മാര്‍ഗം ജനാധിപത്യം, ലക്ഷ്യം നാസിസം

Posted on: September 25, 2016 6:00 am | Last updated: September 24, 2016 at 11:19 pm
SHARE

ലോകത്തെ ഏറ്റവും ഉത്കൃഷ്ടമായ ഭരണ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്നത് ജനാധിപത്യ വ്യവസ്ഥിതിയെയാണ്. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജനാഭിലാഷമാണ് പുലരുന്നതെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിശേഷണം. സ്വേച്ഛാധിപത്യത്തെയും ഫ്യൂഡല്‍ വാഴ്ചയെയും കുടംബവാഴ്ചയെയും ഫാസിസത്തെയും മതാന്ധതയെയും വര്‍ണവെറിയെയുമെല്ലാം ചെറുത്ത് തോല്‍പ്പിക്കാനും എല്ലാ തരം അതിക്രമങ്ങളെയും ഭരണവ്യവസ്ഥയില്‍ നിന്ന് അകറ്റി നിര്‍ത്താനും തിരഞ്ഞെടുപ്പ് പ്രക്രിയ പൗരന്‍മാര്‍ക്ക് അവസരമൊരുക്കുന്നുവെന്ന് പ്രാതിനിധ്യ ജനാധിപത്യത്തിന് അപദാനം ചൊരിയുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ലോകത്താകെ ഈയടുത്ത കാലത്തായി നടന്ന തിരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് ജനാധിപത്യത്തിന്റെ പ്രതിസന്ധിയും ദൗര്‍ബല്യവുമാണ്.
ഭൂരിപക്ഷത്തിന്റെ തീര്‍പ്പ് എല്ലായ്‌പ്പോഴും ജനപക്ഷത്തായിരിക്കില്ലെന്ന സന്ദേശമാണ് തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്‍കുന്നത്. ജനാധിപത്യവിരുദ്ധമായ നയനിലപാടുകള്‍ ജനാധിപത്യത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് തന്നെ ശക്തിയാര്‍ജിക്കുകയാണ്. തികച്ചും മനുഷ്യത്വവിരുദ്ധമായ നയങ്ങള്‍ പച്ചയായി വിളിച്ചു പറയുന്നവര്‍ വോട്ടെടുപ്പുകളില്‍ വിജയിച്ചു വരുന്നുവെങ്കില്‍ അതിനര്‍ഥമെന്താണ്? ജനാധിപത്യം അക്കങ്ങളുടെ കളിയാകുകയും ഉന്‍മാദികള്‍ ഈ കളിയില്‍ ജയിക്കുകയും ചെയ്യുമ്പോള്‍ ഇരകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നിസ്വര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി നില കൊള്ളുന്നവര്‍ എങ്ങനെ അതിജീവിക്കും?
മാനവ ചരിത്രത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രീയ സിദ്ധാന്തങ്ങളിലൊന്നാണല്ലോ നാസിസം. അതിന്റെ ഈറ്റില്ലമായ ജര്‍മനിയില്‍ തന്നെയാണ് ഈ പ്രതിഭാസം ശക്തിയാര്‍ജിക്കുന്നത് എന്നത് ചരിത്രത്തിന്റെ അപകടകരമായ ആവര്‍ത്തനമായിരിക്കാം. അവിടെ അഭയാര്‍ഥി പ്രശ്‌നത്തിലടക്കം മാനുഷിക നിലപാട് സ്വീകരിച്ച ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിന്റെ പാര്‍ട്ടി തുടര്‍ച്ചയായി തിരിച്ചടി നേരിടുകയാണ്. ഏറ്റവുമൊടുവില്‍ ബര്‍ലിന്‍ സ്റ്റേറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അവരുടെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തള്ളി തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടി ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ എഫ് ഡി)യാണ് വിജയം വരിച്ചത്. നാസികളുമായി ഏറെ സാമ്യം പുലര്‍ത്തുന്ന ആശയഗതിയുള്ള പാര്‍ട്ടിയാണ് ഇത്. ബര്‍ലിനില്‍ മാത്രമല്ല കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ഈ പാര്‍ട്ടി നിര്‍ണായക വിജയം നേടിയിരുന്നു. മെര്‍കലിന് അടുത്ത ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സാധ്യത തന്നെ മങ്ങുകയാണ്. അവര്‍ക്ക് സഖ്യ കക്ഷികളെ നഷ്ടമാകാനും സാധ്യതയുണ്ട്. തികച്ചും മനുഷ്യത്വവിരുദ്ധമായ ആശയഗതി പുലര്‍ത്തുന്ന സംഘങ്ങള്‍ ജനാധിപത്യവ്യവസ്ഥയിലൂടെ തന്നെ അധികാരകേന്ദ്രങ്ങളിലെത്തുന്നുവെന്ന് ചുരുക്കം.
യുദ്ധഗ്രസ്തമായ ഭൂവിഭാഗങ്ങളില്‍ നിന്ന് ആലംബഹീനരായി കടലിലേക്കിറങ്ങിയ അഭയാര്‍ഥികളെ സ്വീകരിക്കേണ്ടത് യൂറോപ്പിന്റെ കടമയാണെന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ച നേതാവാണ് മെര്‍ക്കല്‍. ഇന്ന് ഈ ദീനാനുകമ്പയാണ് അവരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്നോര്‍ക്കുമ്പോഴാണ് വോട്ടെടുപ്പ് ജനാധിപത്യം എത്ര ജനാധിപത്യവിരുദ്ധമാണെന്ന് മനസ്സിലാകുക. നാല്‍പ്പത്കാരിയായ ഫ്രോക്ക് പെട്രിയായിരുന്നു എ എഫ് ഡിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍. അവരുടെ പ്രസംഗങ്ങളില്‍ സ്ഥിരമായി കടന്നു വരുന്ന നിലപാട് ഇങ്ങനെ സംഗ്രഹിക്കാം: ‘മുസ്‌ലിംകളെ ഒന്നടങ്കം ആട്ടി പുറത്താക്കണം. ആള്‍ക്ഷാമം പരിഹരിക്കാന്‍ എല്ലാ ജര്‍മന്‍ സ്ത്രീകളും മൂന്ന് പ്രസവിക്കണമെന്ന് നിയമം കൊണ്ടുവരണം. ഹിറ്റ്‌ലറെയും ഹോളോകോസ്റ്റിനെയും തള്ളിപ്പറയുന്ന മുഴുവന്‍ പാഠ്യപദ്ധതിയും റദ്ദാക്കണം. ഔദ്യോഗിക ചരിത്രവായനയില്‍ സമൂല പരിവര്‍ത്തനം വേണം. പ്രതിരോധച്ചെലവ് ഇരട്ടിയാക്കണം. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഉടന്‍ പുറത്ത് കടക്കണം’. എത്ര ഭീകരമായ നിലപാടുകള്‍!
ഇന്ത്യയിലെ സംഘ്പരിവാറും ഇത് തന്നെയല്ലേ പറയുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ഇതേ വിദ്വേഷ രാഷ്ട്രീയം പറഞ്ഞ് സ്ഥാനാര്‍ഥിയായിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വിദ്വേഷ രാഷ്ട്രീയക്കാര്‍ വിജയം കൊയ്തുകൊണ്ടിരിക്കുകയാണ്. പോളണ്ടില്‍ ഭരണം കൈയാളുന്നത് ദി ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയെന്ന തീവ്രവലതുപക്ഷ സംഘമാണ്. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഫിഡസ് പാര്‍ട്ടി, നോര്‍വേയില്‍ ദി പോര്‍ച്ചുഗീസ് പാര്‍ട്ടി, ഫിന്‍ലാന്‍ഡില്‍ ദി ഫിന്‍സ് പാര്‍ട്ടി, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ദി സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടി, സ്വീഡനില്‍ ദി സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ബ്രിട്ടനില്‍ ദി യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, നെതര്‍ലാന്‍ഡ്‌സില്‍ പാര്‍ട്ടി ഫോര്‍ ഫ്രീഡം, ഡെന്‍മാര്‍ക്കില്‍ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി, ബെല്‍ജിയത്തില്‍ ഫല്‍മിഷ് ഇന്ററസ്റ്റ് പാര്‍ട്ടി, ആസ്ട്രിയയില്‍ ഫ്രീഡം പാര്‍ട്ടി ഓഫ് ആസ്ത്രിയ, ഇറ്റലിയില്‍ ദി നോര്‍തേണ്‍ ലീഗ്. ഇവയെല്ലാം കടുത്ത മുസ്‌ലിം വിരുദ്ധരാണ്. കുടിയേറ്റ വിരുദ്ധരാണ്. ഫാസിസ്റ്റുകളാണ്. വോട്ടുടുപ്പുകളില്‍ ഇവര്‍ വിജയിച്ച് വരുമ്പോള്‍ ജനാധിപത്യത്തില്‍ എങ്ങനെ പ്രതീക്ഷയര്‍പ്പിക്കും?

LEAVE A REPLY

Please enter your comment!
Please enter your name here