരയാകേണ്ടി വന്നിട്ടുണ്ട്. കടകളിലും തെരുവോരങ്ങളിലും ഞാന്‍ വിവേചനം അനുഭവിച്ചു. കറുത്ത വര്‍ഗക്കാര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറുന്ന വെള്ളക്കാരിയായ സ്ത്രീ അതില്‍ നിന്ന് ഇറങ്ങുന്നത് വരെ ശ്വാസം വിടാതെ മൂക്ക് പൊത്തി നില്‍ക്കുന്ന ദുരവസ്ഥ അനുഭവിക്കാത്ത കറുത്തവര്‍ കുറവായിരിക്കും’. ഒബാമക്ക് വ്യക്തിപരമായി അനുഭവമുള്ള ഒരു വിഷയത്തില്‍ പോലും സമൂലമായ മാറ്റം കൊണ്ടുവരാന്‍ പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം വര്‍ണ വെറി അമേരിക്കന്‍ പോളിറ്റിയുടെ അടിസ്ഥാനഭാവമാണെന്ന് തന്നെയാണ്. തലമുറകള്‍ പിന്നിടുമ്പോഴും അത് ശക്തിയാര്‍ജിക്കുകയാണ്. പോലീസ്, നീതിന്യായ വിഭാഗം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമസ്ത മേഖലയിലും പടര്‍ന്ന് പന്തലിച്ചു കൊണ്ടേയിരിക്കുന്ന അവബോധമാണ് കറുത്തവനോടുള്ള അവജ്ഞയും അവഗണനയും. പുതിയ കാലത്ത് അത് ഭയമായി പരിണമിച്ചിട്ടുണ്ട്. ഭരണകൂടം സൃഷ്ടിച്ച സുരക്ഷാ ഭീതിയുടെ ഉപോത്പന്നമാണ് കറുത്ത വര്‍ഗക്കാരെക്കുറിച്ചുള്ള ഭയം. അവര്‍ ഏത് നിമിഷവും അക്രമികളായി മാറാമെന്ന ധാരണ പരക്കുകയാണ്. അവര്‍ ഒരിക്കലും പൊതു സമൂഹത്തോട് ഇഴുകിച്ചേരില്ലെന്ന് പ്രഖ്യാപിച്ച് കൂടുതല്‍ അകറ്റാനാണ് ശ്രമിക്കുന്നത്. ഇസ്‌ലാം പേടിയുടെ അടിസ്ഥാനവും ഒരര്‍ഥത്തില്‍ വംശീയത തന്നെയാണ്.
നിയമവിരുദ്ധ നിരീക്ഷണത്തിന്റെ ഇരകളാണ് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രവര്‍ത്തകര്‍. അവരുടെ ഫോണ്‍ ചോര്‍ത്തുക, സോഷ്യല്‍ മീഡിയ കമന്റുകള്‍ പിന്തുടരുക, പ്രകടനങ്ങള്‍ക്ക് മേല്‍ ഡ്രോണ്‍ പറത്തി നിരീക്ഷിക്കുക തുടങ്ങിയ ഒളിഞ്ഞു നോട്ടങ്ങളാണ് നടക്കുന്നത്. ‘സ്റ്റിംഗ് റേയ്‌സ്’ എന്ന പുതിയ സംവിധാനവും ആവിഷ്‌കരിച്ചിട്ടുണ്ട്. അദൃശ്യ മൊബൈല്‍ ടവര്‍ ഒരുക്കി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന സംവിധാനമാണ് ഇത്. നിയമവിരുദ്ധ നിരീക്ഷണത്തിന്റെ ഇരകളെന്ന നിലയില്‍ മുസ്‌ലിം സംഘടനകളും ആഫ്രോ- അമേരിക്കന്‍ ഗ്രൂപ്പുകളും ഒരുമിച്ചാണ് ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത്.
കാലിഫോര്‍ണിയ ആസ്ഥാനമായ ബ്രേവ് ന്യൂ ഫിലിം കമ്പനി നിര്‍മിച്ച ഡോക്യുമെന്ററി വര്‍ണവിവേചനത്തിന് എട്ട് തെളിവുകള്‍ നിരത്തുന്നു. ജോലിക്കുള്ള അപേക്ഷകള്‍ പരിശോധിക്കുമ്പോള്‍ കറുത്ത വര്‍ഗക്കാരുടെതെന്ന് തോന്നുന്ന പേരുകള്‍ ആണെങ്കില്‍ ജോലിക്ക് വിളിക്കാന്‍ 50 ശതമാനത്തില്‍ കുറഞ്ഞ സാധ്യതയേയുള്ളൂ. കറുത്ത വര്‍ഗക്കാര്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ഏതാണ്ട് 700 ഡോളര്‍ അധികം കൊടുക്കേണ്ടതായിവരുന്നു. കറുത്ത വര്‍ഗക്കാരായ ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലാകുന്നതിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടിയാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് വീടുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള സാഹചര്യം മറ്റുള്ളവരെ അപേക്ഷിച്ച് 17.7 ശതമാനം കുറവാണ്. വെളുത്ത വര്‍ഗക്കാരേക്കാള്‍ പത്ത് മടങ്ങ് അധികം കറുത്ത വര്‍ഗക്കാര്‍ തടവിലാക്കപ്പെടുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് ഹൃദയസംബന്ധമായ ചികിത്സയില്‍ നൂതന സംവിധാനങ്ങള്‍ നല്‍ക്കാന്‍ ആരോഗ്യരംഗം തയ്യാറാകുന്നില്ല. ജനപ്രതിനിധികള്‍ കറുത്തവന്റെ നിവേദനങ്ങള്‍ ഗൗനിക്കില്ല. ഇത്രയും കാര്യങ്ങളാണ് ഡോക്യുമെന്ററി തെളിവ് സഹിതം അവതരിപ്പിക്കുന്നത്.
വര്‍ണവെറി എത്ര ശക്തമായാണ് പുതിയ തലമുറയിലേക്ക് പ്രസരണം ചെയ്യുന്നത് എന്നതിന് വ്യക്തമായ തെളിവായിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ചാള്‍സ്റ്റണ്‍ ചര്‍ച്ച് ആക്രമണം. ഡിലന്‍ റൂഫ് (21) എന്ന വെള്ളക്കാരന്‍ യുവാവ് ചര്‍ച്ചില്‍ പ്രാര്‍ഥന നടത്തുന്നവരിലേക്ക് ഇരച്ച് കയറി ഒന്‍പത് പേരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുമ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്: ‘നിങ്ങള്‍ കറുത്തവര്‍ ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ ഞങ്ങളുടെ രാജ്യം കീഴടക്കുന്നു. നിങ്ങള്‍ നശിക്കണം’. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു മാനസികാവസ്ഥ ഒരു ദിവസം കൊണ്ട് തുടച്ചു നീക്കാനാകില്ലെന്നാണ് അന്ന് ബരാക് ഒബാമ പ്രതികരിച്ചത്.
ശരിയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലും അരങ്ങേറിയ സംഘട്ടനങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു ചാള്‍സ്റ്റണ്‍ പളളി ആക്രമണം. എബ്രഹാം ലിങ്കണ്‍ പ്രസിഡന്റാകുകയും അടിമത്തം അവസാനിപ്പിക്കുന്ന നിയമം കൊണ്ടുവരികയും ചെയ്തപ്പോള്‍ ഡിലന്‍ റൂഫ് മരണം വിതച്ച തെക്കന്‍ ഭാഗത്ത് രൂക്ഷമായ ആഭ്യന്തര യുദ്ധം അരങ്ങേറി. ഈ പ്രവിശ്യകള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് വിട്ട്‌പോകാനൊരുങ്ങി. കറുത്തവര്‍ഗക്കാരന്റെ സാംസ്‌കാരികമായ ഉണര്‍വിനും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രതിരോധത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. പൗര സ്വാതന്ത്ര്യത്തിനുള്ള കറുത്തവന്റെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ നാളുകളായിരുന്നു അത്. അന്ന് വെള്ളക്കാര്‍ അഴിച്ചു വിട്ട പ്രചാരണമായിരുന്നു കറുത്തവര്‍ വെളുത്ത സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്നത്. ഡിലന്‍ റൂഫ് എന്ന ഇളമുറക്കാരനും അത് തന്നെ ആവര്‍ത്തിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ആഫ്രോ-അമേരിക്കന്‍ വംശജരുടെ അവകാശ പോരാട്ടങ്ങളുടെ കേന്ദ്രമായിരുന്ന ചാള്‍സ്റ്റണ്‍ പള്ളി തന്നെ ഡിലന്‍ റൂഫ് കലിപ്പ് തീര്‍ക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു: ആധുനിക പരിഷ്‌കൃത രാഷ്ട്രമാകാന്‍ അമേരിക്ക ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളും ഒന്നും നേടാതെ ഒടുങ്ങിയേക്കാം. പക്ഷേ ഒരു സമരവും പാഴാകുന്നില്ല. അത് വലിയ ഐക്യ ബോധങ്ങള്‍ സൃഷ്ടിച്ചാണ് പിന്‍മടങ്ങുന്നത്. അത്തരമൊരു ഐക്യപ്പെടലാണ് മുസ്‌ലിംകള്‍ക്കും ആഫ്രോ-അമേരിക്കന്‍ വംശജര്‍ക്കുമിടയില്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here