ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ 12 കോടിയുടെ പദ്ധതി

Posted on: September 24, 2016 11:16 am | Last updated: September 24, 2016 at 11:16 am
SHARE

sreekrishnapuram-block-panchayathചെര്‍പ്പുളശേരി: ശ്രീകൃഷ്ണപുരം ബ്ലോക്ക്പഞ്ചായത്തിന്റെ 12.5 കോടി രൂപയുടെ വാര്‍ഷികപദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. അയല്‍ക്കൂട്ടംവഴിയുള്ള കോഴിവളര്‍ത്തല്‍ പദ്ധതിക്ക് 39 ലക്ഷംരൂപ നീക്കിവെച്ചിട്ടുണ്ട്.
കാരാകുറുശ്ശിയില്‍ നെയ്ത്തുതൊഴില്‍കേന്ദ്രം ആരംഭിക്കുന്നതിന് 32 ലക്ഷം വകയിരുത്തി. പച്ചക്കറിക്കര്‍ഷക ഗ്രൂപ്പുകള്‍ക്ക് യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ ആറുലക്ഷം രൂപ നീക്കിവെച്ചു. വെള്ളിനേഴി ഗ്രാമപ്പഞ്ചായത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും കേരള സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തില്‍ വാതകശ്മശാനം ഒരുക്കും.
പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ പ്ലാസ്റ്റിക നിര്‍മാര്‍ജനം ലക്ഷ്യമിട്ട് 20ലക്ഷം രൂപ ചെലവില്‍ പ്ലാസ്റ്റിക് ഷെഡ്ഡിങ് യൂണിറ്റ് തുടങ്ങും.
കടമ്പഴിപ്പുറം, തിരുവാഴിയോട് എന്നീ ജംഗ്ഷനുകളില്‍ പൊതുശൗചാലയം തുടങ്ങുന്നതിന് 22 ലക്ഷംരൂപ നീക്കിവെച്ചിട്ടുണ്ട്. കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ലാബ് വിപുലീകരണം, ഫിസിയോതെറാപ്പി യൂണിറ്റ് തുടങ്ങല്‍, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക.. 18.5 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്.
ശ്രീകൃഷ്ണപുരത്ത് തുടങ്ങുന്ന ഗ്രാമ ന്യായാലയത്തിന് അഞ്ചുലക്ഷംരൂപ നീക്കിവെച്ചു. ശ്രീകൃഷ്ണപുരത്ത് വയോധികര്‍ക്ക് താമസകേന്ദ്രം, കടമ്പഴിപ്പുറത്ത് അന്ധരുടെ തൊഴില്‍കേന്ദ്രത്തിന് സൗകര്യങ്ങളൊരുക്കല്‍ എന്നിവയ്ക്കും തുക നീക്കിവെച്ചിട്ടുണ്ട്.