മുംബൈയുടെ ഗോളുകള്‍ക്ക് ഇനി സ്വര്‍ണനിറം

Posted on: September 24, 2016 11:50 am | Last updated: September 24, 2016 at 12:52 pm
SHARE

71dadf76012d48874a5289ee6ccbda9dസ്വര്‍ണത്തലമുടിയുള്ള സ്‌ട്രൈക്കര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകര്‍ ഉറുഗ്വെയുടെ ഡിയഗോ ഫോര്‍ലാനെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ഡി സര്‍ക്കിളിന് പുറത്ത് വെച്ച് ഒരു നെടുനീളന്‍ ലോംഗ് റേഞ്ചറിലൂടെയോ ബോക്‌സിനുള്ളില്‍ ഒളിച്ചു നിന്ന് ആ സ്വര്‍ണത്തലമുടിയിളക്കി വായുവില്‍ ഉയര്‍ന്ന് ചാടി ഒരു ഹെഡറിലൂടെയോ ഫോര്‍ലാന്‍ എതിരാളികള്‍ തീര്‍ത്ത പ്രതിരോധദുര്‍ഗം തകര്‍ത്തു കളയും. 2010 ല്‍ ഫിഫ ലോകകപ്പ് ആദ്യമായി ആഫ്രിക്കന്‍ മണ്ണിലെത്തിയപ്പോള്‍ ഡിയഗോ ഫോര്‍ലാന്‍ നക്ഷത്രതാരമായി മാറിയത് ഈ ഗുണങ്ങള്‍ കോര്‍ത്തിണക്കിയാണ്. അഞ്ച് ഗോളുകള്‍ നേടി ടോപ് സ്‌കോററായ ഫോര്‍ലാന്‍ ഉറുഗ്വെയെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനമായി. അതുകൊണ്ടായിരുന്നു, 2010 ലോകകപ്പില്‍ ഫിഫയുടെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ഫോര്‍ലാനെ തേടിയെത്തിയത്.
മാഞ്ചസ്റ്ററിന് പുറമെ സ്‌പെയ്‌നില്‍ വിയ്യാറയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇറ്റലിയില്‍ ഇന്റര്‍മിലാന്‍ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുള്ള ഫോര്‍ലാന്റെ പ്രതിഭ പൂര്‍ണമായ അര്‍ഥത്തിലല്ലെങ്കിലും കുറച്ചെങ്കിലും അനുഭവിച്ചറിയാന്‍ ഇന്ത്യന്‍ ഫുട്‌ബോളും ഒരുങ്ങുകയാണ്. ഐ എസ് എല്ലില്‍ മുംബൈ സിറ്റി എഫ് സിയുടെ മാര്‍ക്വു താരം ഫോര്‍ലാനാണ്.
ഇന്ത്യന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയും ഡിയഗോ ഫോര്‍ലാനും ചേരുന്ന മുന്നേറ്റ നിര മുംബൈ സിറ്റിയെ ചാമ്പ്യന്‍മാരാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് സോണി നോര്‍ദെ പറയുന്നു. ഐ എസ് എല്ലില്‍ കഴിഞ്ഞ സീസണുകളില്‍ മുംബൈയുടെ സൂപ്പര്‍ സ്റ്റാറായിരുന്ന ഹെയ്തി സ്‌ട്രൈക്കര്‍ സോണി നോര്‍ദെ വലിയ ആവേശത്തിലാണ്. ബൊക്ക ജൂനിയേഴ്‌സില്‍ യുവാന്‍ റോമന്‍ റിക്വല്‍മിക്കൊപ്പം കുറച്ച് കാലം ഡ്രസിംഗ് റൂം പങ്കിടാനും പരിശീലന സെഷനുകളില്‍ ഒരുമിക്കാനും സാധിച്ചിരുന്നു നോര്‍ദെക്ക്. സമാനമായ സാഹചര്യമാണ് മുംബൈ സിറ്റിയില്‍ ഡിയഗോ ഫോര്‍ലാന്‍ എത്തിയപ്പോള്‍ നോര്‍ദെ അനുഭവിക്കുന്നത്. തികഞ്ഞ പ്രൊഫഷണലുകള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണ്. റിക്വെല്‍മിയും ഫോര്‍ലാനും തനിക്ക് വലിയ പാഠമാണ്.
ബൊക്കയിലായിരിക്കുമ്പോള്‍ പരിശീലനം കഴിഞ്ഞാലും റിക്വെല്‍മി ചില ടെക്‌നിക്കുകള്‍ പരിശീലിക്കുന്നത് കാണുമായിരുന്നു. മുംബൈ സിറ്റി ടീം പരിശീലനം പൂര്‍ത്തിയാക്കിയാലും ഫോര്‍ലാന്‍ കളം വിടില്ല. റിക്വെല്‍മിയെ പോലെ തന്റെതായ ചില ടെക്‌നിക്കുകള്‍ പരിശീലിക്കും. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നോര്‍ദെക്ക് ഫോര്‍ലാന്‍ നല്‍കിയ മറുപടി ഇപ്രകാരം.
ഒരു മത്സരത്തില്‍ വേറിട്ടതെന്തെങ്കിലും ചെയ്യുവാന്‍ നമുക്ക് സാധിക്കണം. ഓരോ കളിക്കാരനും ചില പ്രത്യേക കഴിവുകളുണ്ടാകും. ഞാന്‍ എന്നിലുള്ള ആ കഴിവ് പരിപോഷിക്കാന്‍ വേണ്ടി കൂടുതല്‍ സമയം കണ്ടെത്തുകയാണ്. അപ്പോഴേ ചാമ്പ്യന്‍ ഫുട്‌ബോളറാകുവാന്‍ സാധിക്കൂ.
യൂറോപ്യന്‍ ഫുട്‌ബോളിലും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലും ഏറെ അനുഭവസമ്പത്തുള്ള ഫോര്‍ലാന്‍ മുംബൈ സിറ്റിയിലെ ഓരോ കളിക്കാരനിലും പുത്തനുണര്‍വ് പകര്‍ന്ന് കഴിഞ്ഞു.
ആദ്യ രണ്ട് സീസണുകളിലും മുംബൈക്ക് സംഭവിച്ചത് പ്രചോദനമേകാന്‍ ഒരാളില്ലാതെ പോയതാണ്. ഇപ്പോഴിതാ സ്വര്‍ണത്തലമുടിയുള്ള സ്‌ട്രൈക്കര്‍ എത്തിയിരിക്കുന്നു. ഇനിയൊരു കൈ നോക്കാം !

LEAVE A REPLY

Please enter your comment!
Please enter your name here