Connect with us

Kerala

ചരിത്രക്കുതിപ്പായി മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം

Published

|

Last Updated

കൊച്ചി: മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ മെട്രോ ട്രെയിന്‍ കുതിച്ചപ്പോള്‍ അത് രാജ്യത്തെ മെട്രോ റെയിലുകളുടെ ചരിത്രത്തിലേക്കുള്ള കുതിപ്പായി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ദൈര്‍ഘ്യമേറിയ മെട്രോ റെയി ല്‍ പദ്ധതിയെന്ന ഖ്യാതിയാണ് ഇതോടെ കൊച്ചിക്ക് സ്വന്തമായത്. നിര്‍മാണം ആരംഭിച്ച് 1205 ദിവസങ്ങള്‍ക്കുള്ളില്‍ 13 കിലോമീറ്റര്‍ പാതയില്‍ പരീക്ഷണ ഓട്ടം നടത്തിയാണ് ഡി എം ആര്‍ സി ചരിത്രം കുറിച്ചത്.
പാലാരിവട്ടം വരെ പരീക്ഷണ ഓട്ടം നടത്തി. വൈകിട്ട് 3.45 ഓടെയാണ് ആലുവ മുട്ടം യാഡില്‍ നിന്ന് പരീക്ഷണ ഓട്ടം ആരംഭിച്ചത്. പത്ത് കിലോമീറ്റര്‍ വേഗത്തിലാണ് ഓട്ടം തുടങ്ങിയത്. ക്രമേണ വര്‍ധിപ്പിച്ച് 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ കുതിച്ചപ്പോള്‍ നഗരം ആവേശപൂര്‍വം സ്വപ്‌നവാഹനത്തെ വരവേറ്റു. സാങ്കേതിക വിദഗ്ധര്‍ മാത്രമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. മുട്ടത്തു നിന്ന് എറണാകുളത്തേക്കുന്ന മെട്രോ പാതയുടെ ഇടതുവശത്തെ ട്രാക്കിലാണ് (അപ്‌ലൈന്‍) ശനിയാഴ്ച ട്രെയിന്‍ ഓടിയത്. മറുവശത്തെ പാതയില്‍ (ഡൗണ്‍ലൈന്‍) തുടര്‍ന്നുള്ള ദിവസം പരീക്ഷണ ഓട്ടം നടത്തും. ട്രെയിന്‍ ഡൗണ്‍ലൈനിലേക്ക് മാറ്റുന്നത് സമയ നഷ്ടത്തിന് ഇടയാക്കുമെന്നതിനാലാണ് ശനിയാഴ്ച ഓടിക്കാതിരുന്നതെന്ന് ഡി എം ആര്‍ സി അധികൃതര്‍ പറഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച്, ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ ഡി എസ് ഒ) അധികൃതരുടെ മേല്‍നോട്ടത്തില്‍ പരീക്ഷണ ഓട്ടം നടത്തും. 900 പേരെ ഉള്‍ക്കൊള്ളാവുന്ന കൊച്ചി മെട്രോയുടെ ബോഗികളില്‍ യാത്രക്കാരുടെ തൂക്കത്തിന് സമാനമായി മണല്‍ ചാക്കുകള്‍ നിറച്ചും പരീക്ഷണ ഓട്ടമുണ്ടാകും. ഒക്‌ടോബര്‍ വരെ പരീക്ഷണ ഓട്ടം തുടരും. ഡിസംബറില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോ റെയിലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നാണ് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ വ്യക്തമാക്കിയിട്ടുള്ളത്.
2017 മാര്‍ച്ചിനകം ജോലികള്‍ തീര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് ഡി എം ആര്‍ സി മുന്നോട്ടുപോകുന്നത്. മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സ്റ്റേഷന്‍ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ ഡി എം ആര്‍ സി കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെട്രോ സ്റ്റേഷനിലെ ഒരു വശത്ത് ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നിവ സ്ഥാപിച്ചുകഴിഞ്ഞു. സ്റ്റേഷനകത്ത് ടൈല്‍ ഒട്ടിക്കുന്ന ജോലികളും പൂര്‍ത്തിയായി. മുട്ടം യാര്‍ഡില്‍ ട്രെയിനുകളെ നിയന്ത്രിക്കുന്ന ഓപറേഷന്‍ കണ്‍ട്രോള്‍ സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. നവംബറോടെ ഇത് പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.
ഫെബ്രുവരി 27ന് മുട്ടം മുതല്‍ കളമശേരി വരെയാണ് മെട്രോ ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം നടന്നത്. മാര്‍ച്ചില്‍ ഇത് ഇടപ്പള്ളി വരെയുള്ള ആറര കിലോമീറ്റര്‍ ഭാഗത്തേക്ക് നീട്ടി. ആറ് മാസം തുടര്‍ച്ചയായി പരീക്ഷണ ഓട്ടം നടത്തിയാലേ കമ്മീഷന്‍ നടത്താനുള്ള റെയില്‍വേ കമ്മീഷന്റെ അനുമതി ലഭിക്കൂ. പണികള്‍ തീര്‍ന്ന ശേഷം പരീക്ഷണ ഓട്ടം നടത്തിയാല്‍ നിശ്ചയിച്ച തീയതിക്ക് കമ്മീ ഷന്‍ ചെയ്യാനാകാതെ വരുമെന്നതിനാലാണ് നേരത്തെ തന്നെ പരീക്ഷണ ഓട്ടം നടത്തുന്നത്.