നാലര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Posted on: September 24, 2016 10:39 am | Last updated: September 24, 2016 at 10:39 am
SHARE

മഞ്ചേരി: നാലര കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ മഞ്ചേരി പോലീസ് പിടികൂടി. തിരൂര്‍ തലക്കടത്തൂര്‍ നെല്ലേരി മുഹമ്മദ് നാദിര്‍ഷ (21), തമിഴ്‌നാട് കോയമ്പത്തൂര്‍ ഉക്കടം ജി എം നഗര്‍ അയ്യൂബ് (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച പയ്യനാട് സ്റ്റേഡിയത്തിന് സമീപത്തുവെച്ച് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഏഴ് വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്ന മുഖ്യ കണ്ണികളായ നാദിര്‍ഷയെയും അയ്യൂബിനെയും സംബന്ധിച്ച് വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ 22ന് മഞ്ചേരി കോ ഓപ്പറേറ്റീവ് കോളജ് പരിസരത്തുവെച്ചാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. ജില്ലയിലെ തിരൂര്‍, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നത് ഇവരാണ്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ജില്ലയിലെ പല പ്രമുഖ കഞ്ചാവ് വില്‍പ്പനക്കാരെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വില്‍പ്പന നടത്തിയതിന് കൊയമ്പത്തൂര്‍ പോലീസ് പിടിയിലായ അയ്യൂബ് രണ്ടുതവണ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ ബന്ധു വഴിയാണ് നാദിര്‍ഷ കഞ്ചാവ് മാഫിയയുമായി ബന്ധം സ്ഥാപിക്കുന്നത്.
കെ എസ് ആര്‍ ടി സി ബസുകള്‍ വഴി കേരളത്തിലേക്ക് കൊണ്ടുവരുന്ന കഞ്ചാവ് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ വിറ്റഴിക്കുന്നതായി ഇവര്‍ സമ്മതിച്ചു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി സി ഐ. കെ എം ബിജുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എസ് ഐ. എസ് ബി കൈലാസ്‌നാഥ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, ടി ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സലീം, സജയന്‍, സുബിന്‍, സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.