Connect with us

Gulf

സന്ദര്‍ശകര്‍; നഗരങ്ങളില്‍ ആഗോളതലത്തില്‍ ദുബൈക്ക് നാലാം സ്ഥാനം

Published

|

Last Updated

ദുബൈ: ആഗോള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ ദുബൈയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2016ല്‍ ഇതുവരെ 1.527 കോടിയാളുകളാണ് ദുബൈ സന്ദര്‍ശിച്ചത്. അന്താരാഷ്ട്രതലത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ 20 സ്ഥലങ്ങളില്‍ നാലാം സ്ഥാനത്താണ് ദുബൈ. മാസ്റ്റര്‍ കാര്‍ഡ് പുറത്തുവിട്ട ആഗോള സന്ദര്‍ശന സൂചികയിലാണ് ദുബൈ മികച്ച സ്ഥാനം നേടിയത്. ഇതുവഴി ദുബൈയുടെ സമ്പദ് മേഖലക്കും വലിയ ഉയര്‍ച്ചയാണുണ്ടായത്. 3,130 കോടി ഡോളറാണ് ഈ വര്‍ഷമെത്തിയ സന്ദര്‍ശകര്‍ ദുബൈയില്‍ ചെലവഴിച്ചത്. 2,820 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം ദുബൈയിലെത്തിയ സന്ദര്‍ശകര്‍ ചെലവഴിച്ചത്. അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം ഏറ്റവും കൂടുതല്‍ വര്‍ധിച്ചു വരുന്ന ലോകത്തെ മൂന്നാമത്തെ സ്ഥലം അബുദാബിയാണ്.
സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ ബാങ്കോക്, ലണ്ടന്‍, പാരിസ് എന്നിവയാണ് ദുബൈക്ക് മുന്നിലുള്ള മൂന്ന് സ്ഥലങ്ങള്‍. 2.147 കോടി ജനങ്ങളാണ് ഈ വര്‍ഷം ബാങ്കോക്കിലെത്തിയത്. 1,484 കോടി ഡോളറാണ് ബാങ്കോക്കില്‍ ചെലവഴിക്കപ്പെട്ടത്. ലണ്ടനില്‍ 1.998 സന്ദര്‍ശകരെത്തി. 1,976 കോടി ഡോളര്‍ ചെലവഴിച്ചു. പാരീസില്‍ 1.803 കോടി ജനങ്ങളും എത്തി.
അതേസമയം അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ ദുബൈക്ക് നാലാം സ്ഥാനമുള്ളുവെങ്കിലും സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചതില്‍ ഒന്നാം സ്ഥാനത്ത് ദുബൈയാണ്.
ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ഇസ്താംബൂള്‍, ടോക്കിയോ, സിയോള്‍, ഹോങ്കോംഗ്, ബാര്‍സലോണ, ആംസ്റ്റര്‍ഡാം, മിലാന്‍, തായ്‌പേയ്, റോം, ഒസാക്ക, വിയന്ന, ഷാംഗ്ഹായ് എന്നിവയാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ദുബൈക്ക് ശേഷമുള്ള നഗരങ്ങള്‍.